- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയിണവച്ച് ഉറങ്ങുന്നവൻ: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
ഇന്നത്തെ സുവിശേഷത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് 24ാം മത്തെ വചനമാണ്. ''കടലിൽ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു'' ഈശോയുടെ ശിഷ്യന്മാരും വള്ളത്തിലാണ്. ഗലീലി തടാകത്തിൽ. അപ്പോഴാണ് കൊടുങ്കാറ്റും തിരമാലകളും ഉയരുന്നത്. അപ്പോൾ ഉളവാകുന്ന രണ്ട് പ്രതികരണങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്നാമത്തെ പ്രതികരണം ശിഷ്യന്മാരുടേതാണ്. അവർ കരഞ്ഞപേക്ഷിക്കുന്നു. ''കർത്താവേ രക്ഷിക്കണേ. ഞങ്ങളിതാ നശിക്കാൻ പോകുന്നു'' (8: 25) എന്നാൽ ഈശോയുടെ പ്രതികരണം എന്താണ്? മാർക്കോസാണ് അതു കൃത്യമായി ചിത്രീകരിക്കുന്നത് ''അവൻ അമരത്ത് തലയിണ വച്ച് ഉറങ്ങുകയായിരുന്നു'' (മാർക്കോ 4: 38) കൊടുങ്കാറ്റിലും തിരമാലകളിലും പെട്ട് തകരുന്ന വള്ളത്തിന്റെ അമരത്ത് തലയിണ വച്ച് ഉറങ്ങുന്ന ഈശോ! എത്ര ശാന്തമായിട്ടാണ് ഈശോയുടെ ഉറക്കം! ജീവിതത്തിലെ ഏറ്റവും വലിയ അപകടത്തിന്റെ മുമ്പിൽ ഈശോ ശാന്തമായി വിശ്രമിക്കുന്നു. ഉറങ്ങുന്നു. പുറത്തുള്ള കൊടുങ്കാറ്റിനും തിരമാലയ്ക്കും മരണകരമായ അപകടത്തിനും അവനെ ഭയപ്പെടുത്താനാകുന്നില്ല. അതേ സാഹചര്യത്തിൽ ശിഷ്യന്
ഇന്നത്തെ സുവിശേഷത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് 24ാം മത്തെ വചനമാണ്. ''കടലിൽ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു'' ഈശോയുടെ ശിഷ്യന്മാരും വള്ളത്തിലാണ്. ഗലീലി തടാകത്തിൽ. അപ്പോഴാണ് കൊടുങ്കാറ്റും തിരമാലകളും ഉയരുന്നത്. അപ്പോൾ ഉളവാകുന്ന രണ്ട് പ്രതികരണങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്നാമത്തെ പ്രതികരണം ശിഷ്യന്മാരുടേതാണ്. അവർ കരഞ്ഞപേക്ഷിക്കുന്നു. ''കർത്താവേ രക്ഷിക്കണേ. ഞങ്ങളിതാ നശിക്കാൻ പോകുന്നു'' (8: 25)
എന്നാൽ ഈശോയുടെ പ്രതികരണം എന്താണ്? മാർക്കോസാണ് അതു കൃത്യമായി ചിത്രീകരിക്കുന്നത് ''അവൻ അമരത്ത് തലയിണ വച്ച് ഉറങ്ങുകയായിരുന്നു'' (മാർക്കോ 4: 38) കൊടുങ്കാറ്റിലും തിരമാലകളിലും പെട്ട് തകരുന്ന വള്ളത്തിന്റെ അമരത്ത് തലയിണ വച്ച് ഉറങ്ങുന്ന ഈശോ! എത്ര ശാന്തമായിട്ടാണ് ഈശോയുടെ ഉറക്കം!
ജീവിതത്തിലെ ഏറ്റവും വലിയ അപകടത്തിന്റെ മുമ്പിൽ ഈശോ ശാന്തമായി വിശ്രമിക്കുന്നു. ഉറങ്ങുന്നു. പുറത്തുള്ള കൊടുങ്കാറ്റിനും തിരമാലയ്ക്കും മരണകരമായ അപകടത്തിനും അവനെ ഭയപ്പെടുത്താനാകുന്നില്ല. അതേ സാഹചര്യത്തിൽ ശിഷ്യന്മാർ മരണ വെപ്രാളത്തോടെ നിലവിളിക്കുകയാണ്. ഒരേ പ്രശ്നത്തിന്റെ മുമ്പിലുള്ള രണ്ട് വ്യത്യസ്തമായ പ്രതികരണങ്ങളാണിവ.
ഇവിടെ നമ്മൾ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ ജീവിതമാകുന്ന യാത്രയിൽ കൊടുങ്കാറ്റുണ്ടാകും. തിരമാലകളുയരും നമ്മുടെ വഞ്ചി അപകടത്തിലാകും. പലപ്പോഴും പുറമേയുള്ള പലതിന്റെയും മേൽ നമുക്ക് വലിയ നിയന്ത്രണമൊന്നുമില്ലെന്നതാണ് സത്യം. കൊടുങ്കാറ്റിനെയും തിരമാലകളെയും പലപ്പോഴും നമുക്ക് നിയന്ത്രിക്കാനാവില്ല.
എന്നാൽ നമ്മുടെ നിയന്ത്രണത്തിലുള്ളത് നമ്മുടെ മനസ്സാണ്, നമ്മുടെ ഹൃദയമാണ്, നമ്മുടെ ജീവനാണ്. മറ്റുള്ളവരുടെ പ്രവൃത്തികളെയും അഭിപ്രായങ്ങളെയും, തീരുമാനങ്ങളെയും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ അവയോടുള്ള നമ്മുടെ പ്രതികരണങ്ങൾ നമ്മുടെ നിയന്ത്രണത്തിലാണ്. എങ്ങനെ പ്രതികരിക്കണമെന്ന് നമുക്ക് തീരുമാനിക്കാനാകും. നമ്മുടെ നിയന്ത്രണത്തിലുള്ളത് നമ്മുടെ മനസ്സും ഹൃദയമാണ്.
ഏറ്റവും വലിയ പ്രതിസന്ധിയുടെ മുമ്പിൽ തലയിണ വച്ച് ഉറങ്ങുന്ന ഈശോ, നമ്മുടെ മുമ്പിൽ വയ്ക്കുന്നത് ഒരു സാധ്യതയണ്. ഒരുവൻ എത്തിപ്പിടിക്കാവുന്ന സാധ്യതയുടെ അങ്ങേയറ്റമാണ് ക്രിസ്തു. ഏറ്റവും വലിയ കൊടുങ്കാറ്റിന്റെ മുമ്പിലും ഈശോയുടെ മനസ്സ് ചഞ്ചലപ്പെടുന്നില്ല. ഭീതിയാലാകുന്നില്ല. അവൻ നിയന്ത്രിച്ച് നിർത്തുന്നത് അവന്റെ മനസ്സിനെയാണ്, ഹൃദയത്തെയാണ്. പ്രതിസന്ധികളിൽ പെടുമ്പോൾ നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കേണ്ടത് വഞ്ചിയുടെ അമരത്ത് തലയിണ വച്ച് ഉറങ്ങുന്ന ഈശോയാണ്.
പഴയ ഒരു സംഭവം മരണത്തിന്റെ മുമ്പിൽ ശാന്തമായി പ്രതികരിക്കുന്ന മേഴ്സി (ഓഡിയോ കേൾക്കുക)
വലിയ കൊടുങ്കാറ്റിന്റെ ഇടയിലും അമരത്ത് തലയിണ വച്ച് ഉറങ്ങുന്ന ഈശോയെ മനസ്സിലും ഹൃദയത്തിലും പ്രതിഷ്ഠിക്കുക. നമ്മൾ എത്തിച്ചേരേണ്ട ലക്ഷ്യവും സാധ്യതയുമാണ് തലയിണ വച്ച് ഉറങ്ങുന്ന ഈശോ.
നമ്മുടെ ജീവിതത്തിന് പുറത്ത് നടക്കുന്നവ, മറ്റുള്ളവർ നമ്മളോട് ചെയ്യുന്നവ - ഇവയുടെ മേൽ നമുക്ക് വലിയ നിയന്ത്രണമൊന്നുമില്ല. നമുക്ക് നിയന്ത്രണമുള്ളത് അവയോടൊക്കെയുള്ള നമ്മുടെ പ്രതികരണങ്ങളിലാണ്. അതാണ് അമരത്ത് തലയിണ വച്ച് ഉറങ്ങുന്ന ഈശോ!
എന്നിട്ടെന്താണ് അടുത്തപടി? അമരത്ത് തലയിണ വച്ച് ഉറങ്ങുന്നവൻ കാറ്റിനെയും കടലിനെയും ശാസിക്കുന്നു. രണ്ടും ശാന്തമാകുന്നു (8: 25) ജീവിത പ്രതിസന്ധികളിൽ ശാന്തത കൈവിടാതെ പ്രതികരിക്കാൻ പരിശീലിക്കുന്നവനെ കാറ്റും കടലും പോലും അനുസരിക്കുമെന്ന് സാരം. ഉള്ളിലെ ശാന്തത പുറത്തേക്കും. പരിസരങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഈശോയ്ക്ക് കഴിയുന്നു. അമരത്ത് തലയിണ വച്ച് ഉറങ്ങുന്നവന്റെ ശാന്തതയാണ് കാറ്റിനെയും കടലിനെയും ശാന്തമാക്കുന്നത്. ഇതു തന്നെയാണ് ഇന്ന് ഈശോ നമ്മുടെ മുമ്പിൽ വയ്ക്കുന്ന ആഹ്വാനവും. അമരത്ത് തലയിണ വച്ച് ഉറങ്ങുന്നവന്റെ ശാന്തതയിലേക്ക് ഹൃദയത്തെ വളർത്തിയെടുക്കുക. പ്രതിസന്ധികളെ നേരിടാനുള്ള ക്രിസ്തു മാർഗ്ഗം അതാണ്.