- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പിനെ വെറുതെ വിട്ടപ്പോൾ ദിവസങ്ങളോളം ബിഷപ്പിനെയും കോടതിയേയും വിമർശിച്ചു; തടിയന്റവിട നസീറിനെ വെറുതെ വിട്ടപ്പോൾ ഒരുചർച്ചയുമില്ല; ക്രിസ്ത്യാനികൾക്കെതിരെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്ന ആരോപണവുമായി ഫാ.തോമസ് തറയിൽ
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചുള്ള കേസിൽ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിയിലും കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിൽ തടിയന്റവിട നസീറിനെ വെറുതെ വിട്ട വിധിയിലും സമൂഹത്തിൽ ഉണ്ടായ വ്യത്യസ്ത പ്രതികരണങ്ങളെ സൂചിപ്പിച്ച് കൊണ്ട് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്റെ പോസ്റ്റ്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ട് രണ്ടാഴ്ച മുമ്പാണ് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ വിധി പുറപ്പെടുവിച്ചത്. വിധി വന്നപ്പോൾ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നത് എന്ന് സീറോ മലബാർ സഭയ്ക്ക് കീഴിലെ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിൽ പറയുന്നു. ഫേസ്‌ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ അതിലും പ്രധാനപ്പെട്ട ഒരു തീവ്രവാദ കേസിലെ പ്രതിയെ വെറുതെ വിടുമ്പോൾ ജഡ്ജിമാരെ വിമർശിച്ചിട്ടില്ലെന്നും ഒരു ചർച്ചയും ആരും നടത്തിയില്ല എന്ന് തോമസ് തറയിൽ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങൾക്കും സാംസ്‌കാരിക നായകന്മാർക്കും ബുദ്ധിജീവികൾക്കും മുൻ ജഡ്ജിമാർക്കും എതിരെയാണ് തോമസ് തറയിൽ നിലപാട് വ്യക്തമാക്കുന്നത്. 'ക്രിസ്തിയാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകൾക്കും തോന്നിപ്പിക്കലുകൾക്കുമാണ് മാറുന്ന കാലത്തു കൂടുതൽ മാർക്കറ്റ്. സത്യമേവ ജയതേ!'-ഫാ.തോമസ് തറയിൽ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇന്നലെ പ്രമാദമായൊരു കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമർശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമർശിച്ചുകൊണ്ടോ ഒരു ചർച്ചയും കണ്ടില്ല.
രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുൻ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമർശിച്ചു ചാനലുകളിൽ നിറഞ്ഞു.
ക്രിസ്തിയാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകൾക്കും തോന്നിപ്പിക്കലുകൾക്കുമാണ് മാറുന്ന കാലത്തു കൂടുതൽ മാർക്കറ്റ്. സത്യമേവ ജയതേ!
മറുനാടന് മലയാളി ബ്യൂറോ