ന്നത്തെ സുവിശേഷത്തിൽ വളരെ അസാധാരണമായ പ്രതികരണമാണ് ഈശോയിൽ നിന്നുണ്ടാകുന്നത്. സാധാരണ ഗതിയിൽ ഈശോയുടെ വാക്കും പ്രവൃത്തിയും കരുണാമയവും, മാതൃകാപരവും, അനുകരണീയവുമാണ്. എന്നാൽ അതിനൊക്കെ വിപരീതമായ ഒരു പ്രതികരണം ഇന്ന് ഈശോയിൽ നിന്നുണ്ടാകുന്നു.

കാനാൻകാരി സ്ത്രീ ഈശോയെ സമീപിക്കുന്നതാണ് സന്ദർഭം. 22-ാമത്തെ വചനം ശ്രദ്ധിക്കണം: 'ഒരു കാനാൻകാരി വന്ന് അവനോട് കരഞ്ഞപേക്ഷിച്ചു' (15:22). ഈശോ അവളെ ഗൗനിക്കാഞ്ഞപ്പോൾ ശിഷ്യന്മാർ ഇടപെടുന്നു. അപ്പോൾ അവൾ വീണ്ടും അവന്റെ മുമ്പിൽ വരുന്നു. 'അവൾ സാഷ്ടാംഗം പ്രണമിച്ച്, കർത്താവേ എന്നെ സഹായിക്കണേ എന്നപേക്ഷിച്ചു' (15:25).

ഇങ്ങനെ കരഞ്ഞപേക്ഷിക്കുന്ന, സാഷ്ടാംഗം പ്രണമിച്ച് കേഴുന്ന കാനാൻകാരിയോടുള്ള ഈശോയുടെ പ്രതികരണം എന്താണ്? 26-ാമത്തെ വചനം ശ്രദ്ധിക്കണം. 'അവൻ പറഞ്ഞു, മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല' (15:26).

ഇത് അരോചകമായ ഒരു പ്രതികരണമാണ്; മനുഷ്യത്വം തീരെയില്ലാത്ത മറുപടിയാണ്. അത് കൂടുതൽ വ്യക്തമാകുന്നത് ഈ പ്രസ്താവനയുടെ പിറകിൽ ഒളിഞ്ഞിരിക്കുന്ന സൂചകങ്ങൾ വെളിവാകുമ്പോഴാണ്. ആരാണ് മക്കൾ? ആരാണ് നായ്ക്കൾ? എന്താണ് അപ്പം?

മക്കൾ ആരാണെന്നുള്ളത് വളരെ വ്യക്തമാണ്. ഈ അധ്യായം ആരംഭിക്കുമ്പോൾ ഈശോയെ സമീപിക്കുന്നത് ഫരിസേയരും നിയമജ്ഞരുമാണ്. ഫരിസേയരും നിയമജ്ഞരും അടങ്ങുന്ന യഹൂദരാണ് മക്കൾ. അപ്പോൾ നായ്ക്കളോ? യഹൂദരല്ലാത്ത പുറംജാതിക്കാരെല്ലാവരും; ഇവിടെ കാനാൻകാരി സ്ത്രീ. അങ്ങനെയെങ്കിൽ അപ്പം എന്താണ്? അവൾ കരഞ്ഞപേക്ഷിക്കുന്ന സ്വന്തം മകളുടെ സൗഖ്യം തന്നെ.

ഈശോയുടെ ഈ പ്രതികരണം മനുഷ്യത്വമില്ലാത്തതും നിർദയവുമായ പ്രതികരണമായി പെട്ടെന്ന് നമുക്ക് തോന്നാം. എന്നാൽ ഈശോയും സുവിഷേശകനും ലക്ഷ്യം വയ്ക്കുന്നത് മറ്റൊന്നാണ്. അത് അറിയണമെങ്കിൽ 28-ാമത്തെ വചനം ശ്രദ്ധിക്കണം: 'സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ' (15:28). ഇത് പറയാനുള്ള കാരണം തൊട്ടുമുമ്പത്തെ വചനമാണ്: ' അവൾ പറഞ്ഞു, അതേ കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽ നിന്നും വീഴുന്ന അപ്പകഷണങ്ങൾ തിന്നാറുണ്ടല്ലോ: (15:27). അതിന് പ്രതികരണമായിട്ടാണഅ അവൾ ആഗ്രഹിച്ചതുപോലെ സംഭവിക്കട്ടെയെന്ന് ഈശോ പറയുന്നത്. അതിലൂടെ അവളുടെ മകൾക്ക് സൗഖ്യം കിട്ടി (15:28).

അതായത് അവൾ ആവശ്യപ്പെട്ട അപ്പം അവൾക്ക് കിട്ടുന്നു. ആർക്ക് കിട്ടുന്നു? നായയെന്ന് ഈശോ വിശേഷിപ്പിച്ച കാനാൻകാരിക്ക് അപ്പം കിട്ടുന്നു. എന്നാൽ മക്കളായ ഫരിസേയർക്കും നിയമജ്ഞർക്കുമോ? അവർക്ക് അപ്പമെന്ന സൗഖ്യം ലഭിക്കുന്നുമില്ല.

ചുരുക്കത്തിൽ സ്വന്തം വിശ്വാസം മൂലം, കാനാൻകാരി മക്കൾക്കായി സംവരണം ചെയ്യപ്പെട്ടുവച്ചിരുന്ന അപ്പം സ്വന്തമാക്കുന്നു. അതായത് വിശ്വാസം മൂലം അവൾ മക്കളുടെ സ്ഥാനത്തേയ്ക്ക് ഉയർന്നിരിക്കുന്നുവെന്ന് സാരം. അപ്പോൾ ഒരുവനെ ദൈവത്തിന്റെ മകനോ, മകളോ ആക്കുന്നത് അവന്റെ/അവളുടെ വിശ്വാസമാണെന്ന് വരുന്നു. ജന്മം കൊണ്ടല്ല, കർമ്മം (വിശ്വാസം) കൊണ്ടാണ് കാനാൻകാരി മക്കളുടെ സ്ഥാനത്തേയ്ക്ക് ഉയർന്നത്.

മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ വന്ന സിന്ധു ഈ എസിന്റെ കഥ - വർക്കിച്ചായൻ മരിക്കുന്ന സന്ദർഭം (ഓഡിയോ കേൾക്കുക). ജന്മം കൊണ്ടല്ല കർമംകൊണ്ടാണ് ഒരുവൻ യഥാർത്ഥത്തിൽ മകനോ മകളോ ആകുന്നത്.

വിശ്വാസം മൂലമാണ് കാനാൻകാരി ദൈവമക്കളുടെ സ്ഥാനത്തേയ്ക്ക് ഉയരുന്നതും, മക്കൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന അപ്പം സ്വന്തമാക്കുന്നതും.

ഇവിടെ ഒരു വ്യത്യാസം കൂടി നമ്മൾ തിരിച്ചറിയണം. നമ്മൾ ജനിക്കുന്നതും ജീവിക്കുന്നതും പലതരം മനുഷ്യരായിട്ടാണ്. മലയാളി - തമിഴൻ, കറുത്തവൻ - വെളുത്തവൻ, ഹിന്ദു - മുസ്ലിം മുതലായ തരംതിരിവുകൾ. എന്നാൽ ഇത്തരം ലേബലുകൾക്കു പിറകിലുള്ള എന്റെ യഥാർത്ഥ സ്വത്വം എന്താണ്? ഞാൻ യഥാർത്ഥത്തിൽ ആരാണ്? ഈ ഒരു തിരിച്ചറിവിലേയ്ക്ക് ഉണർന്നുവരുക. ഇതാണ് വിശ്വാസം എന്നതുകൊണ്ട് ഈശോ ഉന്നം വെയ്ക്കുന്നത്.

നീ യഥാർത്ഥത്തിൽ ആരാണെന്ന തിരിച്ചറിവിലേയ്ക്ക് ഉണരുന്നതാണ് വിശ്വാസം. നിന്റെ ചുറ്റിലും പ്രപഞ്ചത്തിലാകമാനവും നിറഞ്ഞു നിൽക്കുന്ന ജീവന്റെ ഒരു സ്ഫുലിംഗമാണ് നീ. ദൈവികജീവന്റെ ഒരു കണികയാണ് നീ.

യഥാർത്ഥത്തിൽ നീ ആരാണ്? നിന്റെ ശരീരമാണോ? നിന്റെ മനസാണോ? നിന്റെ സാമൂഹ്യസ്ഥാനമാനങ്ങളാണോ? അല്ലല്ലോ? അതിനൊക്കെ പുറകിൽ നിൽക്കുന്ന നിന്റെ ജീവനെ നീ തിരിച്ചറിയണം. ആ ജീവന്റെ അവകാശങ്ങൾ നീ തിരിച്ചറിയണം. കാനാൻകാരി തിരിച്ചറിയുന്നത് ഈ അവകാശങ്ങളാണ് - യജമാനന്റെ മേശയിൽ നിന്ന് വീഴുന്ന അപ്പകഷണങ്ങൾക്കുള്ള അവകാശം. ഈ തിരിച്ചറിവായിരുന്നു അവളുടെ വിശ്വാസം.

അതിനാൽ ഈശോ ഇന്ന് നിന്നോടും ആവശ്യപ്പെടുന്നത് ഇത് തന്നെയാണ് - നീ ആരാണെന്ന് തിരിച്ചറിയുക. നിന്നിലെ ജീവനെ തിരിച്ചറിയുക. ആ ജീവന്റെ സാധ്യതകളെയും അവകാശങ്ങളെയും തിരിച്ചറിയുക. ഇതൊരു ഉയർന്ന അവബോധമാണ്. ഈ അവബോധത്തിലേയ്ക്കുള്ള വളർച്ചയാണ് വിശ്വാസം. ഒരു പ്രവൃത്തിയേക്കാൾ ഉപരി, ഇതൊരു തിരിച്ചറിവാണ്.

ഈ തിരിച്ചറവിലേയ്ക്ക് ഉണർന്നുവരുന്നിടത്താണ് നീ ദൈവത്തിന്റെ മകനായി വളരുന്നത്; മകളായി വളരുന്നത്. കാനാൻകാരിക്ക് സ്വന്തമായിട്ടുണ്ടായിരുന്നത് ഇതായിരുന്നു. ഫരിസേയർക്കും നിയമജ്ഞർക്കും സ്വന്തമാക്കാൻ സാധിക്കാത്തതും ഈ അവബോധം തന്നെയായിരുന്നു.

ഈശോ ഇന്ന് നിന്നോടും എന്നോടും ആവശ്യപ്പെടുന്നതും ഇത് തന്നെയാണ്. നീ യഥാർത്ഥത്തിൽ ആരാണെന്ന് തിരിച്ചറിയുക. ദൈവത്തിന്റെ മകനെന്ന നിലയിലുള്ള നിന്റെ അവകാശങ്ങൾ തിരിച്ചറിയുക. അതിന്റെ സാധ്യതകളിലേയ്ക്ക് നീ ഉണർന്നുവരിക. ദൈവത്തിന്റെ സന്താനമാണെന്ന് തിരിച്ചറിയുക. ഒപ്പം ദൈവത്തിന് സ്വന്തമായിട്ടുള്ളതിന്റെയെല്ലാം അവകാശിയാണെന്നും തിരിച്ചറിയുക. ഈ തിരിച്ചറിവിലാണ് നീ വിശ്വാസിയായി മാറുന്നത്.