ക്രിസ്തു ജനിക്കുന്നത് എങ്ങനെയാണെന്നാണ് ഇന്നത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്. സുവിശേഷകൻ എഴുതുന്നത് ശ്രദ്ധിക്കണം: ''യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു'' (മത്താ 1:18). അന്നും ഇന്നും ക്രിസ്തു ജനിക്കുന്നത് എങ്ങനെയാണെന്നാണ് ഇവിടെ വിവരിക്കപ്പെടുന്നത്.

യൗസേപ്പു പിതാവിന്റെ മുമ്പിൽ ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധി വന്നു ഭവിക്കുന്നു: ''മറിയയും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കേ, അവർ സഹവസിക്കുന്നതിനു മുൻപ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു'' (മത്താ 1:18). താനറിയാതെ തന്റെ ഭാര്യ ഗർഭിണിയായതാണ് യൗസേപ്പു പിതാവിന്റെ മുമ്പിലുള്ള പ്രശ്‌നം.

ഈ ജീവിതപ്രശ്‌നത്തോട് അദ്ദേഹം എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്: ''ജോസഫ് നീതിമാനാകയാൽ... അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു'' (മത്താ 1:19). യൗസേപ്പു പിതാവിന് സുവിശേഷകൻ കൊടുക്കുന്ന വിശേഷണം ശ്രദ്ധിക്കണം - നീതിമാൻ! നീതിമാനായ യൗസേപ്പിന്റെ പരിഹാരമാണ് മറിയത്തെ ഉപേക്ഷിക്കുകയെന്നത്. നീതിപൂർവ്വകമായ പരിഹാരമാണത്. മതവും സമൂഹവും നിർദ്ദേശിച്ച നീതിയനുസരിച്ചുള്ള പരിഹാരം.

മറിയത്തെ ഉപേക്ഷിക്കുകയെന്നതായിരുന്നു നീതിപൂർവ്വമായ പരിഹാരമെങ്കിലും, ഔസേപ്പു പിതാവ് അത് ചെയ്യുന്നില്ല. എന്നു മാത്രമല്ല, അതിനു നേരെ വിപരീതമായ പ്രവൃത്തിയാണ് അദ്ദേഹം ചെയ്യുന്നത്: ''ജോസഫ് നിദ്രയിൽ നിന്നുണർന്നത്... തന്റെ ഭാര്യയെ സ്വീകരിച്ചു'' (മത്താ1:24).

അതായത് നീതിക്കതീതമായ പ്രവൃത്തി അദ്ദഹം ചെയ്യുന്നു. നീതിയെ അതിലംഘിക്കുന്ന പ്രവൃത്തി യൗസേപ്പു പിതാവ് ചെയ്യുന്നു. ന്യായത്തിനും നീതിക്കുമപ്പുറത്തുള്ള ഉദാരതയുടെ പ്രവൃത്തിയാണ് അദ്ദേഹം ചെയ്യുന്നത്. അങ്ങനെയെങ്കിൽ നീതിയെ അതിലംഘിക്കുന്ന പ്രവൃത്തിയിലൂടെയാണ് ക്രിസ്തു ജനിക്കുന്നതെന്ന് സാരം.

മുമ്പോട്ടു പോകുമ്പോൾ ക്രിസ്തു തന്റെ പഠനത്തിന്റെ ഹൃദയമായി ഊന്നി പറയുന്നതും നീതീക്കതീതമായ ധാർമ്മിതകയെക്കുറിച്ചാണ്: ''നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ കവിഞ്ഞു നിൽക്കുന്നില്ലെങ്കിൽ, നിങ്ങൾ ഒരിക്കലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു'' (മത്താ 5:20). ഇവിടെ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദം 'ഡിക്കായിയോസ്യുനെ' എന്നാണ് അതിനെ 'ധർമം' അല്ലെങ്കിൽ 'ധാർമികത' എന്നാണ് വിവർത്തനം ചെയ്യേണ്ടത്. അങ്ങനെയെങ്കിൽ നമ്മുടെ 'ധാർമ്മികത' ഫരിസേയരുടെയും നിയമജ്ഞരുടെയും ധാർമ്മികതയെ അതിലംഘിക്കുന്ന ധാർമ്മിതയായിരിക്കണമെന്നു സാരം.

എന്താണ് ഈ അസാധാരണായ ധാർമ്മികതയെന്നു മുൻപോട്ടു പോകുമ്പോൾ ഈശോ വിദശമാക്കുന്നുണ്ട്: ''നിന്നോടു വ്യവഹരിച്ച് നിന്റ ഉടുപ്പു കരസ്ഥമാക്കാൻ ഉദ്യമിക്കുന്നവന് നിന്റെ മേലങ്കി കൂടി കൊടുത്തേക്കുക. ഒരു മൈൽ പോകാൻ നിന്നെ നിർബന്ധിക്കുന്നവനോടു കൂടെ രണ്ടു മൈൽ പോകുക'' (മത്താ 5:40-41).

സാധാരണ നീതിയെ അതിലംഘിക്കുന്ന ഈ പുതിയ ധാർമ്മികതയെ വീണ്ടും ഈശോ വിശദീകരിക്കുന്നുണ്ട്: ''നിന്റെ വലതു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക'' (മത്താ 5:39). ചുരുക്കത്തിൽ, നിയമവും ന്യായവും അനുശാസിക്കുന്ന നീതിയെ അതിലംഘിക്കുന്ന ധാർമ്മികതയാണിത്. മാതാവിനോടുള്ള ഔസേപ്പു പിതാവിന്റെ പ്രതികരണത്തിലും നിറഞ്ഞു നിൽക്കുന്നത് സാധാരണ നീതിക്കപ്പുറത്തുള്ള ഈ ധാർമികതയാണ്. അത്തരമൊരു ധാർമികതയിലാണ് ക്രിസ്തു ജനിക്കുന്നത് തന്നെ; അത്തരമൊരു ധാർമ്മികതയാണ് തന്റെ പ്രബോധനത്തിന്റെ ഹൃദയമായി ഈശോ പ്രഘോഷിക്കുന്നത്; അത്തരമൊരരു ധാർമ്മികതയുടെ ആൾ രൂപമാണ് ക്രിസ്തു.

ക്രിസ്തു കൊണ്ടു വരുന്ന ഈ പുതിയ ധാർമ്മികതയെ നമുക്ക് എന്തു പേരു ചൊല്ലി വിളിക്കാനാവും? കൃത്യമായ ഒരുത്തരം തരുന്നത് യോഹന്നാനാണ്: ''നിയമം മോശം വഴി നൽകപ്പെട്ടു; കൃപയും സത്യവുമാകട്ടെ യേശുക്രിസ്തു വഴി വന്നു'' (യോഹ 1:17). മോശ കൊണ്ടു വന്നത് നിയമമാണ്. നിയമജ്ഞരും ഫരിസേയരും മുറുകെ പിടിക്കുന്ന നീതിയാണത്. എന്നാൽ മോശയെ അതിലംഘിക്കുന്നവനാണ് ക്രിസ്തു. മോശ കൊണ്ടു വന്ന നിയമത്തെ ക്രിസ്തു അതിലംഘിച്ചു. അങ്ങനെ ക്രിസ്തു വഴി വരുന്നത് കൃപയാണ്. ക്രിസ്തു കൊണ്ടു വരുന്ന പുതിയ ധാർമ്മികത 'കൃപയാണ്.' സൗജന്യമായി കൊടുക്കപ്പെടുന്നതാണ് കൃപ; അർഹതയില്ലാഞ്ഞിട്ടും ലഭിക്കുന്നതാണ് കൃപ. നീതിയെ അതിലംഘിക്കുന്ന കൃപയുടെ ഉദാരതയും ധാർമ്മികതയും അനുഷഠിക്കാനാണ് യൗസേപ്പ് പിതാവ് ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത്.

ഫ്രാൻസീസ് പാപ്പാ എഴുതിയ 'ദൈവത്തിന്റെ പേര് കാരുണ്യമാകുന്നു' എന്ന പുസ്തകത്തിൽ വിവരിക്കുന്ന ഒരു സംഭവം. അർജന്റീനയിൽ അദ്ദേഹം വികാരിയായിരുന്നപ്പോൾ നടന്നതാണ്. കുടുംബം പുലർത്താൻ വേണ്ടി വ്യഭിചാരവൃത്തി ചെയ്യുന്ന സ്ത്രീയെ ബഹുമാനത്തോടെ 'മഹതി' എന്ന് പതിവായി അഭിസംബോധന ചെയ്തതിനോടുള്ള അവരുടെ പ്രതികരണം (ഓഡിയോ കേൾക്കുക).

നീതിയെയും ന്യായത്തെയും അതിലംഘിക്കുന്ന കാരുണ്യവും ഉദാരതയും കാണിച്ചാൽ ഉണ്ടാകുന്ന പരിണിതഫലമാണ് 'ക്രിസ്തു.' നീതി അനുശാസിക്കുന്ന പ്രവൃത്തിയെ കവിഞ്ഞു നിൽക്കുന്ന ഉദാരതയോടെ ഔസേപ്പു പിതാവ് പ്രവർത്തിച്ചപ്പോൾ സംഭവിച്ചത് ക്രിസ്തു ജനിച്ചു; 'ദൈവം നമ്മോടു കൂടെ' എന്നർത്ഥമുള്ള ഇമ്മാനുവേൽ യഥാർത്ഥ്യമായി (മത്താ 1:23); ജനത്തെ അവരുടെ 'പാപങ്ങളിൽ നിന്നു രക്ഷിക്കുന്ന' യേശു ജന്മം കൊണ്ടു (മത്താ1:21).

നീതിയെ അതിലംഘിക്കുന്ന ഉദാരത കാട്ടിയാൽ 'ദൈവം നമ്മോടു കൂടെ' ആയിത്തീരും; രക്ഷകനും രക്ഷയും ഉരുവാകും; ക്രിസ്തു ജന്മം കൊള്ളും. ഈ പുതിയ ധാർമ്മികത മൂലം ഉളവാകുന്ന ഫലത്തെക്കുറിച്ചു ഈശോ വ്യക്തമായി മലയിലെ പ്രസംഗത്തിൽ പറയുന്നുണ്ട്: ''അതിലൂടെ നിങ്ങൾ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കളായി തീരും'' (മത്താ 5:45). കാരണം ദൈവപിതാവിന്റെ ഹൃദയവിശാലതയിലും ഉദാരതയിലുമാണ് പുതിയ ധാർമ്മികതയിലൂടെ നമ്മൾ പങ്കു പറ്റുന്നത്. "എന്തു കൊണ്ടെന്നാൽ അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു (മത്താ: 5:45).

ഇന്നും ക്രിസ്തു ജനിക്കണമെങ്കിൽ (മത്താ 1:18) നമ്മൾ ചെയ്യേണ്ടത് ഇതാണ് - യൗസേപ്പു പിതാവിനെ മാതൃകയാക്കുക. സാധാരണ നീതിക്കും ന്യായത്തിനും അതീതമായ ഹൃദയ വിശാലതയോടെയും ഉദാരതയോടെയും പ്രതികരിക്കുക. എവിടെയൊക്കെ? നമ്മുടെ വീട്ടിലും ഹൃദയബന്ധങ്ങളിലുമൊക്കെ. അപ്പോഴാണ് നമ്മുടെ വീട്ടിലും നമ്മുടെ ചുറ്റുവട്ടത്തിലും ക്രിസ്തു ജനിക്കുന്നത്. അപ്പോഴാണ് ദൈവം നമ്മോടു കൂടെയാകുന്നത്; അപ്പോഴാണ് നമ്മൾ രക്ഷയുടെ വഴിയിലാകുന്നത്; അപ്പോഴാണ് നമ്മൾ ദൈവമക്കളായിത്തീരുന്നത്.