പാലാ: ആറുമാസം മുമ്പ് യമനിൽനിന്നും ഭീകരവാദികൾ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിയുടെ മോചനം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ജന്മനാടായ പാലായിൽ ഭീകരവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ഭീകരവാദവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചത്. 

കേരളാ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരിൽ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഭീകരതയ്‌ക്കെതിരെ കക്ഷി-രാഷ്ട്രീയ-മത-ജാതി പരിഗണനകൂടാതെ ജനജാഗ്രത ഉണരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ ഭീതിയുടെ നിഴലിൽ നിറുത്താനാണ് ഭീകരവാദികൾ ശ്രമിക്കുന്നത്. മാനവരാശിയുടെ നന്മ ലക്ഷ്യമിടുന്ന ആർക്കും ഭീകരപ്രവർത്തനത്തിൽ പങ്കാളികളാവാൻ സാധിക്കുകയില്ല. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടലുകൾ നടത്തുണ്ടെങ്കിലും ആശങ്ക ഇനിയും ഒഴിവാക്കാനായിട്ടില്ല ഫാ. ആലഞ്ചേരി പറഞ്ഞു.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. ടോം ഉഴുന്നാലിയുടെ മോചനത്തിനായി ജന്മനാട്ടിൽ ആദ്യമായിട്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഫാ. ടോമിന്റെ മോചനത്തിനായി ജന്മനാടിന്റെ നിവേദനം പ്രധാനമന്ത്രിക്കു സമർപ്പിക്കാനും തീരുമാനിച്ചു. ഫാ. ടോം ഉഴുന്നാലിയെ മോചിപ്പിക്കുക, ഭീകരതയെ തള്ളിപ്പറയുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിരുന്നു.
എബി ജെ. ജോസ്, ബെന്നി മൈലാടൂർ, സാബു എബ്രാഹം, അഡ്വ. സന്തോഷ് മണർകാട്, ആർ. മനോജ്, സെബി പറമുണ്ട, സാംജി പഴേപറമ്പിൽ, ജോയിച്ചൻ പൊട്ടൻകുളം, എംപി. കൃഷ്ണൻനായർ, ജോസ് മുകാല, ബിനു പെരുമന, ബിനു ജോർജ്, ബൈജു ഇടത്തൊട്ടി, ജോഷി കുളത്തുങ്കൽ, സുമിത് ജോർജ്, ബേബി വലിയകുന്നത്ത്, ജോമോൻ ജോസഫ് തറപ്പേൽ എന്നിവർ പ്രസംഗിച്ചു.