കണ്ണൂർ: സെമിനാരി വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് പരാതി നൽകിയതിന്റെ വിരോധമാണ് കഞ്ചാവ് കേസിൽ ചാപ്പക്കടവിലെ തോട്ടത്തിൽ ജോസഫിനെ കുടുക്കാൻ കാരണം. മധ്യസ്ഥ ചർച്ചക്ക് നിൽക്കാത്തതിനാൽ ജോസഫിന് പണി കൊടുക്കണമെന്ന് നിർദേശിച്ചതും ഫാദർ ജെയിംസ് തെക്കേമുറിയിൽ. അതിനായി മുൻകൂട്ടി തന്നെ ഫാദർ എല്ലാ കെണിയും ഒരുക്കി വെച്ചിരുന്നു. സ്വന്തം സഹോദരൻ സണ്ണിയുടെ ആശയമായിരുന്നു കഞ്ചാവ് കേസിൽ വൈദിക വിദ്യാർത്ഥിയുടെ പിതാവടക്കമുള്ള കുടുംബത്തെ കുടുക്കുക എന്നത്. അതനുസരിച്ച് ബന്ധുവായ റോയിയുടെ കൂടി സഹായം തേടി.

വൈദികനും സണ്ണിയും റോയിയും ചേർന്ന് കഞ്ചാവ് ജോസഫിന്റെ സ്‌ക്കൂട്ടറിൽ വെച്ച് കുടുക്കാനായിരുന്നു പദ്ധതി. വിദ്യാർത്ഥി റാഞ്ചിയിൽ തുടർ പഠനത്തിനെത്തിയപ്പോഴും വൈദികനുമായി ബന്ധപ്പെട്ട സംഘം ഉപദ്രവിച്ചിരുന്നു. ഇരിട്ടി കാലാങ്കിയിൽ നിന്നും വൈദികന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ ഒരു സംഘം വൈദിക വിദ്യാർത്ഥിയെ നിരന്തരം ഉപദ്രവിക്കാൻ ശ്രമിച്ചതായും അറിയുന്നു. വൈദികന്റെ നാട്ടിലുള്ള ബന്ധവും അത്ര നല്ലതായിരുന്നില്ല.

കഞ്ചാവ് കേസിൽ കെണിയൊരുക്കിയത് ഏറ്റാൽ വർഷങ്ങളോളം അയാളുടേയും കുടുംബത്തിന്റേയും ഉപദ്രവം ഉണ്ടാകില്ലെന്നും തങ്ങൾക്ക് രക്ഷപ്പെടാൻ കഴിയുമെന്നുമായിരുന്നു വൈദികന്റേയും കൂട്ടാളികളുടേയും കണക്കു കൂട്ടൽ. ഇന്നലെ തളിപ്പറമ്പ് എക്സൈസ് സിഐ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യാൻ വൈദികനായ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻഡയരക്ടർ ഫാദർ ജെയിംസ് വർഗ്ഗീസിനെ വിളിച്ച് വരുത്തുകയായിരുന്നു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2017 മെയ് 29 നാണ് ചന്ദനക്കാംപാറ ചാപ്പക്കടവിലെ തോട്ടത്തിൽ ജോസഫിന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട സ്‌ക്കൂട്ടിയിൽ നിന്നും ഒരു കിലോ നൂറ്റി അമ്പത് ഗ്രാം കഞ്ചാവ് ശ്രീകണ്ഠാപുരം എക്സൈസ് സംഘം പിടികൂടിയത്. ജോസഫിനും മകനുമെതിരെ അന്ന് തന്നെ കേസെടുക്കുകയും ചെയ്തു. എന്നാൽ സ്‌ക്കൂട്ടിയിൽ ആരോ ബോധപൂർവ്വം കഞ്ചാവ് കൊണ്ട് വെച്ച് തങ്ങളെ കുടുക്കുകയായിരുന്നുവെന്ന് ജോസഫ് പൊലീസിൽ പരാതി നൽകി. അതേ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചെങ്കിലും കേസ് എങ്ങുമെത്തിയില്ല. ഇതോടെ തന്റെ സത്യസന്ധത തെളിയിക്കാൻ ജോസഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം വരികയും തളിപ്പറമ്പ് ഡി.വൈ. എസ്. പി. കെ.വി. വേണുഗോപാൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഡി.വൈ. എസ്. പി.യുടെ അന്വേഷണത്തിൽ കഞ്ചാവ് സ്‌ക്കൂട്ടിയിൽ കൊണ്ട് വെച്ച് കേസിൽ കുടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.

സെമിനാരി ഡയരക്ടറായിരിക്കേ ഒരു വൈദിക വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഫാദർ ജെയിംസ് വർഗ്ഗീസ് ഇരയാക്കാൻ ശ്രമിച്ചിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥി പൊലീസിൽ പരാതി നൽകുകയും വൈദികനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ പരാതിക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ചത് ജോസഫായിരുന്നു. പരാതിയെ തുടർന്ന് സെമിനാരി ഡയരക്ടർ സ്ഥാനത്തു നിന്ന് വൈദികനെ നീക്കം ചെയ്തു. ഇതിന്റെ പ്രതികാരമായിട്ടാണ് ജോസഫിന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട സ്‌ക്കൂട്ടിയിൽ കഞ്ചാവ് കൊണ്ട് വച്ചതും എക്സൈസ് അധികൃതരോട് വിവരം വിളിച്ച് പറഞ്ഞതും.

ഒരു കന്യാസ്ത്രീയുടെ സിം കാർഡ് മറ്റൊരു മൊബൈലിൽ ഉപയോഗിച്ചാണ് എക്സൈസിൽ വിളിച്ച് പറഞ്ഞത്. ഈ കന്യാസ്ത്രീ നാട്ടിൽ നിന്ന് തിരിച്ച് പോകുമ്പോൾ തന്റെ സഹോദരനായ ഓട്ടോ റിക്ഷാ ഡ്രൈവർക്ക് നൽകിയതായിരുന്നു സിംകാർഡ്. ഇക്കാര്യം എക്സൈസ്‌കാരുടെ ചോദ്യം ചെയ്യലിൽ ഓട്ടോ ഡ്രൈവർ സമ്മതിച്ചിരുന്നു. ഈ വിവരം വിളിച്ചു പറഞ്ഞ ഉടൻ സിം കാർഡ് നശിപ്പിക്കുകയും ചെയ്തിരുന്നു.