മാനന്തവാടി: +1 വിദ്യാർത്ഥിനി പീഡനത്തെത്തുടർന്ന് പ്രസവിച്ച സംഭവത്തിൽ അറസ്റ്റിലായ ഫാ. റോബിൻ വടക്കുഞ്ചേരിയെ പൗരോഹിത്യത്തിൽനിന്ന് വിലക്കിക്കൊണ്ടും ഇടവക വികാരി സ്ഥാനത്തുനിന്നു നീക്കിക്കൊണ്ടും മാനന്തവാടി രൂപത ഉത്തരവായി. റോബിനോട് രാജ്യം വിട്ടുപൊകരുതെന്നും ആവശ്യപ്പെടുമ്പോൾ സഭാ കോടതിക്കു മുന്നിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലും ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മാനന്തവാടി രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ബാലികാ പീഡനം അടക്കമുള്ള ഗുരുതര കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന ഫാ. റോബിനെതിരായ ആരോപണങ്ങളുടെ ഗൗരവം പരിഗണിച്ചുകൊണ്ടാണ് മാനന്തവാടി രൂപതാ ബിഷപ് അടിയന്തര ഉത്തരവ് ഇറക്കിയിരിക്കുന്നത്. മാത്യു വടക്കേഞ്ചിൽ എന്ന ഫാ. റോബിൻ അജപാലനം നിർവഹിച്ചിരുന്ന കൊട്ടിയൂരിലെ സെൻ സെബാസ്റ്റ്യൻ പള്ളിയുടെ വികാരി സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കം ചെയ്യുകയാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. വിശുദ്ധ കുർബാന അർപ്പിക്കുന്നതടക്കം എല്ലാവിധ പൗരോഹിത്യ പ്രവർത്തനങ്ങൾക്കും പരസ്യമായി ദൈവവചനം പ്രഹോഷിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മാനന്തവാടി രൂപതയ്ക്കകത്തും പുറത്തും ഇക്കാര്യങ്ങൾ ചെയ്യാൻ പാടില്ല. ഫാ. റോബിനു പകരം ഫാ. തോമസ് മണക്കുന്നിലിനെയാണ് കൊട്ടിയൂർ പള്ളിയിൽ വികാരിയായി നിയോഗിച്ചിരിക്കുന്നത്.

സസ്‌പെൻഷൻ കാലാവധിയിൽ ഫാ. റോബിന് വേണമെങ്കിൽ മാന്തവാടി രൂപതയുടെ കീഴിയിൽ മാന്തവാടിയിലെ ദ്വാരകയിൽ പ്രവർത്തിക്കുന്ന വിയാനി ഹോമിൽ താമസിക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിരമിച്ചവരും രോഗബാധിതരുമായ പുരോഹിതന്മാർക്കുള്ള രൂപതയുടെ വസതിയാണിത്. ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും സിവിൽ കോടതികളിലും സഭാ കോടതികളിലും നിർദ്ദേശാനുസരണം ഹാജരാകണമെന്നും ബിഷപ്പിന്റെ ഉത്തരവിൽ ഫാ. റോബിനോടു നിർദ്ദേശിക്കുന്നു.

കൊട്ടിയൂരിലെ സെൻ സെബാസ്റ്റ്യൻ പള്ളിയുടെ ചുമതയിൽനിന്ന് നീക്കം ചെയ്യുന്നതോടെ ഇവിടുത്തെ സ്‌കൂൾ മാനേജർ പദവിയിൽനിന്നും അദ്ദേഹം മാറ്റപ്പെട്ടു. കാക്കനാടുള്ള സീറോ മലബാർ സഭാകാര്യാലയത്തിലും ആരോപണവിധേയനായ വൈദികന്റെ പേരിൽ മാനന്തവാടി രൂപത സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ലൈംഗിക പീഡനക്കേസുകളിൽ കത്തോലിക്കാസഭയുടേത് സീറോ ടോളറൻസ് നിലപാടാണെന്നും ഫാ. റോബിനെതിരെ ഉയർന്ന പരാതിയെ രൂപത അതീവ ഗൗരവപരമായി കാണുകയും ആഗോളസഭയുടേയും അഖിലേന്ത്യാ മെത്രാൻ സമിതിയുടേയും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പിന്റേയും വിവിധ കാലഘട്ടങ്ങളിലുണ്ടായിട്ടുള്ള ഉത്തരവുകളുടേയും നിർദ്ദേശങ്ങളുടേയും പശ്ചാത്തലത്തിൽ രാജ്യത്തെ സിവിൽ ക്രിമിനൽ നിയമങ്ങളോടും എല്ലാവിധത്തിലും മാനന്തവാടി രൂപത സഹകരിക്കുമെന്നും രൂപത അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം വാർത്താകുറിപ്പിൽ വ്യക്തമാക്കി.ആരോപണത്തെക്കുറിച്ച് സഭാപരമായ അന്വേഷണങ്ങൾക്കായി കാനോൻ നിയമാനുസൃതം പ്രത്യേക കമ്മിറ്റിയെയും ബിഷപ് നിയോഗിച്ചിട്ടുണ്ട്.

അറസ്റ്റിലായ ഫാ. റോബിൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ക്രിസ്തുരാജ ആശുപത്രി അധികൃതർക്കെതിരെയും വൈദികനെ രക്ഷപെടുത്താൻ ശ്രമിച്ചവർക്കെതിരെയും കേസെടുക്കാനും പൊലീസ് ആലോചിക്കുന്നു.

കുട്ടികൾക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പായ പോക്‌സോ ആണ് വൈദികനെതിരേ ചുമത്തിയിരിക്കുന്നത്. വിചാരണ കഴിയുന്നതിനു മുൻപ് ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. തുടർന്ന് വൈദികനെ ഇദ്ദേഹം വികാരിപദവി നിർവഹിച്ചിരുന്ന സെന്റ് സെബാസ്റ്റ്യൻസ് പള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.