മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെ എത്തുമ്പോൾ ജന്മഗ്രാമത്തിൽ അദ്ദേഹത്തിന്റെ അമ്മയുടെ പേരിലുള്ള ഹൈസ്‌കൂൾ യാഥാർഥ്യമാക്കാനുള്ള തിരക്കിലാണ് കോട്ടയം എരുമേലി സ്വദേശിയായ ഫാ. ടോമി കരിയിലക്കുളം. സ്‌കൂൾ സ്ഥാപിച്ച്, നടത്താൻ ഫാ. ടോമി പ്രസിഡന്റായ പാഞ്ചഗണിയിലെ സെന്റ് സേവ്യേഴ്‌സ് എജ്യുക്കേഷൻ ട്രസ്റ്റിനെ ഏതാനും മാസങ്ങൾക്കു മുൻപാണു ഷിൻെഡ ചുമതലപ്പെടുത്തിയത്.

മഹാബലേശ്വരിലെ ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റൽ മഹാരാഷ്ട്രയിലെ ആരോഗ്യ രംഗത്ത് പുതിയ മാതൃക തീർത്തിരുന്നു. വിപ്ലവത്തിന്റെ വഴിയേ സഞ്ചരിക്കുന്ന ആശുപത്രിയിൽ മുമ്പോട്ട് വയ്ക്കുന്നത് സമാനതകളില്ലാത്ത ആരോഗ്യ മാതൃകയാണ്. ഇത് തിരിച്ചറിഞ്ഞാണ് ഷിൻഡെയും തന്റെ അമ്മയുടെ ഓർമ്മയ്ക്കായുള്ള ആശുപത്രി നിർമ്മാണം ഫാദറിനെ ഏൽപ്പിച്ചത്. വളരെ വർഷങ്ങളായി പ്രവർത്തനരഹിതമായിക്കിടന്നിരുന്ന ഗവണ്മെന്റ് ആശുപത്രി ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റലിനെ ഏൽപ്പിച്ചിട്ട് ഒരു വർഷം കഴിയുമ്പോൾ ഇന്ത്യയിലെതന്നെ ഏറ്റവുംം മനോഹരമായ ഒരു ആശുപത്രി പ്രൊജക്ട് ആയിട്ട് അത് മാറിയിരുന്നു.

സത്താറ ജില്ലയിലെ മഹാബലേശ്വറിനടുത്താണ് ഷിൻഡെയുടെ ജന്മഗ്രാമമായ തപോള. ഇതിനടുത്ത് പാഞ്ചഗണിയിൽ റെഡ്‌ക്രോസിനു കീഴിലുള്ള ബെൽ എയർ ആശുപത്രിയുടെ ഡയറക്ടർ കൂടിയാണു ഫാ. ടോമി. ആരോഗ്യവകുപ്പിന്റെ അധികച്ചുമതല ഷിൻഡെ വഹിച്ചപ്പോൾ 2019ൽ മഹാബലേശ്വർ താലൂക്ക് ആശുപത്രിയും 14 സബ് സെന്ററുകളും നടത്തുന്ന ചുമതല റെഡ്‌ക്രോസ് ആശുപത്രിക്ക് കൈമാറുകയായിരുന്നു. ആശുപത്രിയുടെ നിലവാരം ഉയർത്തിയതോടെയാണ് തന്റെ ഗ്രാമത്തിൽ സ്‌കൂൾ തുടങ്ങണമെന്ന് ഷിൻഡെ ആവശ്യപ്പെട്ടത്.

കൊയ്‌ന അണക്കെട്ടിന്റെ പദ്ധതി പ്രദേശത്തുള്ള തപോള ഗ്രാമത്തിലെ ജലാശയത്തിലാണ് ഷിൻഡെയുടെ 2 മക്കൾ മുങ്ങിമരിച്ചത്. ജന്മഗ്രാമത്തിലെ വീട്ടിൽ ഇപ്പോൾ അച്ഛൻ താമസിക്കുന്നു. അബ്ദുൾ കലാം സാർ രാഷ്ട്രപതി ആയിരിക്കുമ്പോൾ സന്ദർശനം നടത്തി അനുഗ്രഹിച്ചതാണ് ബെൽ എയർ പ്രസ്ഥാനത്തെ. ഇന്ത്യയിൽതന്നെ ആദ്യമായിട്ട് ഒരു ഗവണ്മെന്റ് താലൂക്ക് ആശുപത്രി ഒരു എൻജിഒയെ ഏൽപ്പിച്ചതും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ പുതിയ ആരോഗ്യ മോഡൽ അവതരിപ്പിച്ച വൈദികനാണ് ലയാളിയായ ഫാ ടോമി കരിയിലുക്കുളം.

മഹരാഷ്ട്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഈ കോട്ടയത്തുകാരൻ മഹാബലേശ്വറിലെ താലൂക്ക് ആശുപത്രി ഏറ്റെടുത്തത്. മഹാരാഷ്ട്രയിലെ പാഞ്ചഗണി എന്ന സ്ഥലത്ത് റെഡ് ക്രോസിന്റെ ഒരു ആശുപത്രി ഏറ്റെടുത്ത് വിജയകരമായി നടത്തുകയും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് നഴ്‌സിങ് കോളേജ് നടത്തുകയും അന്താരാഷ്ട്ര സ്‌കൂൾ നടത്തുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകനാണ് ഫാ. ടോമി കരിയിലുക്കുളം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻ ഉപദേശകൻ കൂടിയായ ഫാ. ടോമി എയിഡ്‌സ് ബാധിതരുടെ പുനരധിവാസ കാര്യത്തിൽ ഇന്ത്യക്ക് മുഴുവൻ മാതൃക സൃഷ്ടിച്ചയാളാണ്.

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം കൺസെൾട്ടന്റുമായിരുന്നു. ഈ അനുഭവ സമ്പത്ത് മഹബലേശ്വറിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയാണ് മുൻ ബിജെപി സർക്കാർ ചെയ്തത്. ഈ മാതൃക ഉദ്ദവ് താക്കറെ സർക്കാരും അംഗീകരിച്ചു. മുഖ്യമന്ത്രിയായി ഷിൻഡെ എത്തുമ്പോൾ കൂടുതൽ അംഗീകാരങ്ങൾ ബെൽ എയറിനെ തേടിയെത്താനാണ് സാധ്യത. അബ്ദുൾ കലാം പ്രസിഡന്റായിരിക്കെ പാഞ്ചാഗണിയെന്ന സ്ഥലത്തെത്തി ഫാ ടോമിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. എല്ലാ പിന്തുണയും നൽകി. അങ്ങനെയാണ് കേന്ദ്ര സർക്കാരിന്റെ ഉപദേഷ്ടാവായി ടോമി മാറിയത്. ടൈംസ് ഓഫ് ഇന്ത്യ വർഷം തോറും നൽകി വരുന്ന ഹെൽത്ത് കെയർ അച്ചീവേഴ്‌സ് അവാർഡും ടോമിക്ക് ലഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയിൽ വൈദികന്റെ നേതൃത്വത്തിൽ നടത്തുന്ന റെഡ്‌ക്രോസ് ഉടമസ്ഥതയിലുള്ള ബെൽ എയർ ഹോസ്പിറ്റലിനാണ് ഇന്നോവേഷൻ ഇൻ മാനേജിങ്ങ് ലോംഗ് ടേം കണ്ടീഷൻ എന്ന വിഭാഗത്തിൽ അന്ന് അവാർഡ് ലഭിച്ചത്. പൂനയിലെ ഗ്രാമകേന്ദ്രീകൃതമായ പ്രദേശത്ത് പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഫാ ടോമിയുടെ നേതൃത്വം കിട്ടിയതോടെയാണ് പുതുജീവൻ വന്നത്. 1912ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയാണ് ബെൽ-എയർ. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ടിബി സാനിറ്റോറിയവും ഈ ആശുപത്രിയിലാണ്. 1964ലാണ് ആശുപത്രി ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിക്ക് കൈമാറുന്നത്. ഒരു നൂറ്റാണ്ടിന് മുമ്പ് ടിബി സാനിറ്റോറിയം ആയി ആരംഭിച്ചതും പിൽക്കാലത്ത് റെഡ് ക്രോസ് ഏറ്റെടുത്തതുമായ ആശുപത്രി കേട് പിടിച്ച് നശിച്ചു

ഇത്തരമൊരു ആശുപത്രിയാണ് കാൽ നൂറ്റാണ്ട് മുമ്പ് ഫാ. ടോമി ഏറ്റെടുത്തത്. 1994ലാണ് ഫാ. ടോമി കരിയിലക്കുളം ഇവിടെ എത്തിയത്. എച്ച്‌ഐവി റീഹാബിലിറ്റേഷൻ രംഗത്ത് കേന്ദ്ര സർക്കാർ നടത്തുന്നത് ഫാ. ടോമി വികസിപ്പിച്ചെടുത്ത മോഡലാണ്. ലോകാരോഗ്യ സംഘടനയുടേയും ഉപദേശകസമിതിയംഗമായിരുന്ന ഫാ. ടോമിയെക്കുറിച്ച് പെൻയിൻ പുസ്തകം ഇറക്കുകയും ചെയ്തു. അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് ഫാ. ടോമി നടത്തുന്ന നഴ്‌സിങ്ങ് കോളേജിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പലിശ രഹിത വായ്പ വരെ ലഭ്യമാണ്. ജോലി തേടി സത്താറ ജില്ലയിൽ പോയ സീറോ മലബാർ വിശ്വാസികൾക്ക് കുർബാന അർപ്പിക്കാനായി അയച്ചതാണ് ഫാദർ ടോമിയെ അദ്ദേഹത്തിന്റെ സഭ.

അതിനിടെയാണ് പാഞ്ചഗണിയിൽ അടച്ചു പൂട്ടപ്പെട്ട നിലയിൽ കിടന്ന റെഡ് ക്രോസ് ആശുപത്രി കണ്ടെത്തിയത്. ആ ആശുപത്രി ഏറ്റെടുത്ത് വലുതാക്കി ഇന്ത്യയിലെ ഏറ്റവും വലിയ എച്ച് ഐ വി പുനരധിവാസ കേന്ദ്രമാക്കി മാറ്റുകയായിരുന്നു ആ വൈദികൻ.