കൊച്ചി: പൗരോഹിത്യത്തിലേയ്ക്കുള്ള തന്റെ പാതയിൽ ത്യാഗപൂർണ്ണമായ സ്നേഹത്തിലൂടെ പ്രചോദനവും ഊർജ്ജവും പകർന്ന്, തന്നെ ചേർത്തുനിർത്തിയ കൂടെപ്പിറപ്പിനെക്കുറിച്ചുള്ള ഒരു നവവൈദികന്റെ ഹൃദയസ്പർശിയായ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. പൗരോഹിത്യസ്വീകരണ ദിവസത്തിൽ പ്രഥമ ദിവ്യബലിക്കു ശേഷം തന്റെ പ്രിയപ്പെട്ടവർക്ക് നന്ദി പറഞ്ഞ അവസരത്തിലാണ് റോഗേഷനിസ്റ്റ് ഓഫ് ഹാർട്ട് ഓഫ് ജീസസ് സഭാംഗമായ ഫാ.നിഖിൽ ജോൺ ആട്ടുക്കാരൻ, തന്റെ അനുജനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേൾക്കുന്നവരുടെയെല്ലാം കണ്ണു നിറയുന്നതായിരുന്നു.

ഏതാനും വർഷങ്ങൾക്കു മുമ്പ് മാതാപിതാക്കൾ മരണപ്പെട്ടിട്ടും ചേട്ടന്റെ പൗരോഹിത്യം എന്ന സ്വപ്നത്തിനായി ഏറെ ത്യാഗം സഹിക്കുകയും അദ്ധ്വാനിക്കുകയും ചെയ്ത തന്റെ ഏക സഹോദരനോടാണ് വൈദികൻ നന്ദി പറഞ്ഞത്. പപ്പയും മമ്മിയും വിട്ട് പോയപ്പോൾ തനിക്കാരുമില്ല, ഏട്ടൻ പോകരുതെന്ന് അന്ന് അവന് പറയാമായിരുന്നിട്ടു കൂടി ചേട്ടന്റെ സ്വപ്നങ്ങൾക്ക് ചിറകണിയിക്കാനായി അവൻ കൂടെ നിന്നു. ജീവിതപാതയിൽ, പ്രത്യേകിച്ച് പൗരോഹിത്യത്തിലേക്കുള്ള യാത്രയിൽ താങ്ങും തണലുമായ അനേകരെ അനുസ്മരിച്ച ശേഷമാണ് ഫാ. നിഖിൽ തന്റെ അനിയനെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

'ഇവിടെ ഈ മുമ്പിലിരിക്കുന്നതാണ് എന്റെ അനിയൻ. അവനോട് വാക്കുകൾ കൊണ്ട് നന്ദി പറയേണ്ടത് അത്യാവശ്യമല്ല എങ്കിൽപ്പോലും ഇപ്പോഴല്ലാതെ മറ്റൊരു സാഹചര്യത്തിൽ നിന്നോട് നന്ദി പറയാൻ എനിക്ക് പറ്റിയെന്നു വരില്ല. പപ്പയും മമ്മിയും മരിച്ചപ്പോൾ വേണമെങ്കിൽ നിനക്കു പറയാമായിരുന്നു, ഇനി എനിക്ക് ആരാണുള്ളത്, ചേട്ടായി ഇനി പോകരുത്, ഇവിടെ ഉണ്ടാകണം എന്നൊക്കെ. പക്ഷേ നീയൊരിക്കലും എന്നോടങ്ങനെ പറഞ്ഞിട്ടില്ല. ഒത്തിരി വേദനകളിലും ബുദ്ധിമുട്ടുകളിലും ഉറപ്പായും നീ ഒറ്റയ്ക്കു തന്നെയായിരുന്നു. പല കാര്യങ്ങളും നീയെന്നെ അറിയിച്ചിട്ടില്ല.

പല വിഷമങ്ങളും സഹിച്ചത് നീ ഒറ്റയ്ക്കു തന്നെയാണ്. ഞാൻ പോലുമറിയാതെ. ഒരു കാര്യം ഉറപ്പാണ്, നീ അന്നു വേണ്ടെന്നു വച്ച പല സുഖസൗകര്യങ്ങളുടേയും സംരക്ഷണത്തിന്റേയും സുരക്ഷിതത്വത്തിന്റേയും ഫലം കൂടിയാണ് ഈ പൗരോഹിത്യം. നീ സഹിച്ച ത്യാഗങ്ങളും ഈ പൗരോഹിത്യത്തിലുണ്ട്. ഞാനൊറ്റയ്ക്ക് നേടിയെടുത്തതായി ഇതിലൊന്നുമില്ല. എനിക്കു വേണ്ടിക്കൂടി അദ്ധ്വാനിച്ചതാണ് നിന്റെ കൈകളിലെ തഴമ്പ്. അത്രയും തഴമ്പ് എന്റെ ഈ കൈകളിലില്ല. അഭിമാനമാണ്, നിന്നെപ്പോലെ ഒരുവനെ കൂടെപ്പിറപ്പായി കിട്ടിയതിൽ. നന്ദി എന്ന വാക്ക് നമുക്കിടയിൽ ആവശ്യമില്ലെങ്കിലും ഒത്തിരി നന്ദി, ഒരു കൂടെപ്പിറപ്പായി ജനിച്ചതിന്, ഇത്രയേറെ എനിക്കു വേണ്ടി ഓടിയതിന്, വിയർപ്പൊഴുക്കിയതിന്.'

കഴിഞ്ഞ ജനുവരിയിൽ ആലുവ റോഗേഷൻ ആശ്രമത്തിൽ നടന്ന ചടങ്ങിലെ നന്ദി പറച്ചിൽ വീഡിയോ ജൂലൈ 8 നാണ് ഫാ.നിഖിൽ ജോൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഈ വീഡിയോ വളരെ വേഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. പൗരോഹിത്യത്തെപറ്റിയുള്ള അദ്ദേഹത്തിന്റെ വാക്കുകളും ഏറെ ശ്രദ്ധനേടി. തിരു സഭതന്റെ അഭിമാനം പണയം വച്ചിരിക്കുന്നത് പുരോഹിതന്മാരുടെ വസ്ത്രങ്ങളിലാണ്. തിരു സഭയെ അപമാനിതയാക്കരുത് എന്നും നന്ദി പറച്ചിലിനിടയിൽ അദ്ദേഹം പറഞ്ഞു. ഫാ. നിഖിൽ ജോൺ ആട്ടുകാരൻ തന്റെ ജീവിത വഴികൾ അറിയാം.

പെരുമ്പാവൂർ ഐമുറിയിൽ ആട്ടുകാരൻ ജോണി - മേരി ദമ്പതികളുടെ മൂത്തമകനായിരുന്നു നിഖിൽ ജോൺ. അഖിൽ ജോൺ സഹോദരനുമായിരുന്നു. ഐമുറി ചേരാനെല്ലൂർ ഗവ.സ്‌ക്കൂളിലെ പത്താം ക്ലാസ്സ് പഠനത്തിന് ശേഷമായിരുന്നു വൈദിക പഠനത്തിനായി ഐമുറി രൊഗേഷനിസ്റ്റ് സെമിനാരിയിൽ ചേർന്നത്. പിന്നീട് പ്ലസ്ടു വയനാട് മാനന്തവാടി റൊഗാത്തേ ഭവനിൽ. നോഷ്യേറ്റ് പഠനം ഗുരുദർശൻ മീനങ്ങാടിയിലുമായിരുന്നു. ഇതിനിടയിലാണ് 2008 ൽ പിതാവ് ജോൺ മരണപ്പെടുന്നത്. ആ സമയം സെമിനാരിയിൽ നിന്നും വെക്കേഷന് നാട്ടിലെത്തുകയും കടങ്ങൾ വീട്ടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മാതാവ് മേരി വീട്ടു ജോലിക്ക് പോകുകയും നിഖിൽ കൂലിപ്പണിക്ക് പോയും രണ്ടു മാസം കൊണ്ട് ഉണ്ടായിരുന്ന കടങ്ങളൊക്കെ വീട്ടി. പിന്നീട് തിരികെ സെമിനാരിയിലേക്ക് പോയി.

ഫിലോസഫിയും തിയോളജിയും റൊഗാത്തേ ആശ്രമം ആലുവയിലായിരുന്നു. റീജൻസി, തെലങ്കാന നൽഗൊണ്ടയിലും. 2016ൽ മാതാവും മരിച്ചതോടെ സഹോദരൻ അഖിൽ പെരുമ്പാവൂരിലെ വീട്ടിൽ തനിച്ചായി. അതിനാൽ സെമിനാരിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങി വീട്ടിൽ പോയി വന്ന് പഠിക്കാൻ തുടങ്ങി. അഖിൽ അന്ന് കൊച്ചിൻ റിഫൈനറിയിൽ താൽക്കാലിക ജോലിക്കാരനായിരുന്നു. ആ സമയം സഹോദരനായിരുന്ന ദേവസി മാത്രമായിരുന്നു സഹായത്തിനുണ്ടായിരുന്നത്. മറ്റു ബന്ധുക്കൾക്കൊന്നും പുരോഹിതനാവാൻ പഠിക്കുന്നതിന് എതിർപ്പായിരുന്നു. പിന്നീട് അഖിൽ വിദേശത്തേക്ക് ജോലിക്കായി പോയതോടെ തിരികെ ആലുവയിലെ ആശ്രമത്തിലേക്ക് എത്തുകയായിരുന്നു.

ഈ ജനുവരിയിലാണ് പൗരോഹിത്യ പട്ടം ലഭിക്കുന്നത്. അന്ന് നടത്തിയ നന്ദി പറച്ചിലാണ് ഫാ.നിഖിൽ ജോൺ ശ്രദ്ധേയനാകാൻ കാരണം. നിലവിൽ റോഗേറ്റ് അക്കാഡമിയിലെ അദ്ധ്യാപകനാണ്. കൂടാതെ ഇവിടുത്തെ വരവു ചെലവ് കൈാര്യം ചെയ്യുന്നതും ഇദ്ദേഹമാണ്. 1897 -ൽ ഇറ്റലിയിൽ വി.ഹാനിബാൽ മേരി ഡി ഫ്രാൻസിയ സ്ഥാപിച്ചതാണ് റോഗേഷനിസ്റ്റ് ഓഫ് ഹാർട്ട് ഓഫ് ജീസസ് (ഞഇഖ) എന്ന കോൺഗ്രിഗേഷൻ. വിദ്യാഭ്യാസ മേഖലയിലാണ് ഇവർ തങ്ങളുടെ സേവനങ്ങൾ കൂടുതലായും നടത്തുന്നത്.

 

ഇന്ത്യയിൽ കേരളത്തിലും തെലുങ്കാനയിലുമാണ് നിലവിൽ അവർക്ക് ആസ്ഥാനങ്ങളുള്ളത്. റൊഗേറ്റ് ആശര്മത്തിന്റെ സാമൂഹിക സേവനത്തിന്റെ ഭാഗമായി മിക്ക ദിവസങ്ങളിലും ആലുവയിലും പരിസര പ്രദേശങ്ങളിലുമുള്ള നിർദ്ദനരായവർക്ക് പ്രഭാത ഭക്ഷണം നൽകുന്നുമുണ്ട്. മുന്നോട്ടുള്ള പൗരോഹിത്യ ജീവിതം സമൂഹത്തിന് നന്മ ചെയ്യാനായി ഉപയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് ഫാ.നിഖിൽ ജോൺ മറുനാടനോട് പറഞ്ഞു.