- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കൾ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു മാതാപിതാക്കൾ തങ്ങളുടെ അടുക്കൽ വന്ന് കരയാറുണ്ട്; ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമർശം ഉണ്ടായത് കുടുംബ ഭദ്രതയെ കുറിച്ച് പരാമർശിച്ചപ്പോൾ; എന്റെ വാക്ക് ആരെയങ്കിലും വേദനിപ്പിച്ചങ്കിൽ മാപ്പു ചോദിക്കുന്നു; ഈഴവ സമുദായത്തോട് മാപ്പ് പറഞ്ഞ് ഫാ. റോയ് കണ്ണൻചിറ
കോട്ടയം: ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്ന് വിവാദ പ്രസ്താവന നടത്തിയ സിറിയൻ കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണൻചിറ മാപ്പു പറഞ്ഞു. തന്റെ വാക്ക് മൂലം ആർക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം ഞാൻ മാപ്പു ചോദിക്കുന്നു എന്നാണ് ഫാദർ വിശദീകരിച്ചത്. ഒരു യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് ഇദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.
'എന്റെ പരാമർശം കൊണ്ട് കേരളത്തിലെ മതേതര സങ്കൽപ്പത്തെയും സ്നേഹ സന്തോഷ ജന്യമായ സമൂഹ നിർമ്മിതിയെയും തടസ്സപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും ഭദ്രമായ കുടുംബമാണ് ഭദ്രമായ സമൂഹത്തിന് അടിത്തറ പാകുന്നതെന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നതെന്നും ഭദ്രമായ സമൂഹമാണ് രാഷ്ട്ര നിർമ്മിതിക്ക് ഏറെ സഹായകരമാകുന്നതെന്നും അതിനാൽ രാജ്യത്തിന് ഉപകാരമുള്ളവരായി മാറാൻ മക്കളെ ഉപദേശിക്കണമെന്നാണ് എന്റെ പ്രസ്താവനയുടെ ഉദ്ദേശ്യമെന്നും'- അദ്ദേഹം പറഞ്ഞു.
പല മാതാപിതാക്കളും മക്കൾ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു വൈദികരായ തങ്ങളുടെ അടുക്കൽ വന്ന് കരയാറുണ്ട്. അതുകൊണ്ടാണ് വളർന്നു വരുന്ന തലമുറക്ക് കുടുംബ ഭദ്രത ഉറപ്പുവരുത്താൻ വിശ്വാസ ഭദ്രത വേണമെന്ന് കത്തോലിക്ക സഭയിലെ മതാധ്യാപകരെ പഠിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമർശം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മതാധ്യാപകരോട് സംസാരിച്ച പ്രസംഗത്തിന്റെ ക്ലിപ് പുറത്തുവന്നപ്പോൾ പലർക്കും വേദനയുണ്ടായെന്നും അതിൽ വളരെ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസ്താവന മൂലമുണ്ടായ വിവാദങ്ങളിൽ നിന്ന് എല്ലാവരും പിൻവാങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ശനിയാഴ്ച ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് ഈഴവ ഗൂഢാലോചന ഉണ്ടെന്ന് ഫാദർ റോയി കണ്ണൻചിറ ആരോപിച്ചത്. വൈദികന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് വിവാദം കൊഴുത്തത്.
'കോട്ടയത്തിന് അടുത്തുള്ള സീറോ മലബാർ ഇടവകയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. സ്ട്രാറ്റജിക് ആയി അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. നമ്മൾ ജാഗ്രതയില്ലാത്തവരാണ്. അതാണ് നമ്മൾ നേരിടുന്ന വലിയ ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടു പോകുവാൻ ശത്രുക്കൾ പ്രണയം നടിച്ചാണെങ്കിലും അല്ലെങ്കിലും സഭയുടെ എതിർപക്ഷത്തു നിൽക്കുന്നവർ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമ്മുടെ മക്കളെ വിശ്വാസത്തിൽ നിലനിർത്താനും മാതാപിതാക്കളോട് ചേർത്തുനിർത്തിക്കൊണ്ട് കത്തോലിക്കാ സമുദായ രൂപീകരണത്തിന്റെ ഭദ്രത ഉറപ്പുവരുത്താനും ഇതിനു വേണ്ടി മാത്രം ജീവിതം സമർപ്പിച്ചിരിക്കുന്ന മതാധ്യാപകർക്ക്, സമർപ്പിതർക്ക്, വൈദികർക്ക് കഴിയുന്നില്ല എന്നുള്ളത് വർത്തമാന കാല കത്തോലിക്കാ സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ്.' - എന്നാണ് വൈദികന്റെ പ്രസംഗം.
2003 മുതൽ ദീപിക ബാലസഖ്യം ഡയറക്ടറാണ് ഫാദർ റോയി കണ്ണൻചിറ. കൊച്ചേട്ടൻ എന്ന പേരിൽ കുട്ടികളോട് സംവദിക്കുന്ന പംക്തി ദീപികയിൽ റോയി കണ്ണൻചിറ കൈകാര്യം ചെയ്യുന്നുണ്ട്. കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്റർ, ചിൽഡ്രൻസ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റർ എന്നീ ചുമതലകളും ഇയാൾ വഹിക്കുന്നുണ്ട്. നേരത്തെയും കത്തോലിക്ക സഭ സമാനമായ വിദേഷ പ്രചരണം നടത്തിയിരുന്നു. ഇടുക്കി രൂപതാ മെത്രാനായിരുന്ന മാത്യു ആനിക്കുഴിക്കാട്ടിലായിരുന്നു നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചത്. മുസ്ലിങ്ങൾക്ക് പുറമെ എസ്.എൻ.ഡി.പിക്കും കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കല്ല്യാണം കഴിക്കാനുള്ള ഗൂഢപദ്ധതികളുണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം.
ഇതിന് പിന്നാലെ ബിഷപ്പ് ഹൗസിലേക്ക് എസ്.എൻ.ഡി.പി പ്രവർത്തകർ പ്രതിഷേധ ജാഥ നടത്തുകയും തുടർന്ന് അന്നത്തെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ കണിച്ചുകുളങ്ങരയിലെത്തി ഖേദപ്രകടനം നടത്തിയിരുന്നു. ലൗ ജിഹാദിനൊപ്പം കേരളത്തിൽ നാർക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം.
മറുനാടന് മലയാളി ബ്യൂറോ