സെന്റർന്യൂയോർക്ക്: പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റർ നാഷണൽ കാൻസർ കെയർ സെന്ററിന്റെ ഒരു ചതുരശ്ര അടി സ്‌പോൺസർഷിപ്പ് കൂപ്പൺ വിതരണവുമായി ബന്ധപ്പെട്ട് പ്രോജക്ട് ഡയറക്ടർ ഫാ. ഷാജി മുക്കടിയിൽ അമേരിക്കയിലെ ദേവാലയങ്ങളിൽ സന്ദർശനം നടത്തുന്നു. സാധാരണക്കാരന് കൈയെത്താവുന്ന ദൂരത്തിൽ കാൻസർ ചികിസ്തയ്ക്ക് മദ്ധ്യകേരളത്തിൽ ഒരു നല്ല ഹോസ്പിറ്റൽ എന്ന ആശയത്തിൽ ആരംഭിച്ച പരുമല ക്യാൻസർ സെന്റർ ഒരു ചതുരശ്ര അടി സ്‌പോൺസർഷിപ്പിന്റെ കൂപ്പൺ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.

സഭാ വ്യത്യാസം കൂടാതെ, കേരളത്തിലെ പാവപ്പെട്ടവന് കുറഞ്ഞ ചെലവിൽ കാൻസർ ചികിത്സ ലഭ്യമാക്കണം എന്നതായിരിക്കണം മലങ്കര ഓർത്തഡോക്‌സ് സഭയുടെ പൊതു സ്ഥാപനമായ പരുമല കാൻസർ സെന്ററിന്റെ മുദ്രാവാക്യം. ന്യൂജേഴ്‌സിയിൽ നിന്നുള്ള.ഫിലിപ് മാരേട്ട്, ബീന മാരേട്ട് എന്നിവർ ഒരു മുറിക്കുള്ള സംഭാവന ഫാ. ഷാജീ മുക്കടിയിലിനു കൈമാറി.

ആകെ ചെലവ് 129 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 35.48 കോടി രൂപ ഇതികം ചെലവാക്കിക്കഴിഞ്ഞു. ഉപകരണങ്ങൾ വാങ്ങാൻ മാത്രം 50 കോടി രൂപയിലേറെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നിയന്ത്രണത്തിൽ വിവിധ രംഗങ്ങളിലെ വിദഗ്ധരും ഡോക്ടർമാരും അടങ്ങുന്ന വിവിധ സമിതികൾ കെട്ടിടം പണിയുടെ മേൽനോട്ടത്തിനായി പ്രവർത്തിക്കുന്നുണ്ട്. പണി പൂർത്തിയാവുമ്പോൾ ഒരു നിലയിൽ 33,000 ചതുരശ്ര അടിയാണ് ഉപയോഗയോഗ്യമായി ഉണ്ടാവുക. ഒരു ചതുരശ്ര അടിക്ക് 3700 രൂപ വച്ചു വേണം. മലങ്കര സഭാ മക്കൾ ഓരോരുത്തരും ഓരോ ചതുരശ്ര അടിയുടെ തുകയെങ്കിലും സംഭാവന നൽകാൻ തയാറായാൽ അതു തന്നെ ആശുപത്രിക്കു വലിയൊരു കൈത്താങ്ങാവുമെന്ന് പ്രോജക്ട് ഡയറക്ടർ ഫാ. ഷാജി മുക്കടിയിൽ പറയുന്നു.

ഇതിനു പുറമെ, ആശുപത്രി പുറപ്പെടുവിക്കുന്ന ഉടമ്പടി രേഖകളിലൂടെ പലിശരഹിത വായ്പ നൽകാനും പ്രിയപ്പെട്ടവരുടെ പേരിൽ മുറികൾ പണി കഴിപ്പിക്കാനും ജാതിമത ഭേദമ്യെ ആർക്കും മുന്നോട്ടുവരാമെന്നും ഇവർ പറയുന്നു. അർബുദ രോഗത്തിൽ നിന്നു മുക്തി നേടിയവരും രോഗത്തിനടിപ്പെട്ടെങ്കിലും ഇവിടത്തെ സാന്ത്വന പരിചരണം കൊണ്ട് സുഖമരണം സാധ്യമായവരുടെ ബന്ധുക്കളും മറ്റും ഇതിനകം സംഭാവനകൾ നൽകാൻ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. വേദനിക്കുന്നവർക്ക് കൈത്താങ്ങ് നൽകാൻ മനസ്സുള്ളവർ ലോകത്തിന്റെ പല കോണുകളിലും ഇനിയുമുണ്െടന്നതിനാൽ കെട്ടിടം പണി അധികം വൈകാതെ പൂർത്തിയാക്കാനാവുമെന്നും മലങ്കര സഭ പ്രതീക്ഷിക്കുന്നു. ഇപ്പോൾ പരിമിതമായ സൗകര്യങ്ങളിൽ അവശ്യം വേണ്ടുന്നവരെ കിടത്തി പരിപാലിക്കുന്നുണ്ട്. കുവൈത്ത് ഹോം എന്നറിയപ്പെടുന്ന കെട്ടിടത്തിൽ ഇതിനായി 20 മുറികളും ഒരു വാർഡുമുണ്ട്. പക്ഷേ, പലപ്പോഴും ഈ മുറികൾ പോലും തികയാതെ വരുന്ന അവസ്ഥയുമുണ്ട്. വീടുകളിൽ കിടപ്പിലായവരെയും ആശുപത്രിയിൽ നിന്നുള്ള സംഘം കൃത്യമായ ഇടവേളകളിൽ വീടുകളിലെത്തി പരിശോധിക്കുന്നതായി സിഇഒ ഫാ. എം. സി. പൗലോസ് പറഞ്ഞു. നൂറോളം പേർക്ക് വീട്ടിലെത്തി ചികിൽസയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.

എല്ലാ ശിയാഴ്ചകളിലും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ അർബുദ പ്രതിരോധ പ്രവർത്തനങ്ങളും ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു. ഡോക്ടർമാരുടെയും സേവന സന്നദ്ധരായ നേഴ്‌സുമാരുടെയും വലിയൊരു നിര തന്നെ ഉണ്ട് ഇവിടെ. പക്ഷേ, അതിന്റെ പ്രയോജനം മധ്യതിരുവിതാംകൂറിലെ ജനങ്ങൾക്ക് ലഭ്യമാകണമെങ്കിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകേണ്ടതുണ്ട്. കാരുണ്യമുള്ള മനസുകൾ രോഗികളുടെ വേദന കാണാതിരിക്കില്ല എന്നാണ് സഭാ മക്കളുടെ പ്രതീക്ഷ.