- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
ഇന്നത്തെ സുവിശേഷത്തിന്റെ മർമ്മം ഇതാണ് നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം? (ലൂക്കാ 10:25). നിത്യജീവൻ, മരണത്തിനപ്പുറത്തുള്ള ജീവൻ, നിത്യരക്ഷ, സ്വർഗ്ഗം എന്നൊക്കെ നമ്മൾ പറയുന്ന കാര്യം. ഇത് സ്വന്തമാക്കാൻ നമ്മൾ എന്തു ചെയ്യണം? ഇത് വിശദമാക്കാൻ ഈശോ പറഞ്ഞുപോകുന്ന കഥയിൽ 33ാമത്തെ വചനം നാം പ്രത്യേകം ശ്രദ്ധിക്കണം?: ?സമരിയാക്കാരൻ ''അവനെ കണ്ട് മനസ്സലിഞ്ഞ് അടുത്തുചെന്നു'' (10:33). അതായത് സമരിയാക്കാരന് കരുണ തോന്നിയിട്ടാണ് മുറിവേറ്റവനെ അയാൾ പരിചരിക്കുന്നത് എന്നർത്ഥം. കഥ പറഞ്ഞുതീരുമ്പോൾ നല്ല അയൽക്കാരൻ ആരെന്നതിന് നിയമജ്ഞൻ ഉത്തരം പറയുന്നത് ഇങ്ങനെയാണ്: ''അവനോട് കരുണ കാണിച്ചവൻ'' (10:37). അതായത് നിത്യരക്ഷയും, നിത്യജീവനും സ്വന്തമാക്കാനുള്ള വഴിയാണിത് കരുണ കാണിക്കുക. സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ഒരു വഴിയേ ഉള്ളൂ കരുണ കാണിക്കുക. കാരുണ്യത്തെ ക്രിസ്തീയജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് പുനഃപ്രതിഷ്ഠിച്ചു എന്നതാണ് ഫ്രാൻസീസ് പാപ്പാ ചെയ്ത ഏറ്റവും വലിയ നന്മ. നസ്രായന്റെ കൂടെ എന്ന പുസ്തകം 2000ൽ എഴുതിയതിനുശേഷം ഞാൻ ഈശോയുടെ പ്ര
ഇന്നത്തെ സുവിശേഷത്തിന്റെ മർമ്മം ഇതാണ് നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം? (ലൂക്കാ 10:25). നിത്യജീവൻ, മരണത്തിനപ്പുറത്തുള്ള ജീവൻ, നിത്യരക്ഷ, സ്വർഗ്ഗം എന്നൊക്കെ നമ്മൾ പറയുന്ന കാര്യം. ഇത് സ്വന്തമാക്കാൻ നമ്മൾ എന്തു ചെയ്യണം?
ഇത് വിശദമാക്കാൻ ഈശോ പറഞ്ഞുപോകുന്ന കഥയിൽ 33ാമത്തെ വചനം നാം പ്രത്യേകം ശ്രദ്ധിക്കണം?: ?സമരിയാക്കാരൻ ''അവനെ കണ്ട് മനസ്സലിഞ്ഞ് അടുത്തുചെന്നു'' (10:33). അതായത് സമരിയാക്കാരന് കരുണ തോന്നിയിട്ടാണ് മുറിവേറ്റവനെ അയാൾ പരിചരിക്കുന്നത് എന്നർത്ഥം.
കഥ പറഞ്ഞുതീരുമ്പോൾ നല്ല അയൽക്കാരൻ ആരെന്നതിന് നിയമജ്ഞൻ ഉത്തരം പറയുന്നത് ഇങ്ങനെയാണ്: ''അവനോട് കരുണ കാണിച്ചവൻ'' (10:37). അതായത് നിത്യരക്ഷയും, നിത്യജീവനും സ്വന്തമാക്കാനുള്ള വഴിയാണിത് കരുണ കാണിക്കുക. സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ഒരു വഴിയേ ഉള്ളൂ കരുണ കാണിക്കുക.
കാരുണ്യത്തെ ക്രിസ്തീയജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് പുനഃപ്രതിഷ്ഠിച്ചു എന്നതാണ് ഫ്രാൻസീസ് പാപ്പാ ചെയ്ത ഏറ്റവും വലിയ നന്മ.
നസ്രായന്റെ കൂടെ എന്ന പുസ്തകം 2000ൽ എഴുതിയതിനുശേഷം ഞാൻ ഈശോയുടെ പ്രധാന ഉപമകൾക്കൊക്കെ രണ്ടാം ഭാഗം വികസിപ്പിച്ചതായിരുന്നു. സമരിയാക്കാരന്റെ ഉപമയ്ക്കും രണ്ടാം ഭാഗം എഴുതി. അതിങ്ങനെയാണ്:?
മരണാസന്നനെ സത്രത്തിൽ ഏൽപ്പിച്ച് സമരിയാക്കാരൻ യാത്ര തുടർന്നു. വിശുദ്ധനഗരത്തിൽ എത്തി. അവിടെ ആയിരുന്നപ്പോഴെല്ലാം അവന്റെ ഉള്ളിൽ നിറയെ മുറിവേറ്റ മനുഷ്യനായിരുന്നു, ഹൃദയത്തിൽ അവന്റെ മുറിവുകളായിരുന്നു. മനസ്സിൽ അവനെക്കുറിച്ചുള്ള ആകുലതയായിരുന്നു.
സത്രക്കാരന് കൊടുത്ത വാക്ക് ഓർമ്മയിൽ പൊങ്ങിവന്നു. ''കൂടുതലായി എന്തെങ്കിലും ചെലവായാൽ ഞാൻ തിരിച്ചുവരുമ്പോൾ തന്നുകൊള്ളാം.'' അയാൾ തിരിച്ചുവന്നു. വാക്കു പാലിക്കാനുള്ള താൽപര്യവുമായി സത്രത്തിലേക്ക് കയറി. ആദ്യനോട്ടത്തിൽ തന്നെ സത്രക്കാരൻ ആളെ തിരിച്ചറിഞ്ഞു. നല്ലവനായ സമരിയാക്കാരൻ!
എന്നാൽ സത്രക്കാരൻ കൈമാറിയ വാർത്ത സമരിയാക്കാരനെ അമ്പരപ്പിച്ചു. ''മുറിവേറ്റവൻ സ്ഥലം വിട്ടിരിക്കുന്നു!''
ഒരുവിധം എഴുന്നേൽക്കാമെന്നായപ്പോൾ അയാൾ സ്വന്തം നഗരത്തിലേക്കു തിരിക്കാൻ തിരക്കിട്ടു. സത്രക്കാരൻ വിലക്കി. എന്നിട്ടും അയാൾ പോയി. പോകാൻ നേരത്ത് അയാൾ സത്രക്കാരനെ വിളിച്ച് ഒരു കത്ത് ഭദ്രമായി ഏൽപ്പിച്ചു. ഒരപേക്ഷയും. ''സൂക്ഷിച്ചുവച്ചേക്കണം. എന്നെ മരണത്തിൽ നിന്നും രക്ഷിച്ച സമരിയാക്കാരനുള്ളതാ. അയാൾ തിരിച്ചുവരും. അപ്പോൾ ഓർത്തുകൊടുത്തേക്കണം.''
കിട്ടിയ ഉടനെ സമരിയാക്കാരൻ കത്ത് പൊട്ടിച്ചു, ആകാംക്ഷയോടെ. നിറയെ നന്ദിപ്രകനങ്ങൾ! മരണത്തിൽ നിന്നും രക്ഷിച്ച് ജീവനിലേക്ക് കൊണ്ടുവന്നതിനുള്ള കൃതജ്ഞത! അവസാനം ഒരപേക്ഷയും. ''നീ എനിക്ക് ഒരു സുകൃതം കൂടി ചെയ്യണം. തിരികെ വരുമ്പോൾ എന്റെ ഭവനം സന്ദർശിക്കാൻ കനിവുണ്ടാകണം. എന്റെ മനസ്സിലെ വലിയൊരാഗ്രഹമാണ്. സാധിച്ചുതരണം.'' എന്നിട്ട് അടിയിൽ വിലാസവും കൊടുത്തിരിക്കുന്നു.
വിലാസം കണ്ടപ്പോൾ സമരിയാക്കാരന് ആശ്ചര്യം. ജറീക്കോയിലാണ് വീട്. സമരിയായിലേക്കുള്ള വഴിക്ക്. അതിനാൽ തന്നെ കയറിക്കളയാമെന്ന് വച്ചു.
പട്ടണത്തിലെത്തി. തെരുവും വീട്ടുനമ്പരും പറഞ്ഞ് അന്വേഷിച്ചു. കണ്ടുമുട്ടിയ ആദ്യത്തെയാൾ തന്നെ സമരിയാക്കാരനെ കൂട്ടിക്കൊണ്ടുപോയി. അത്ഭുതമോ ജറീക്കോ നഗരാധിപതിയുടെ കൊട്ടാരം! മുറിവേറ്റവൻ നഗരശ്രഷ്ഠനായിരുന്നു!
സമരിയാക്കാരൻ വന്നിരിക്കുന്നെന്ന് നഗരാധിപതി അറിഞ്ഞു. അയാൾ ഉത്തരവിട്ടു. സേവകരും പരിവാരവും നിരന്നു. ചുവന്ന പരവതാനി വിരിഞ്ഞു. നിരനിരയായ താലപ്പൊലികളുടെ പ്രകാശംപേറി, ചിതറി വീഴുന്ന പൂവിതളുകളുടെ സൗഹൃദം സ്വീകരിച്ച്, ചിന്നിച്ചിതറുന്ന പനിനീർത്തുള്ളികളുടെ സൗരഭ്യം ആസ്വദിച്ച് സമറിയാക്കാരൻ കൊട്ടാരത്തിലേക്ക് നടന്നു കയറി. അകത്തേക്ക് കയറുന്ന മാത്രയിൽ ദാരുണമായ കാഴ്ചകണ്ട് അയാൾ തരിച്ചു നിന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞുവന്നു.
ഇളം തിണ്ണയിലെ കൽത്തൂണിൽ 2 രണ്ട് മനുഷ്യർ. ചങ്ങലകളാൽ ബന്ധിതരായവർ! ശരീരം മുഴുവൻ ചമ്മട്ടിയടിപ്പാടുകൾ! മുറിവുകളിൽ നിന്നും വാർന്നിറങ്ങുന്ന രക്തച്ചാലുകൾ. പറന്നടുക്കുന്ന ഈച്ചക്കൂട്ടം. അവരുടെ കണ്ണുകളിൽ തെളിഞ്ഞ യാചനയായിരുന്നു സമരിയാക്കാരനെ പിടിച്ചു കുലുക്കിയത്. ഒരിറ്റു കാരുണ്യത്തിനായുള്ള അപേക്ഷ. ദയവായിപ്പിനായുള്ള യാചന.
സമൃദ്ധമായ സദ്യയ്ക്കു മുമ്പിലിരിക്കുമ്പോഴും സമരിയാക്കാരന്റെ മനസ്സിൽ നിറയെ ബന്ധനസ്ഥരുടെ മുറിപ്പാടുകളായിരുന്നു. കാരുണ്യതേടിയുള്ള അവരുടെ നോട്ടമായിരുന്നു. ആശ്വാസത്തിനായുള്ള അവരുടെ ദാഹമായിരുന്നു. അതിനാൽ അയാൾക്ക് ഒന്നും ഭക്ഷിക്കാനായില്ല.
ആതിഥേയൻ കാരണമാരാഞ്ഞു. മൗനം മാത്രം മറുപടി. സദ്യയ്ക്കുശേഷം അയാൾ ദാസ്യഭാവത്തിൽ സമരിയാക്കാരന്റെ മുമ്പിൽ നിന്നു. ''എനിക്കൊരപേക്ഷയുണ്ട്. എളിയ ഒരാഗ്രഹം. അങ്ങത് സാധിച്ചുതരണം.'' സമരിയാക്കാരന്റെ കണ്ണുകളിൽ എന്താണെന്ന ചോദ്യഭാവം.
''എന്റെ ജീവനു തന്നെ ഞാനിന്ന് നിന്നോട് കടപ്പെട്ടാണിരിക്കുന്നത്. ഒരു ചെറിയ പ്രത്യുപകാരമെങ്കിലും ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹം. അതിനാൽ നീ എന്തെങ്കിലും എന്നിൽ നിന്ന് ആവശ്യപ്പെടണം. എന്റെ ഒരു സന്തോഷത്തിനാ. എന്താണേലും ചോദിച്ചോ. ചെയ്തുതരാം.'' അയാൾ പറഞ്ഞുനിർത്തി.
മൗനമായിരുന്നു പ്രതികരണം. നഗരാധിപതി വീണ്ടും ഇംഗിതം ആവർത്തിച്ചു.ഒന്നും ആവശ്യമില്ലെന്നായി സമരിയാക്കാരൻ. നഗരാധിപതി അപേക്ഷ തുടർന്നു. നിർബന്ധം മൂത്തപ്പോൾ സമരിയാക്കാരന്റെ മനസ്സലിഞ്ഞു: ''നിർബന്ധമാണേൽ നീ എനിക്ക് ഒരു ഉപകാരം ചെയ്യ്.''
നഗരാധിപതി ശ്രദ്ധയോടെ കാതോർത്തു. കൂടെ അനുചരണ വൃന്ദവും. ''എനിക്ക് ഒരു കുപ്പി വീഞ്ഞുവേണം. കൂടെ ഒരു കുപ്പി എണ്ണയും.''
''ഓരോ കുപ്പി വീഞ്ഞും എണ്ണയുമോ!'' എന്തേ നീ ഇത്ര നിസ്സാരമായവ എന്നോട് ചോദിക്കുന്നു എന്ന ഭാവമായിരുന്നു നഗരാധിപതിയുടെ പ്രതികരണത്തിൽ.
ഉടനെ ജിജ്ഞാസ അടുത്ത ചോദ്യമായി വളർന്നു. ''അല്ല എന്തിനാ ഇപ്പോൾ ??എണ്ണയും വീഞ്ഞും? നീയിപ്പോൾ വീട്ടിലേക്കുള്ള മടക്കയാത്രയിലല്ലേ? പിന്നെന്തിനാണ് ??എണ്ണയും വീഞ്ഞും?''
സമരിയാക്കാരന്റെ വിശദീകരണം കേട്ട കൊട്ടാരവാസികൾ മുഴുവൻ അമ്പരന്നു. ജറുസേലം യാത്രയിലാണ് വഴിയിൽ വച്ച് മുറിവേറ്റ് അർദ്ധപ്രാണനായവനെ അയാൾ കണ്ടത്. കൈവശമുണ്ടായിരുന്ന എണ്ണയും വീഞ്ഞും അവന്റെ മുറിവുകളിലേക്ക് പകർന്നു. മുഴുവൻ തീർന്നപ്പോഴാണ് മുറിവുകൾ കൂടാൻ തുടങ്ങിയത്. മൃതപ്രായനിലെ ജീവൻ പ്രകാശിക്കാൻ ആരംഭിച്ചത്. എണ്ണയുടെയും വീഞ്ഞിന്റെയും കുപ്പികൾ കാലിയായെങ്കിലും മുറിവേറ്റവനിൽ ജീവനും തേജസ്സും നിറയുന്നത് കണ്ട് അയാൾ ആനന്ദിച്ചു!
എന്നാൽ നഗരാധിപതിയുടെ വീട്ടിൽ ഇളംതിണ്ണയിൽ മുറിവേറ്റ ബന്ധിതരെ കണ്ടപ്പോഴാണ് എണ്ണ തീർന്നു പോയതിൽ സമരിയാക്കാരൻ ആദ്യമായി സങ്കടപ്പെട്ടത്. ആ മനോവിഷമമാണ് വരദാനത്തിനുള്ള അപേക്ഷയായി അവതരിച്ചത്.
അവൻ നഗരാധിപതന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു: ''അവരുടെ മുറിവുകൾ കണ്ടതേ എന്റെ ഹൃദയത്തിൽ നൊമ്പരമായി. ചോരപ്പാടുകൾ കണ്ടതേ എന്റെ മനസ്സിൽ ??യാതനയായി. എത്രയും വേഗം എങ്ങനെയാ? ?എണ്ണയും വീഞ്ഞുമൊഴിച്ച് മുറിവുകൾ വച്ചുകെട്ടുന്നത് എന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ നിറയെ. അതിനാലാണ് സദ്യയുടെ മുമ്പിലിരുന്നപ്പോഴും എനിക്ക് രുചി തോന്നാഞ്ഞത്.''
അവൻ പറഞ്ഞുനിർത്തിയതേ നഗരാധിപതി ചാടി എഴുന്നേറ്റു. അവന്റെ കണ്ണുകളിൽ പകയും മുഖത്ത് രോഷും നിറഞ്ഞുനിന്നു: ''സാധ്യമല്ല! അതുമാത്രം നടക്കില്ല. നിനക്കറിയോ, ഞങ്ങളുടെ ന്യായകോടതി വിചാരണ ചെയ്ത് കുറ്റക്കാരെന്ന് തെളിഞ്ഞവരാണവർ. മോശയുടെ നിയമപ്രകാരം പാപികൾ. കൽപ്പിച്ചിട്ടുള്ള ഏറ്റവും ചെറിയ ശിക്ഷയേ വിധിച്ചു നടപ്പാക്കിയിട്ടുള്ളൂ.''
സമരിയാക്കാരൻ അപ്പോഴും അക്ഷോഭ്യനായിരുന്നു. തന്ന വാക്ക് പാലിക്കപ്പെടണമെന്ന നിർബന്ധം കണ്ണുകളിൽ നിഴലിച്ചു. നഗരാധിപതി തുടർന്നു?:? ''അല്ല നിനക്കറിയോ അവരാരാണെന്ന്? ഞാൻ വഴിയിൽ കിടന്നില്ലേ, നീ വരുന്നവരെ മൃതപ്രായനായി. അപ്പോഴൊക്കെ എന്റെ പ്രതീക്ഷ മുഴുവൻ അടുത്തുവരുന്ന കാൽപെരുമാറ്റങ്ങളിലായിരുന്നു. ആർക്കെങ്കിലും അലിവുതോന്നി രക്ഷിക്കണേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സിൽ. അബോധാവസ്ഥയിലും ഞാനറിഞ്ഞു, രണ്ടുപേർ അടുത്തുവന്നിട്ട് കടന്നുപോകുന്നത്. പുരോഹിതനും ലേവായനും. അവരുടെ രൂപം പുകപോലെ അവ്യക്തമായി...'' വികാരത്തിന്റെ തീവ്രത അവന്റെ വാക്കുകളെ തടഞ്ഞു. അല്പനേരത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു.
''അന്നേ ഞാൻ മനസ്സിൽ കുറിച്ചിരുന്നു. തമ്പുരാൻ സഹായിച്ചാൽ, എനിക്കുയിരു കിട്ടിയാൽ ഞാനിവന്മാരെ ഒരു പാഠം പഠിപ്പിക്കും. സത്രത്തിൽ നിന്നു തിരിച്ചെത്തിയ ഉടനെ ഞാൻ സൈനികരെ അയച്ചു, രണ്ടുപേരെയും തിരഞ്ഞുപിടിക്കാൻ. ഓർമ്മയിൽ വച്ചിരുന്ന ചെറിയ ലക്ഷണങ്ങൾ സഹായമായി. മൂന്നുദിവസം കൊണ്ട് എന്റെ മുമ്പിൽ ഹാജരാക്കി. പിന്നീടായിരുന്നു ന്യായക്കോടതിയുടെ വിചാരണയും വിധിയും.'' നഗരാധിപതിയുടെ മനസ്സു തുറന്നു.
അവന്റെ ഉള്ളറിഞ്ഞ സമരിയാക്കാരൻ നടുങ്ങി. കാരുണ്യത്തിന്റെ എണ്ണ ലോഭമില്ലാതെ സ്വീകരിച്ചവനിൽ അത് ഉറവ വറ്റിയിരിക്കുന്നു! അനുകമ്പയുടെ വീഞ്ഞ് അളവില്ലാതെ അനുഭവിച്ചവനിൽ ഇപ്പോൾ കുടിപ്പകയുടെ ദ്രക്ഷാരസം ശ്രവിക്കുന്നു!
നടുക്കത്തിൽ നിന്നുണർന്ന് സമരിയാക്കാരൻ ആവശ്യം ആവർത്തിച്ചു വീഞ്ഞും എണ്ണയും. തന്ന വാക്കു പാലിക്കണമെന്ന് ശഠിച്ചു.
മനസ്സില്ലാ മനസ്സോടെ നഗരാധിപതി കലവറക്കാരന് ആളയച്ചു. കലവറക്കാരൻ മുഖം കാണിച്ചു. ''ഏറ്റം മുന്തിയ വീഞ്ഞും എണ്ണയും കൊണ്ടുവാ. ഓരോ കുപ്പി.''
കേട്ടപടി കലവറക്കാരൻ ഓടി. അതേവേഗത്തിൽ തിരിച്ചുവന്നു. വെറും കൈയോടെ?:? ?'?യജമാനനെ ക്ഷമിക്കണം. കലവറയിൽ എണ്ണയും വീഞ്ഞും തീർന്നിരിക്കുന്നു!''
വിസ്മയം പുറത്തുകാട്ടാതെ മനസ്സാന്നിദ്ധ്യം കൈവിടാതെ അയാൾ ഉത്തരവിട്ടു: ''നമ്മുടെ പത്തായം തുറക്ക്! കരുതൽ ശേഖരത്തിൽ നിന്ന് കൊണ്ടുവാ എണ്ണയും വീഞ്ഞും.''
ഇത്തവണയും അയാൾ വെറും കയ്യോടെ തിരിച്ചെത്തി: ''യജമാനനേ പത്തായവും കാലി. എല്ലാ ഭരണികളും വറ്റിയിരിക്കുന്നു,'' ഭയംമൂലം അയാളുടെ ശബ്ദം വിറപൂണ്ടിരുന്നു.
''വിശിഷ്ടാതിഥികൾക്കുള്ള വിശിഷ്ഠ ശേഖരമില്ലേ. അതിൽ നിന്നാകട്ടെ.'' പക്ഷേ കലവറക്കാരൻ മൂന്നാമതും വെറും കൈയോടെ പ്രത്യക്ഷപ്പെട്ടു.
അതോടെ നഗരശ്രേഷ്ഠനിൽ അപമാനം ഉറവപൊട്ടി നിരാശ നിറഞ്ഞു വന്നു. ക്ഷോഭം വളർന്ന് നിന്നു. ഹൃദയം തകർന്ന് അയാൾ അകത്തളങ്ങളിൽ തളർന്നു വീണു. കൊട്ടാരസമൃദ്ധിയുടെ ദാരിദ്ര്യം അയാളെ ഭീതിയിലാഴ്‌ത്തി. വാക്കുപാലിക്കാത്തതിന്റെ അപമാനം അയാളെ മുറിപ്പെടുത്തി. എതിരാളികളോടുള്ള പക അയാളിലെ ജീവനെ ശ്വാസം മുട്ടിച്ചു അങ്ങനെ ആത്മാവിൽ ഭയചകിതനായി. മുറിവുകളാൽ ആത്മധൈര്യം ചോർന്നുപോയി. അയാളിൽ ജീവൽപ്രകാശം കെട്ടു?!
ബന്ധിതരുടെ മുറിവുകൾക്കുള്ള എണ്ണയും വീഞ്ഞും വറ്റിയതിനാൽ സമരിയാക്കാരന്റെ നൊമ്പരം ഏറി. മനസ്സമാധാനം തകർന്നു. ഹൃദയഭാരത്തോടെ ഇടറുന്ന പാദങ്ങളോടെ അയാൾ കൊട്ടാരത്തിനുപുറത്തു കടന്നു സ്വഗ്രാമത്തിലേക്ക് യാത്രയാകാൻ.
മുറ്റത്ത് കാലുകുത്തിയപ്പോൾ കാലിനൊരു കുളിർമ. നനവ്. നോക്കിയപ്പോൾ ഒഴുകി വരുന്ന ഉറവച്ചാൽ. എണ്ണയും വീഞ്ഞും കൂടിക്കലരുന്ന ധാരാപ്രവാഹം. മുമ്പോട്ടു നീങ്ങിയപ്പോൾ മനസ്സിലായി, ഉറവയുടെ ശ്രോതസ്സ് കഴുതപ്പുറത്തെ സഞ്ചി. സഞ്ചിക്കകത്തെ കാലിക്കുപ്പികൾ രണ്ടും നിറഞ്ഞുകവിയുന്നു. സഞ്ചിയും ജീനിയും നനച്ച് ഒഴുകി വീഴുന്നു.
ഉറവക്കുപ്പികളുമായി സമരിയാക്കാരൻ ബന്ധിതരുടെ അടുത്തിരുന്നു. അവരുടെ മുറിവുകളിൽ ജീവൻ വളർന്നു വന്നു. പരുക്കുകളിൽ ആരോഗ്യം ശക്തിപ്പെട്ടു.? ?വിലങ്ങുകളിൽ സ്വാതന്ത്ര്യം മൊട്ടിട്ടു. അവരുടെ ഹൃദയത്തിൽ കനിവ് നിറഞ്ഞുവന്നു. അത് മരിച്ചുവീണ നഗരാധിപതിയെയും ചെന്ന് തൊട്ടുണുർത്തുന്ന ജീവകാരുണ്യമായി.
നസ്രായൻ പറഞ്ഞു: ''ഹൃദയകാരുണ്യം വറ്റിയാൽ ജീവൻ, മൃതിയുടെ പിടിയിലാകും?.? ദയാവായ്പ് സകലരിലേക്കും പരിധിയില്ലാതെ ചൊരിഞ്ഞാൽ മൃതിയുടെ നടുവിലും ജീവൻ മുളച്ചുവരും നിത്യജീവൻ!''