മാനന്തവാടി: കൊട്ടിയൂരിൽ പീഡനത്തിന് ഇരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ഫാ. റോബിന്റെ കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന് ആരോപണം നേരിട്ട ഫാ. തോമസ് തേരക(60)ത്തെ മാനന്തവാടി രൂപതാ വക്താവ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. കുറ്റാരോപിതരുമായി ഒരുവിധത്തിലും ബന്ധപ്പെട്ടില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് വയനാട് ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ കൂടിയായ ഫാ. തേരകത്തെ രൂതപയുടെ വക്താവു സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരിക്കുന്നത്.

ഫാ. തോമസ് തേരകത്തിന്റെപേരിലും ശിശുക്ഷേമ സമിതിയിലെ മറ്റൊരംഗമായ സിസ്റ്റർ ബെറ്റി(51)യുടെ പേരിലും ഫാ.റോബിനെ സഹായിച്ചതിന്റെ പേരിൽ ഉടൻ കേസെടുത്തേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്. വൈത്തിരിയിലെ അനാഥമന്ദിരത്തിൽ നവജാതശിശുവിനെ പ്രവേശിപ്പിച്ചതിൽ കൃത്യവിലോപം നടന്നതായി പൊലീസ് പറഞ്ഞു. വയനാട് ജില്ലാ ശിശുക്ഷേമസമിതിയും ഇക്കാര്യത്തിൽ നിയമലംഘനം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇന്നലെ വൈകിട്ടുവരെ ഫാ. തോമസ് തേരകം മാനന്തവാടിയിലെ രൂപതാ ആസ്ഥാനത്തും പിആർഒ ഓഫിസിലുമുണ്ടായിരുന്നു. സിസ്റ്റർ ബെറ്റി കോൺവെന്റിലും. ശിശുശേഷമ സമിതി ചെയർമാനും അംഗത്തിനും ജുഡിഷ്യൽ അധികാരമുള്ളതിനാൽ അറസ്റ്റിലാകില്ലെന്ന ഉറപ്പിലായിരുന്നു ഇവർ. എന്നാൽ ഇവരെ പദവികളിൽനിന്ന് പുറത്താക്കി കേസെടുക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് ഇരുവരും ഒളിവിൽ പോയത്.

ഫാ. തേരകത്തെയും സിസ്റ്റർ ബെറ്റിയെയും ശിശുശേഷമ സമിതിയിൽനിന്ന് പുറത്താക്കാനുള്ള തീരുമാനം മന്ത്രിതലത്തിൽ എത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇരുവരും അപ്രത്യക്ഷരായത്. പദവികളിൽ നിന്നും മാറ്റിയ ഉത്തരവിറങ്ങിയാൽ ഉടൻ അറസ്റ്റുണ്ടാകുമെന്ന നിയമോപദേശത്തെ തുടർന്നാണ് ഇരുവരും ഒളിവിൽ പോയത്. ഇപ്പോൾ ഇവർ എവിടെയെന്ന ധാരണ പൊലീസിനുമില്ല.

ഫാ.റോബിന്റെ കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ച സഭയിലെ ഉന്നതർക്കെതിരേ നടപടികളുമായി അന്വേഷണ സംഘം മുന്നോട്ടു പോകുകയാണ്. ഇന്നലെ രണ്ടു പേരെക്കൂടി കേസിൽ പ്രതികളാക്കി. ഇതോടെ ഫാ. റോബിൻ വടക്കുഞ്ചേരിയടക്കം എട്ടുപേർ കേസിൽ പ്രതികളായി. ഇതിൽ അഞ്ചു പേർ കന്യാസ്ത്രീകളാണ്.

നീണ്ടുനോക്കി സ്വദേശിനി തങ്കമ്മ നെല്ലിയാനി (53), തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റർ ടെസി ജോസ് (63), പീഡിയാട്രീഷൻ ഡോ. ഹൈദരാലി, അഡ്‌മിനിസ്‌ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു (63), വയനാട് തോണിച്ചാൽ ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ ലിസ് മരിയ, ഇരിട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റ, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ എന്നിവർ യഥാക്രമം രണ്ടുമുതൽ എട്ടുവരെ പ്രതികളാണ്. എല്ലാ പ്രതികൾക്കെതിരെയും പോസ്‌കോ നിയമപ്രകാരമാണു പേരാവൂർ പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. തങ്കമ്മയുടെ വീട്ടിൽ രണ്ട് തവണ പൊലീസ് പരിശോധനക്കെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുഖ്യപ്രതി റോബിൻ വടക്കുംചേരി അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ്.

ഫാ. തോമസ് തേരകവും സിസ്റ്റർ ബെറ്റിയും അടക്കം ഒളിവിൽ പോയിരിക്കുന്ന പ്രതികൾ കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടാൻ നീക്കം നടത്തുന്നതായി സൂചനയുണ്ട്. നാളെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്കിയേക്കുമെന്ന് സൂചനയുണ്ട്. കോടതി ജാമ്യം നിഷേധിച്ചാൽ കീഴടങ്ങാനും നീക്കമുണ്ട്. ഒളിവിലായ പ്രതികളെ പിടികൂടാനുള്ള നീക്കങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ടെങ്കിലും സഭാ ആസ്ഥാനങ്ങളിൽ കയറി പരിശോധന വേണ്ടെന്നാണു തീരുമാനം.

പോസ്‌കോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൺ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് 2012) നിയമപ്രകാരം അറസ്റ്റിലാകുന്നവർക്ക് ചില വകുപ്പുകൾ ചേർത്തിട്ടുണ്ടെങ്കിൽ ജാമ്യം കിട്ടില്ല. മാത്രമല്ല, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്, അവർ ലൈംഗിക ചൂഷണത്തിനു വിധേയരായാൽ, ഈ നിയമ പ്രകാരം ഏറെ സംരക്ഷണം ലഭിക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ കിട്ടിയാൽ സത്യമെല്ലാം പുറത്തുവരുമോ എന്ന ഭയം സഭയ്ക്കുണ്ടെന്നാണ് സൂചന.

ഇതിനിടെ, പൊലീസന്വേഷണം മാനന്തവാടി രൂപതയിലെ മറ്റോരു പുരോഹിതനിലേക്കും നീങ്ങുന്നതായി സൂചനയുണ്ട്. ഫാ. റോബിനെ കാനഡയിലേക്കു രക്ഷപ്പെടാൻ സഹായിച്ച പുരോഹിതനു നേർക്ക് അന്വേഷണം നടക്കുന്നതായാണു ലഭിക്കുന്ന സൂചന. കാനഡയ്ക്കു പോകാൻ റോബിന് ടിക്കറ്റ് എടുത്തു നല്കിയത് ഈ വൈദികനാണെന്നാണു സംശയം.

അതേസമയം വയനാട് ശിശു സംരക്ഷണ സമിതിക്കെതിരെ വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രം രംഗത്തുവന്നു. കുട്ടിയെ എത്തിച്ച വിവരം ഫോണിലൂടെ ശിശു സംരക്ഷണ സമിതിയെ അറിയിച്ചുവെന്നാണ് ദത്തെടുക്കൽ കേന്ദ്രം അവകാശപ്പെടുന്നത്. മാതാവിന്റെ പ്രായത്തെക്കുറിച്ച് സംശമുണ്ടെങ്കിൽ അത് അറിയിക്കേണ്ട ഉത്തരവാദിത്വം ശിശുക്ഷേമ സമിതിക്കാണെന്നും ദത്തെടുക്കൽ കേന്ദ്രം പറയുന്നു. സംഭവത്തിൽ തങ്ങളെ പ്രതിക്കൂട്ടിലാക്കാനാണ് ശിശുക്ഷേമസമിതി ശ്രമിക്കുന്നതെന്നും ദത്തെടുക്കൽ കേന്ദ്രം ആരോപിക്കുന്നു.