ന്നത്തെ സുവിശേഷത്തിൽ ശ്രദ്ധിക്കേണ്ട വചനം 17: 13 ആണ്. പത്ത് കുഷ്ഠരോഗികൾ അകലെ നിന്ന് വിളിച്ചപേക്ഷിച്ചു. ''ഗുരോ, കനിയണമേ'' ഉടനെ ഈശോ പറഞ്ഞു നിങ്ങൾ പോയി നിങ്ങളെ പുരോഹിതർക്കു കാണിച്ചു കൊടുക്കുവിൻ. എന്നാൽ പോകുംവഴി അവരെല്ലാവരും സുഖപ്പെട്ടു. (17: 14) അർത്ഥം, ഈശോയിലുള്ള അവരുടെ വിശ്വാസമാണ് അവരെ സുഖപ്പെടുത്തിയത്. ഇതാണ് സുഖപ്പെടുത്തുന്ന വിശ്വാസം. ഇത് പത്ത് കുഷ്ഠരോഗികളുടെ വിശ്വാസമാണ്.

എന്നാൽ മുന്നോട്ടു പോകുമ്പോൾ മറ്റൊരു കാര്യം കൂടി സംഭവിക്കുന്നുണ്ട്. 19ാം മത്തെ വചനം ശ്രദ്ധിക്കണം. തിരിച്ചു വന്നു നന്ദി പറയുന്ന് സമരിയക്കാരനായ കുഷ്ഠരോഗിയോട് ഈശോ പറയുന്നു:  "നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു". (17: 19) രക്ഷയെന്നു പറഞ്ഞാൽ മരണത്തിനപ്പുറത്തേക്ക് നീളുന്ന ജീവനാണ്. നിത്യ ജീവനാണ് ചുരുക്കത്തിൽ സമരിയക്കാരന്റെ വിശ്വാസം അവനെ രക്ഷയെന്ന് നിത്യ ജീവനിലേക്ക് നയിക്കുന്നുവെന്നർത്ഥം.

ഒന്നാമത്തേത് സുഖവും രോഗവിമുക്തിയും തരുന്ന വിശ്വാസം. എന്നാൽ രണ്ടാമത്തെതോ? രക്ഷയും നിത്യമായ ജീവനും പ്രദാനം ചെയ്യുന്ന വിശ്വാസമാണത്.

ഒന്നാമത്തെ വിശ്വാസത്തിൽ നിന്നും എങ്ങനെ രണ്ടാമത്തെ വിശ്വാസത്തിലേക്ക് വളർന്നു വരാം? അതിനുള്ള വഴിയാണ് ഇന്നത്തെ സുവിശേഷം പറഞ്ഞു തരുന്നത്. നിനക്ക് സുഖവും താൽക്കാലിക സന്തോഷവും തരുന്ന നിന്റെ വിശ്വാസത്തിൽ നിന്ന് നിനിക്ക് എങ്ങനെ രക്ഷയിലേക്കും നിത്യജീവിതത്തിലേക്കും നയിക്കുന്ന വിശ്വാസത്തിലേക്ക് വളരാനാവും?

ഇതിനുള്ള വഴിയാണ് 16ാം മത്തെ വചനം. പറഞ്ഞു തരുന്നത്. രോഗവിമുക്തനായെന്ന് തിരിച്ചറിഞ്ഞ സമരിയക്കാരൻ ദൈവത്തെ സ്തുതിച്ചു കൊണ്ട് തിരച്ചു വരുന്നു. അവൻ യേശുവിന്റെ കാൽക്കൽ കമിഴ്ന്ന് വീണ് നന്ദി പറഞ്ഞു (17: 15 16) ഇങ്ങനെ  സാഷ്ടാംഗം പ്രണമിച്ച് നന്ദി പറയുന്നവനോടാണ് ഈശോ പറയുന്നത് നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നെന്ന് (17: 19)

രക്ഷയിലേക്കോ നിത്യ ജീവനിലേക്കോ നയിക്കുന്ന വിശ്വാസത്തിലേക്ക് വളരാൻ എന്തു ചെയ്യണം? ഒന്ന് നമ്മൾ സ്വീകരിക്കുന്ന നന്മയെക്കുറിച്ച് ബോധവാന്മാരാകണം. സമരിയക്കാരനായ കുഷ്ഠരോഗിക്ക് സംഭവിച്ചത് അതാണ്. തനിക്ക് അവകാശമില്ലാഞ്ഞിട്ടും ലഭിച്ച നന്മയെക്കുറിച്ച് ഔദാര്യമായി ലഭിച്ച വലിയ സൗഖ്യത്തെക്കുറിച്ച് അവൻ ബോധവാനാകുന്നു. ആ വലിയ അവബോധത്തിലാണ് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവൻ തിരിച്ചു വരുന്നത്.

രക്ഷയിലേക്ക് നയിക്കുന്ന വിശ്വാസത്തിലേക്ക് ഞാനും വളരണമെങ്കിൽ ഞാൻ ചെയ്യേണ്ട ഒന്നാമതതെ കാര്യമിതാണ്. അനുദിനം ഞാൻ സ്വീകരിക്കുന്ന നന്മകളെക്കുറിച്ച് ഞാൻ ബോധവാനാകണം. ബോധവതിയാകണം. സൗജന്യമായും ഔദാര്യമായും എന്നിലേക്ക് വന്നു ചേരുന്നത് എന്തെല്ലാം നന്മകളാണ്?

എന്റെ ജീവൻ തന്നെ എനിക്ക് ഔദാര്യമായി ലഭിച്ചതല്ലേ? എന്റെ ശരീരം എനിക്ക് ലഭിച്ച സമ്മാനമല്ലേ? ഞാൻ ജീവിക്കുന്ന ഈ ഭൂമിയും അതിന്റെ സമ്പത്തുകളും സൗജന്യമായി എനിക്കു ലഭിച്ചതല്ലേ? ഞാൻ ശ്വസിക്കുന്ന വായു ഞാൻ കുടിക്കുന്ന വെള്ളം എന്നെ പ്രകാശിപ്പിക്കുന്ന സൂര്യൻ എല്ലാം എനിക്ക് സൗജന്യമായി ലഭിച്ച സമ്മാനങ്ങളല്ലേ?

സ്വീകരിച്ച നന്മകളെക്കുറിച്ച് ബോധവാനാകുക. ഇതാണ് ആദ്യപടി. അതിനുശേഷം സ്വീകരിക്കുന്ന നന്മകളെക്കുറിച്ച് നന്ദിയുള്ളവരാകുക. സമരയിക്കാരൻ അതാണ് ചെയ്യുന്നത്. അവൻ യേശുവിന്റെ കാൽക്കൽ കമിഴ്ന്ന് വീണ് നന്ദി പറഞ്ഞു. (17: 16) സ്വീകരിച്ച് നന്മകളെക്കുറിച്ച് നന്ദി പറയുമ്പോൾ എന്താണ് സംഭവിക്കുന്നത്? എനിക്കാദ്യം കിട്ടിയ സമ്മാനം എന്നിലെ ജീവനാണ്. അത് ഈ പ്രപഞ്ചത്തിലാകമാനം നിറഞ്ഞു നിൽക്കുന്ന ജീവന്റെ ഒരു കണികയാണ്. ആകമാന ജീവനായ ദൈവിക ജീവന്റെ ഒരു സ്ഫുലിംഗമാണ്. അനുദിനം ലഭിക്കുന്ന നന്മകളെക്കുറിച്ച് ഞാൻ അവബോധത്തിലായി അവക്ക് നന്ദി പറയുമ്പോൾ എന്നിലെ ജീവൻ വളരുന്നു, വർദ്ധിക്കുന്നു. അങ്ങനെ വളർന്ന് വളർന്ന് അത് മരണത്തിനപ്പുറത്തെ നിത്യതയിലേക്ക് വ്യാപിക്കുന്നു. നിത്യ ജീവനും രക്ഷയുമായി അത് രൂപാന്തരപ്പെടുന്നു.

ഇതാണ് ഈശോ ഇന്ന് പറഞ്ഞ് തരുന്നത്. ലഭിച്ച നന്ദിയെക്കുറിച്ച് ബോധവാനായി തിരികെ വന്ന് നന്ദി പറയുമ്പോഴാണ് സമരിയക്കാരന്റെ വിശ്വാസം അവനെ രക്ഷിക്കുന്നത്.

കാർത്തിയായനിച്ചേച്ചി എന്ന ധർമക്കാരത്തിയുടെ കഥ. (ഓഡിയോ കേൾക്കുക)

ലഭിക്കുന്ന നന്മകളെ തിരിച്ചറിയുക. അവയെ അനുഭവിക്കുക. ആ അനുഭവത്തിൽ നിന്ന് കൊണ്ട് നന്ദിയോടെ ജീവിക്കുക തമ്പുരാനോടും നിന്റെ പ്രിയരോടും നന്ദിയോടെ ജീവിക്കുക. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കുന്നതാകും.