- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാറയും, സാത്താനും, പിന്നെ സഭയും'
സഭ എങ്ങനെയാണ് രൂപപ്പെടുന്നത്? അഥവാ സഭ യഥാർത്ഥത്തിൽ എന്തായിരിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്ന ക്രിസ്തുപാഠമാണ് ഇന്നത്തെ സുവിശേഷ ഭാഗം. അതിനാൽതന്നെ സഭാതനയരും സഭാനേതാക്കളും ആത്മാർത്ഥതയോടെ ധ്യാനവിഷയമാക്കേണ്ട സുവിശേഷഭാഗമാണിത്. ഇവിടെ നമ്മൾ സവിശേഷം ശ്രദ്ധിക്കേണ്ട വചനം പത്രോസിനോടുള്ള ഈശോയുടെ മറുപടിയാണ്. ''യോനായുടെ പുത്രനായ ശിമയോനേ... നീ പാത്രോസാണ്, ഈ പാറമേൽ എന്റെ സഭ ഞാൻ പണിയും...'' (മത്താ 16:17-18). പത്രോസിന്റെ ജീവിതവും സ്വഭാവവും പരിശോധിച്ചാൽ അദ്ദേഹം 'പാറയാണെന്ന്' ആർക്കും ഒരിക്കലും പറയാനാവില്ല. വെറുമൊരു വേലക്കാരി പെണ്ണിന്റെ ചോദ്യത്തിനും നോട്ടത്തിനും മുൻപിൽ ചൂളിപ്പോയ ഭീരുവാണ് പത്രോസ്; അങ്ങനെ മൂന്നാവർത്തി ഗുരുവിനെ തള്ളിപ്പറയുന്ന അബലനാണ് പത്രോസ് (മത്താ 26:70-74). ഈശോയുടെ കുരിശുമരണത്തിനു ശേഷം, താനുപേക്ഷിച്ച പഴയ മീൻപിടിത്തത്തിലേക്ക് തിരികെപ്പോകുകയും അതിനായി സഹജരെ ക്ഷണിക്കുകയും ചെയ്യുന്ന (യോഹ 21:3) ചഞ്ചലനായ മനുഷ്യനാണ് പത്രോസ്. എല്ലാം ഉപേക്ഷിക്കുന്നതാണ് ശിഷ്യത്വമെന്നറിഞ്ഞിട്ടും ധനികനായ യുവാവ് തിരി
സഭ എങ്ങനെയാണ് രൂപപ്പെടുന്നത്? അഥവാ സഭ യഥാർത്ഥത്തിൽ എന്തായിരിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്ന ക്രിസ്തുപാഠമാണ് ഇന്നത്തെ സുവിശേഷ ഭാഗം. അതിനാൽതന്നെ സഭാതനയരും സഭാനേതാക്കളും ആത്മാർത്ഥതയോടെ ധ്യാനവിഷയമാക്കേണ്ട സുവിശേഷഭാഗമാണിത്.
ഇവിടെ നമ്മൾ സവിശേഷം ശ്രദ്ധിക്കേണ്ട വചനം പത്രോസിനോടുള്ള ഈശോയുടെ മറുപടിയാണ്. ''യോനായുടെ പുത്രനായ ശിമയോനേ... നീ പാത്രോസാണ്, ഈ പാറമേൽ എന്റെ സഭ ഞാൻ പണിയും...'' (മത്താ 16:17-18).
പത്രോസിന്റെ ജീവിതവും സ്വഭാവവും പരിശോധിച്ചാൽ അദ്ദേഹം 'പാറയാണെന്ന്' ആർക്കും ഒരിക്കലും പറയാനാവില്ല. വെറുമൊരു വേലക്കാരി പെണ്ണിന്റെ ചോദ്യത്തിനും നോട്ടത്തിനും മുൻപിൽ ചൂളിപ്പോയ ഭീരുവാണ് പത്രോസ്; അങ്ങനെ മൂന്നാവർത്തി ഗുരുവിനെ തള്ളിപ്പറയുന്ന അബലനാണ് പത്രോസ് (മത്താ 26:70-74). ഈശോയുടെ കുരിശുമരണത്തിനു ശേഷം, താനുപേക്ഷിച്ച പഴയ മീൻപിടിത്തത്തിലേക്ക് തിരികെപ്പോകുകയും അതിനായി സഹജരെ ക്ഷണിക്കുകയും ചെയ്യുന്ന (യോഹ 21:3) ചഞ്ചലനായ മനുഷ്യനാണ് പത്രോസ്. എല്ലാം ഉപേക്ഷിക്കുന്നതാണ് ശിഷ്യത്വമെന്നറിഞ്ഞിട്ടും ധനികനായ യുവാവ് തിരികെ പോകുമ്പോൾ തങ്ങൾക്ക് എന്ത് കിട്ടുമെന്ന് അന്വേഷിക്കുന്ന ബലഹീനനായ മനുഷ്യനാണ് പത്രോസ് (മത്താ 19: 27).
അങ്ങനെയെങ്കിൽ, ഒരർത്ഥത്തിലും പത്രോസിനെ 'പാറയെന്ന്' വിളിക്കാനാവില്ല. അദ്ദേഹത്തിന്റെ സ്വാഭാവവും പ്രവർത്തനവും വച്ചു നോക്കിയാൽ അദ്ദേഹം 'പാറയല്ല,' മറിച്ച് വെറും 'പൂഴിമണലാണ്.' എങ്കിൽ എന്തുകൊണ്ടാണ് ഈശോ ശിമയോനെ പാറയെന്നു വിളിച്ചത്?
അതിനുള്ള ഉത്തരം പത്രോസ് ഈശോയ്ക്ക് കൊടുക്കുന്ന ആദ്യത്തെ മറുപടിയിലാണുള്ളത്: ''ശിമയോൻ പത്രോസ് പറഞ്ഞു: നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്'' (മത്താ 16:16). മനുഷ്യനായ ഈശോയെ കണ്ടിട്ടാണ്, പത്രോസ് അവൻ ക്രിസ്തുവാണെന്നും ദൈവപുത്രനാണെന്നും പറയുന്നത്. നസ്രത്തിലെ ഈശോയെ പത്രോസ് 'ക്രിസ്തുവായി' വിശ്വസിക്കുന്നു. ദൈവപുത്രനെന്ന നിലയിൽ അവനിൽ ശരണപ്പെടുന്നു. ഈ 'വിശ്വാസമാണ്' ശിമയോനെ പാറയാക്കി മാറ്റുന്നത്. ഈ വിശ്വാസമാണ് അവനെ ക്രിസ്തു പണിയുന്ന സഭയുടെ അടിസ്ഥാനമാക്കി മാറ്റുന്നത്.
ഇതു തന്നെയാണ് വത്തിക്കാൻ കൗൺസിൽ ''ജനതകളുടെ പ്രകാശമെന്ന'' പ്രമാണരേഖയിലും പറയുന്നത്: ''ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ സമൂഹമാണ് സഭ (LG 9). ഇവിടെ അടിവരയിടേണ്ടത് ''ക്രിസ്തുവിലുള്ള വിശ്വാസത്തിനാണ്.'' അങ്ങനെയെങ്കിൽ, ക്രിസ്തുവിൽ വിശ്വസിക്കുകയും അവനിൽ ശരണപ്പെടുകയും ചെയ്യുന്നവരുടെ സമൂഹമാണ് സഭയെന്നു വരുന്നു.
ഇവിടെ നാം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: "ഏത് ക്രിസ്തു?" കാരണം അന്നത്തെ യുദസമൂഹത്തിൽ ഒരു ഏകമാനമായ ക്രിസ്തുസങ്കല്പമല്ലായിരുന്നു നിലവിലിരുന്നത്. അതിനാൽ, ഏതു തരം ക്രിസ്തുവിലാണ് പത്രോസ് വിശ്വാസം അർപ്പിക്കുന്നത്?
ഇതിനു തൊട്ടു പിന്നാലെ വരുന്ന മുഹൂർത്തിത്തിലാണ് അത് വെളിവാകുന്നത്: യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, നീ എന്റെ പിന്നിലേക്ക് പോകൂ. നീ എനിക്കു തടസ്സമാണ്" (മത്താ 16:23). അൽപം മുൻപ് 'പാറയെന്ന' വിളിച്ച ശിമയോനെയാണ് ഈശോ ഇപ്പോൾ 'സാത്താൻ' എന്നു വിളിക്കുന്നത്. എന്താണിതിനു കാരണം? അതിനു കാരണം പത്രോസ് ഈശോയെ മാറ്റി നിർത്തി തടസ്സം പറയുന്നതാണ് (മത്താ 16:22). പത്രോസ് ഈശോയോട് തടസ്സം പറയാനുള്ള കാരണം, ഈശോ തന്റെ പീഡാനുഭവത്തെയും മരണത്തെയും കുറിച്ച് അവരെ അറിയിക്കുന്നതാണ്: "അപ്പോൾ മുതൽ യേശു തനിക്കു ജറുസലേമിലേക്ക് പേകേണ്ടിയിരിക്കുന്നുവെന്നും ശ്രെഷ്ഠന്മാരിൽനിന്നും പ്രധാനപുരോഹിതന്മാരിൽ നിന്നും നിയമജ്ഞരിൽ നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താൻ വധിക്കപ്പെടുമെന്നും എന്നാൽ മൂന്നാം ദിവസം ഉയർപ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചു തുടങ്ങി'' (മത്താ 16:21).
മനുഷ്യപുത്രന്റെ പീഡാസഹനവും കുരിശുമരണവും കേൾക്കുമ്പോഴാണ് പത്രോസ് തടസ്സം പറയുന്നത്. അതായത്, 'ക്രൂശിതനായ ക്രിസ്തുവിനെ' പത്രോസിന് സ്വീകാര്യമല്ല എന്നർത്ഥം. അങ്ങനെയെങ്കിൽ പത്രോസ് പ്രഖ്യാപിച്ച ക്രിസ്തു ഏതു ക്രിസ്തു ആയിരിക്കണം? അത് യൂദരുടെ സംപ്രദായിക ചിന്താരീതിയിലുള്ള 'രാജാവായ ക്രിസ്തു' ആയിരുന്നിരിക്കണം; ദാവീദിന്റെ പുത്രനും രാജവുമായ ക്രിസ്തു.
ചുരുക്കത്തിൽ, പത്രോസ് വിശ്വാസം അർപ്പിച്ചത് 'രാജാവായ ക്രിസ്തുവിലായിരുന്നു'. അല്ലാതെ 'ക്രൂശിതനായ ക്രിസ്തുവിൽ' ആയിരുന്നില്ല. അതിനാലാണ് അയാൾ മനുഷ്യപുത്രന്റെ കുരിശുമരണത്തെ എതിർക്കുന്നത്. അങ്ങനെ രാജാവായ ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കുകയും ക്രൂശിതനായ ക്രിസ്തുവിനെ എതിർക്കുകയും ചെയ്യുന്ന പത്രോസിനെയാണ് ഈശോ 'സാത്താനെന്ന്' വിളിക്കുന്നത്. രാജാവായ ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കുന്ന പത്രോസാണ് ക്രൂശിതനായ ക്രിസ്തുവിന് തടസ്സമായി മാറുന്നത്.
അതിനാൽ ഇന്നത്തെ സഭാനേതാക്കളും സഭാതനയരുമായ നമ്മൾ സ്വയം ചോദിക്കേണ്ട ചോദ്യമിതാണ്: ''ഞാൻ/നമ്മൾ ഏതു ക്രിസ്തുവിലാണ് വിശ്വാസം അർപ്പിച്ചിരിക്കുന്നത്?'' ക്രൂശിതനായ ക്രിസ്തുവിലാണോ നമ്മുടെ വിശ്വാസം? ക്രൂശിതന്റെ പരോന്മുഖമായ ആത്മാത്യാഗത്തിലാണോ നമ്മൾ ശരണപ്പെടുന്നത്? ക്രൂശിതന്റെ സുവിശേഷമൂല്യങ്ങളായ സാഹോദര്യതുല്യതയും പരസ്‌നേഹവും നീതിയും കരുണയുമാണോ നമ്മൾ പരിശീലിക്കുന്ന ധാർമ്മികമൂല്യങ്ങൾ?
2018 ഒക്‌ടോബർ 14-ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധനായിരുന്നു എൽസാൽവദോറിലെ മെത്രാപ്പൊലീത്തായായിരുന്ന ഒസ്‌കാർ റൊമേരോ. അമേരിക്കൻ പിന്തുണയുള്ള സാൽവോദറിയൻ പട്ടാളം ഇടതുപക്ഷ ഗറിലകളെ കൊന്നൊടുക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം അതിനെതിരെ പരസ്യമായി പ്രസംഗിച്ചു. പിറ്റേ ദിവസം കുർബാനക്കിടക്ക് അദ്ദേഹത്തെ അവർ വെടിവച്ചു കൊന്നു (ഓഡിയോ കേൾക്കുക).
സഭയുടെ എക്കാലത്തെയും വലിയ പ്രലോഭനമാണ് പത്രോസിലൂടെ പുറത്തുവരുന്നത് - ക്രൂശിതനായ ക്രിസ്തുവിനെ അവഗണിക്കുക; അതിനുപകരം രാജാവായ ക്രിസ്തുവിനെ സ്വീകരിക്കുക. മറ്റുള്ളവർക്കായി സർവ്വംത്യജിക്കുന്ന ക്രൂശിതനെ ഉപേക്ഷിച്ച് ഭൗമികാഡംബരത്തിന്റെ രാജാവായ ക്രിസ്തുവിനെ മാലയിട്ടു സ്വീകരിക്കുക.
രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയെക്കുറിച്ചുള്ള പ്രമാണ രേഖയിൽ പറയുന്നു: ''സഭയാകുന്ന സമൂഹത്തിന്റെ നിയമം സ്‌നേഹമാണ്. സഭയുടെ ലക്ഷ്യം ദൈവരാജ്യവും. അതിനാൽ, സ്വയം നവീകരിക്കുന്നതിന് സഭ ഒരിക്കലും മുടക്കം വരുത്തരുത്" (LG 9).
വത്തിക്കാൻ കൗൺസിൽ നിർദ്ദേശിക്കുന്ന ആത്മാശോധനയും നവീകരണവുമാണ് സഭയിൽ ഇന്ന് നടക്കേണ്ടത്. അത്തരമൊരു ആത്മാശോധനയുടെ മർമ്മം സഭയിന്ന് ഏത് ക്രിസ്തുവിലാണ് വിശ്വാസം അർപ്പിച്ചിരിക്കുന്നത് എന്നാണ്. ക്രൂശിതനായ ക്രിസ്തുവിലും അവന്റെ ജീവിത മൂല്യങ്ങളിലുമാണോ? അതോ ഭൗതിക രാജാവായ ക്രിസ്തുവിലാണോ? ക്രൂശിതൻ നിർദ്ദേശിച്ച സാഹോദര്യതുല്യതയാണോ നമ്മുടെ സമൂഹത്തെ നയിക്കുന്നത്? അതോ അധികാരശ്രേണി കൈമാറുന്ന അസമത്വമാണോ? പരോന്മുഖമായ ആത്മത്യാഗമാണോ നമ്മൾ പരിശീലിക്കുന്നത്, അതോ സ്വാർതോന്മുഖമായ പരപീഡനമാണോ? പരസ്‌നേഹത്തിന്റെ പങ്കുവച്ചു കൊടുക്കലാണോ നമ്മുടെ ജീവിത ശൈലി, അതോ ആർത്തിപൂണ്ട സമാഹരണമാണോ?
ഇത്തരമൊരു ആത്മശോധനയിലൂടെ, നിരന്തരമായ തിരുത്തലിനും നവീകരണത്തിനും പരിശ്രമിക്കാൻ ക്രിസ്തു ഇന്ന് നമ്മെ ക്ഷണിക്കുന്നു. നിരന്തരമായ പരിശ്രമത്തിലൂടെയാണ് 'രാജാവായ ക്രിസ്തുവിലുള്ള' വിശ്വാസത്തിൽ നിന്നും 'ക്രൂശിതനായ ക്രിസ്തുവിലേക്കുള്ള' വിശ്വാസത്തിലേക്ക് പത്രോസ് രൂപാന്തരപ്പെട്ടത്. എങ്കിൽ ഇന്നത്തെ സഭാതനയരും സഭാനേതൃത്വം പത്രോസിനെ അനുകരിച്ച് നിരന്തരമായ നവീകരണ ശ്രമങ്ങളിൽ ഏർപ്പെടുന്നിടുമ്പോൾ മാത്രമേ ക്രിസ്തുവിന്റെ സഭ ഇന്ന് നമ്മുടെയിടയിൽ രൂപപ്പെടുകയുള്ളൂ.