കാക്കനാട്: ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി വചനപ്രഘോഷകനും ധ്യാനഗുരുമായ റവ. ഡോ. തോമസ് (ടോമിച്ചൻ) തറയിലി(44)നെ നിയമിച്ചു. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ ഇടവകാംഗമാണ്. ശനിയാഴ്ച വൈകുന്നേരം 4.30ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സീറോ മലബാർ സഭാ സിനഡ് ആണ് തീരുമാനമെടുത്തത്. തുടർന്ന് മാർ ജോർജ് ആലഞ്ചേരിയും ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ ആലപ്പുഴ പുന്നപ്രയിലുള്ള ധ്യാന, കൗൺസിലിങ് കേന്ദ്രമായ ദനഹാലയയുടെ ഡയറക്ടറാണ് റവ.ഡോ. ടോമി തറയിൽ. ചങ്ങനാശേരി തറയിൽ പരേതനായ ജോസഫ് (കുഞ്ഞ് സാർ, ചേപ്പാട് ക്രൈസ്റ്റ് കിങ് എച്ച്എസ് മുൻ അദ്ധ്യാപകൻ) മറിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയയാളാണ്. റവ. ഡോ. ടോമി തറയിൽ 2000 ജനുവരി ഒന്നിന് മാർ ജോസഫ് പൗവത്തിലിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലായിരുന്നു ഉപരിപഠനം.

1989ൽ വൈദിക പരിശീലനത്തിനായി കുറിച്ചി മൈനർ സെമിനാരിയിൽ ചേർന്നു. വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്രപഠനവും നടത്തിയ നിയുക്ത മെത്രാൻ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽനിന്നു മനഃശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. പുതിയ മെത്രാന്റെ നിയമനത്തോടെ സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി.

റവ. ഡോ. തോമസ് തറയിൽ, ചങ്ങനാശേരി അതിരൂപത, സൂറോ മലബാർ സഭ, കർദിനാൾ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പെരുന്തോട്ടം