ലണ്ടൻ: എന്തിനും ഏതിനും പ്രശസ്തി ആഗ്രഹിക്കുന്നവരാണ് ഒരുകൂട്ടം ആളുകൾ. എന്നാൽ, പ്രശസ്തിക്കും പേരിനും ഇടയുണ്ടായിട്ടും അതിൽ നിന്നും അകുന്ന നില്ക്കുന്നവരും നമുക്കിടെയുണ്ട്. അത്തരമൊരു അപൂർവ്വ വ്യക്തിത്വത്തെ പരിചയപ്പെടാം. ക്രിസ്തുവിന്റെ കരുണ എല്ലാവരിലും ചൊരിയുന്ന വിധത്തിൽ ജീവിക്കുക എന്നത് ഇന്ന് അധികമാർക്കും കഴിയാത്ത കാര്യമാണ്. എന്നാൽ, തമ്മിൽ തല്ലുന്ന മനുഷ്യർക്കിടയിൽ വിശുദ്ധനായ ഒരു മനുഷ്യനായി മാറുകയാണ് ഒരു വൈദികൻ. ഉപരിപഠനത്തിവായി ബ്രിട്ടനിൽ എത്തിയ മലയാളി വൈദികൻ ആരും അറിയാത്ത ഒരു രോഗിക്കായി വൃക്ക ദാനം ചെയ്തു എന്നതാണ് ഈ കാരുണ്യത്തിന്റെ വാർത്ത. ഫാദർ ജിൻസൺ മുട്ടത്തിക്കുന്നേലാണ് ഈ വ്യത്യസ്തനായ വൈദികൻ.

തിങ്കളാഴ്ച നടന്ന വൃക്കമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ ആരോടും പറയാതെ ഫാ. ജിൻസൺ മുട്ടത്തിക്കുന്നേൽ രഹസ്യമായി സൂക്ഷിച്ചെങ്കിലും ആശുപത്രിയിലെ തന്നെ ചില മലയാളി ജീവനക്കാർ പറഞ്ഞു വിവരം പുറം ലോകം അറിയുകയായിരുന്നു. കണ്ണൂർ ജില്ലക്കാരനായ ഈ കപ്പൂച്ചിൻ വൈദികന്റെ നമ്പർ കണ്ടെത്തി സംസാരിക്കാൻ ശ്രമിച്ചെങ്കിലും സ്വന്തം മനസാക്ഷിയെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ചെയ്ത ഈ പുണ്യപ്രവർത്തിക്ക് പബ്ലിസിറ്റി നൽകി അതിന്റെ പുണ്യം കളയാൻ അച്ചൻ ഒരുക്കമായിരുന്നില്ല. അതുകൊണ്ട് ജിൻസൺ അച്ചൻ മറുനാടൻ മലയാളിയോട് വാർത്ത സ്ഥിരീകരിക്കാൻ പോലും തയ്യാറായില്ല.

ഇത്തരം ഒരു മഹത്തായ പുണ്യപ്രവർത്തി ലോകം അറിയേണ്ടത് ആവശ്യമായതിനാൽ ഞങ്ങൾ മറ്റു രീതിയിൽ അന്വേഷണം നടത്തി വാർത്ത സ്ഥിരീകരിച്ച് ആ മഹാന്മയനെ കുറിച്ച് വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലിവർപൂളിൽ റോയൽ ആശുപത്രിയിൽ തന്റെ വൃക്ക പകുത്തു നൽകാൻ ജിൻസൺ അച്ചൻ തയ്യാറായതോടെ പ്രതീക്ഷ നഷ്ടമായ ഒരു ജീവൻ വീണ്ടും തളിരിടുകയാണ്. എന്നാൽ ആർക്കാണ് വൃക്ക നൽകിയതെന്നു ഇപ്പോഴും ആർക്കും അറിയില്ല എന്നതാണ് സത്യം. അച്ചന്റെ കരുണ കൊണ്ട് ജീവിതം തളർത്തിയ ആ വ്യക്തി അറിയപ്പെടാതിരുന്നാലും മഹാനായ ഈ മാനുഷിക നന്മ നടത്തിയ ജിൻസൺ അച്ചൻ ആദരിക്കപ്പെടുക തന്നെ വേണം.

ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ തിയോളജി പഠനം നടത്തുന്ന ജിൻസൻ അച്ചൻ ലിവർപൂൾ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. ഏറെ ആലോചിച്ചു എടുത്ത തീരുമാനം ആണെങ്കിലും സ്വന്തം അമ്മയോട് പോലും പറയാതെയാണ് അച്ചന് ആശുപത്രിയിൽ എത്തിയത്. അക്കാരണം കൊണ്ട് കൂടി പ്രിയപ്പെട്ടവരെ പറഞ്ഞു മനസ്സിലാക്കാനും താൻ ചെയ്ത സൽക്കർമ്മത്തിന്റെ വിശുദ്ധി വാർത്ത പ്രാധാന്യം മൂല്യം നഷ്ടമാകാതിരിക്കാനുമാണ് അദ്ദേഹം വാർത്ത രഹസ്യമാക്കി വെയ്ക്കാൻ ശ്രമിച്ചത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ഈ വാർത്തയും പെട്ടെന്ന് ഇടം പിടിക്കുകയായിരുന്നു. വൈദികർക്കും പുതിയ രൂപതയ്ക്കും എതിരെ ശക്തമായ പ്രചാരണം ചിലർ ആരംഭിച്ചതിന്റെ പ്രതികരണമായാണ് മറ്റുച്ചിറ അച്ചന്റെ കരുണാപുരം ലോകത്തെ അറിയിച്ചത് എന്നാണ് റിപ്പോർട്ട്. എന്നാൽ ആരും അറിയാതെ സ്വകാര്യമായ ഒരു പുണ്യമായി മാത്രം കരുതാൻ ആണ് അച്ചൻ ഇഷ്ടപ്പെടുന്നതെന്ന് അച്ചന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു.

വിവരം തേടി ഞങ്ങൾ എസ്എംഎസ് അയച്ചപ്പോൾ ഇക്കാര്യം അദ്ദേഹം ഇന്നലെ ഞങ്ങൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുകയും ചെയ്തു. വാർത്ത എഴുതി ഒരു വലിയ കാര്യമാക്കി ഇതിനെ മാറ്റരുത് എന്നായിരുന്നു അച്ചന്റെ സന്ദേശം. ഇപ്പോൾ ദുബായിൽ ഉള്ള അദ്ദേഹത്തിന്റെ മാതാവ് രണ്ടാഴ്ചക്കകം യുകെ യിൽ എത്തിയ ശേഷം മാത്രമേ അദ്ദേഹം മറ്റാരടെങ്കിലും വൃക്ക ദാനത്തെ പറ്റി സംസാരിക്കാൻ പോലും തയ്യാറാകൂ. അത്രയ്ക്ക് മാനസിക സമ്മർദം അദ്ദേഹം അനുഭവിക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ സോഷ്യൽ മീഡിയയിൽ അച്ചന്റെ ചിത്രങ്ങൾ സ്ഥിരം പ്രചാരണം ഏറ്റെടുത്തതോടെ ഞങ്ങളും പേര് വെളിപ്പെടുത്താൻ നിർബന്ധിക്കപ്പെടുകയായിരുന്നു.

കണ്ണൂർ ജില്ലയിലെ കുടിയാന്മല സ്വദേശിയാണ് വൃക്കദാനം നടത്തിയ ജിൻസൻഅച്ചൻ. ഏറെക്കാലം ഇദ്ദേഹം സുൽത്താൻ ബത്തേരിയിലും പ്രവർത്തിച്ചിട്ടുണ്ട്. യുകെയിൽ പഠനം നടത്താൻ എത്തി മഹത്തായ ജീവകാരുണ്യം ഏറ്റെടുത്ത യുവാവായ ജിൻസനച്ചൻ പ്രവർത്തനം കപ്പൂച്ചിൻ സഭയ്ക്ക് തന്നെ അഭിമാനമായി മാറുകയാണ്. യഥാർത്ഥ ഈശ്വര സേവ പ്രാർത്ഥനയെക്കാൾ മാനവിക സേവയ്ക്കാണെന്നു തെളിയിച്ചാണ് കഴിഞ്ഞ 500 വർഷത്തോളമായി കപ്പൂച്ചിൻ മിഷനറി സംഘം പ്രവർത്തിക്കുന്നത്.

എണ്ണൂറു വർഷം മുൻപ് ജീവിച്ചിരുന്ന വിശുദ്ധ ഫ്രാൻസിസ് നടത്തിയ സേവന പ്രവർത്തനങ്ങളെ മാതൃകയാക്കിയാണ് ഇവർ ലോകമെങ്ങും പ്രവർത്തിക്കുന്നത്. പാവങ്ങളിൽ പാവങ്ങളെയും നിരാലംബരെയും ഒക്കെ സേവിക്കലാണ് ഫ്രാൻസിസ്‌കൻ സംഘത്തിന്റെ പ്രധാന കർത്തവ്യവും. സാമൂഹ്യ പ്രവർത്തനത്തിലൂടെ സമൂഹത്തിനു വെളിച്ചം പകരുക എന്ന കപ്പൂച്ചിൻ മിഷനറിയുടെ ഉദ്ദേശ ലക്ഷ്യം തന്റെ ജീവിതം കൊണ്ട് തന്നെ തെളിയിച്ചിരിക്കുകയാണ് ജിൻസനച്ചൻ.