ന്നത്തെ ലേഖന ഭാഗത്ത് 1 കോറി 12:11 ശ്രദ്ധിക്കണം. ''ഓരോരുത്തർത്തും തന്റെ ഇഷ്ടമനുസരിച്ച് പ്രത്യേക ദാനങ്ങൾ നൽകുന്ന അതേ ആത്മാവ് ഇവയെല്ലാം പ്രവർത്തിക്കുന്നു.' ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ദാനങ്ങളാണ് ദൈവാത്മാവ് നൽകുന്നത്. അതായത് ഒരുവന് കൊടുക്കുന്ന ദാനമല്ല, മറ്റൊരുവന് കൊടുക്കുന്നത് എന്നർത്ഥം. അത്രക്ക് തനതായ, താരതമ്യത്തിന് സാധ്യതയില്ലാത്ത ദാനം ദൈവാത്മാവ് ഓരോ വ്യക്തിക്കും നൽകുന്നു.

ഇതേ കാര്യം തന്നെയാണ് ഫ്രാൻസിസ് പാപ്പായുടെ പുതിയ അപ്പോസ്തോലിക പ്രബോധനമായ 'ആനന്ദിച്ച് ആഹ്ലാദിക്കുവിൻ' പങ്കു വയ്ക്കുന്നത്. 2018 മാർച്ച് 19 നാണ് പാപ്പ ഈ പ്രബോധനം പുറത്തിറക്കിയത്. വിശുദ്ധിയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രബോധനമാണിത്.

മത്തായി 5:12 ൽ നിന്നാണ് 'ആനന്ദിച്ച് ആഹ്ലാദിക്കുവിൻ' എന്ന ശീർഷകം പാപ്പാ സ്വീകരിക്കുന്നത്. 50 വർഷങ്ങൾക്ക് മുൻപ് നടന്ന വത്തിക്കാൻ കൗൺസിലിന്റെ ലൂമെൻ ജൻസിയും (LG) എന്ന പ്രമാണരേഖയുടെ 11ാം മത്തെ നമ്പരിലെ ആഹ്വാനത്തെയാണ് പാപ്പാ തന്റെ പ്രബോധനത്തിന് ആധാരമായി സ്വീകരിക്കുന്നത്.

അത് ഇപ്രകാരമാണ് - ''എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു-ഓരോരുത്തരും അവരവരുടേതായ രീതിയിൽ'' (LG 11). തുടർന്ന് പാപ്പാ അടിവരയിടുന്നത് അതിന്റ രണ്ടാം ഭാഗമാണ് - ''ഓരോരുത്തരും അവരവരുടേതായ രീതിയിൽ.''

പൗലോസ് ശ്ലീഹാ പറയുന്നത് ഇതു തന്നെയാണ് - ''ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ദാനങ്ങൾ നൽകുന്ന് ആത്മാവ്.'' ഇന്ന് പെന്തക്കൂസ്താതിരുന്നാളാണ്. ഈശോമിശിഹായിൽ സജീവമായിരുന്നു ദൈവാത്മാവാവ് ശിഷ്യഗണത്തിന്റെ മേൽ വന്ന ദിവസം. ക്രിസ്തുവിന്റെ ആത്മാവ് ശിഷ്യരിലും സജീവമാകുന്നു എന്നർത്ഥം.

ദൈവാത്മാവ് ഓരോരുത്തർക്കും തനതായ ദാനങ്ങൾ നൽകുന്നു. ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ 11ാം മത്തെ നമ്പരിൽ ഫ്രാൻസിസ് പാപ്പാ എഴുതുന്നു: ''ദൈവം നിന്നിൽ നിക്ഷേപിച്ചിരിക്കുന്ന വ്യക്തിപരമായ സവിശേഷ നമ്മ അഥവാ കൃപ എന്താണ്?' അതിനെ തിരിച്ചറിയുക. ദൈവം നിന്നിൽ ഒളിപ്പിച്ചിരിക്കുന്ന തനതായ കൃപ കണ്ടെത്തുക. നിന്നിലെ മികവിനെ തിരിച്ചറിയുക. നിന്റെ തന്നെ ഏറ്റവും വലിയ മികവെന്ന് പറയാവുന്ന രത്നം നീ തിരിച്ചറിയുക. അതിനെ വളർത്തി അതിന്റെ പൂർണ്ണതയിലേക്കെത്തിക്കുക. അപ്പോഴാണ് നീ വിശുദ്ധയാകുന്നത് അഥവാ വിശുദ്ധനാകുന്നത്. ഇതാണ് വിശുദ്ധിയുടെ വഴിയായി പാപ്പാ ചൂണ്ടിക്കാട്ടുന്നത്.

ഇന്നത്തെ ലോകത്തിൽ ഏതൊരു ചെറുപ്പക്കാരനും സ്വീകാര്യമായ വിശുദ്ധിയുടെ സങ്കൽപ്പമല്ലേ ഇത്? ഇതു തന്നെയല്ലേ പൗലോസ് ശ്ലീഹ പറയുന്നതും - ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ദാനങ്ങൾ ആത്മാവ് നൽകുന്നു. ദൈവാത്മാവ് എനിക്കു മാത്രമായി നൽകിയിരിക്കുന്ന ദൈവിക ദാനം തിരിച്ചറിയുകയും അതിനെ അതിന്റെ പരമാവധിയിലേക്ക് വളർത്തിയെടുക്കുകയും ചെയ്യുകയെന്നതാണ് എന്റെ ധർമ്മം. ഇതാണ് പെന്തക്കൂസ്താ തിരുന്നാൾ നമ്മെ ഓരോരുത്തരെയും ഓർമ്മപ്പെടുത്തുന്നത്.

ഫ്രാൻസിസ് പാപ്പാ പറയുന്ന കൗതുകരമായ ഒരു കാര്യമുണ്ട്. ഓരോരുത്തർക്കും തനതായ കൃപയാണ് തമ്പുരാൻ തന്നിരിക്കുന്നത്. അതിനാൽ ആരും മറ്റൊരാളെ കോപ്പിയടിക്കരുത്. പാപ്പാ പറയുന്നത് ആരും ഒരു വിശുദ്ധനെയും കോപ്പിയടിക്കരുത് എന്നാണ്. വിശുദ്ധർ നിങ്ങളെ പ്രചോദിപ്പിക്കാം പ്രേരിപ്പിക്കാം. എന്നാൽ നിങ്ങൾ അവരെ കോപ്പിയടിക്കരുത്. കാരണം ദൈവം നിന്നിൽ നിക്ഷേപിച്ചിരിക്കുന്ന കൃപ മറ്റൊരാൾക്കും കൊടുത്തിട്ടില്ല.

ഇതിനെ ലളിതമായിട്ടിങ്ങനെ പറയാം. നമ്മൾ ആരെയും കോപ്പിയടിക്കരുത്. കാരണം, ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ ചോദ്യപേപ്പറാണ് ദൈവം കൊടുത്തിരിക്കുന്നത്. ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന ചോദ്യങ്ങൾ വ്യത്യസ്തങ്ങളാണ്. അതിനാൽ ഞാൻ മറ്റൊരാളുടെ ഉത്തരം നോക്കിയെഴുതിയാൽ ഈ ജീവിതമാകുന്ന പരീക്ഷയിൽ ഞാൻ തോറ്റു പോകും. കാരണം, എനിക്കു കിട്ടിയ ചോദ്യത്തിനല്ല ഞാൻ അപ്പോൾ ഉത്തരം എഴുതുന്നത്.

അതായത് തമ്പുരാൻ എന്നിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സാധ്യത തിരിച്ചറിയുക. ദൈവാത്മാവ് എനിക്കു നൽകിയിരിക്കുന്ന ദാനം- അത് വ്യത്യസ്തമാണ്, തനതാണ്. അതിനെ തിരിച്ചറിഞ്ഞ് വളർത്തിയെടുക്കുന്നിടത്താണ് ഞാൻ ദൈവിക പ്രവർത്തനത്തോട് സഹകരിക്കുന്നതും വിശുദ്ധിയുടെ പാതയിലാകുന്നതും.

ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ 32ാം മത്തെ നമ്പരിൽ പാപ്പാ ഇത് വിശദീകരിക്കുന്നുണ്ട്. നിന്നെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന് നിന്നെക്കുറിച്ച് ഒരു സ്വപ്നമുണ്ടായിരുന്നു. ആ ദൈവികസ്വപ്നം മനസ്സിലാക്കുകയും അതിന്റെ പൂർണ്ണതയിലേക്ക് നടന്നു കയറുന്നതുമാണ് വിശുദ്ധി. അതായത് നിന്റെ ജീവിതനിയോഗം തിരിച്ചറിഞ്ഞ് അതിനെ പിന്തുടരുന്നതിലൂടെയാണ് നീ വിശുദ്ധനായി അഥവാ വിശുദ്ധയായി തീരുന്നത്.

പാപ്പാ ഇതിനോട് ഒരു വിശേഷണം ചേർക്കുന്നുണ്ട്. ഒരുവൻ അവന്റെ നിയോഗം തിരിച്ചറിഞ്ഞ് അനുദിന ജീവിതത്തിൽ അതിനോട് സ്നേഹം ചേർക്കുമ്പോഴാണ് അവൻ വിശുദ്ധനാകുന്നത്. ഇത് വിശദീകരിക്കാനായി അനുദിന ജീവിതത്തിൽ നിന്നും പാപ്പാ യുവതിയായ ഒരു അമ്മയുടെ ഉദാഹരണം ചൂണ്ടിക്കാട്ടുന്നു (ഓഡിയോ കേൾക്കുക).

ഇത് തന്നെയാണ് കോറിന്തോസർക്കുള്ള ലേഖനത്തിൽ പൗലോസ് ശ്ലീഹാ വിപുലീകരികകുന്നതും. വ്യത്യസ്തങ്ങളായ ദൈവിക ദാനങ്ങളെക്കുറിച്ച് 12ാം അദ്ധ്യാത്തിൽ പറഞ്ഞ ശേഷം, 13ാം അദ്ധ്യായത്തിൽ ശ്ലീഹാ വിപുലീകരിക്കുന്നത് ഇത് തന്നെയാണ്: ''ഞാൻ മനുഷ്യരുടെയും മാലാഖമാരുടെയും ഭാഷയിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്ക് പ്രവചനവരമുണ്ടായിരിക്കുകയും...സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല' (1 കോറി 13: 1-3). അതായത് ഏതു ദൈവികദാനം കിട്ടിയാലും സ്നേഹമില്ലെഹ്കിൽ അത് നിഷ്പ്രയോജനമാണെന്നാണ് ശ്ലീഹാ പറയുന്നത്. ഈ അദ്ധ്യാത്തിലെ അവസാനത്തെ വചനം ശ്രദ്തിക്കണം: ''വിശ്വാസം, പ്രത്യേശ, സേനേഹം - ഇവ മൂന്നും നിലനിൽക്കുന്നു. എന്നാൽ സ്നേഹമാണ് സർവ്വോൽക്രുഷ്ടം (1 കോറി 13:13).

അതായത് ദൈവാത്മാവ് തന്നിരുക്കുന്ന ദൈവിക ദാനം അനുദിന ജീവിതത്തിൽ സ്നേഹത്തോടെ ജീവിക്കുമ്പോൾ ഞാൻ ദൈവിക പ്രവർത്തനത്തോട് സഹകരിക്കുന്നു. അപ്പോഴാണ് ഞാൻ വിശുദ്ധിയുടെ പാതയിൽ നടന്നു കയറുന്നത്. പൗലോശ്ലീഹാ പറയുന്നത് മറക്കാതിരിക്കുക - ഏറ്റവും പ്രധാനം സ്നേഹമാണ്.

ഡോ. ഗംഗാധരൻ പറയുന്ന ഒരു സംഭവം. അബിയെന്ന കുട്ടിയുടെയും അമ്മയുടെയും കഥ (ഓഡിയോ കേൾക്കുക)

ചുരുക്കത്തിൽ ദൈവം എനിക്കു നൽകിയിരിക്കുന്ന തനതായ ദാനം തിരിച്ചറിയുക. അനുദിന ജീവിതത്തിൽ അതിനോട് സ്നേഹം കലർത്തി ജീവിക്കുക. അപ്പോഴാണ് ഞാൻ എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നം യാദാർത്ധീകരിക്കുന്നത്. അപ്പോഴാണ് ഞാൻ എന്റെ പൂർണ്ണതയിലത്തിക്കുന്നത്. അപ്പോഴാണ് ഞാൻ ദൈവാത്മാവിനോട് സഹകരിക്കുന്നത്. അപ്പോഴാണ് ഞാൻ വിശുദ്ധനാകുന്നത്, ദൈവത്തിന്റെ മകൻ അഥവാ മകൾ ആയിത്തീരുന്നത്.