മലയാറ്റൂർ: പ്രായത്തെ വെല്ലുന്ന ചുറുചുറുക്ക്.മദ്യപിച്ചാൽ ആരെയും കൂസാത്ത സ്വഭാവം.മലയാറ്റൂർ കുരിശുമുടി പള്ളി റെക്ടർ സേവ്യർ തേലക്കാട്ടിനെ കുത്തി വീഴ്തി കാടുകയറിയ കപ്യാർ ജോണിയെക്കുറിച്ച് നാട്ടുകാർ നൽകുന്ന പ്രാഥമിക വിവരമിതാണ്.താഴ്‌വാരത്തെ പള്ളിക്ക് പിന്നിലെ തേക്കിൻതോട്ടത്തിൽ പുഴയുടെ തീരത്താണ് ജോണി താമസിക്കുന്നത്.പള്ളിയിലെ ചടങ്ങുകൾക്കായി രാവിലെയും വൈകിട്ടും ജോണി മലകയറി ഇറങ്ങുക പതിവാണ്.കുത്തനേ കയറ്റവും കല്ലുംകൂട്ടവും നിറഞ്ഞ കിലോമീറ്ററുകൾ നീളുന്നതാണ് മലയാറ്റൂർ കുരിശുമുടി.

നല്ല ആരോഗ്യവാന്മാരായ ചെറുപ്പക്കാർ പലവട്ടം നിന്നും ഇരുന്നുമൊക്കെ മലകയറുമ്പോൾ 50 പിന്നിട്ട ജോണി ഒരിടത്തും നിൽക്കാതെ മലകയറുന്നത് താൻ പലവട്ടം കണ്ടിട്ടുണ്ടെന്ന് കാലടി പൊലീസ് സ്റ്റേഷനിലെ സിനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൾ സത്താർ മറുനാടനോട് വ്യക്തമാക്കി.മലമുകളിലെ പൊലീസിന്റെ വയർലെസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കായി പോയിരുന്ന സമയത്താണ് ജോണിയുടെ മലകയറ്റം തന്റെ ശ്രദ്ധിയിൽപ്പെട്ടതെന്നും സത്താർ കൂട്ടിച്ചേർത്തു.ഫാ.സേവ്യറിനെ കുത്തിവീഴ്‌ത്തിയ ശേഷം ജോണി കാടിനുള്ളിലേക്ക് ഓടുകയായിരുന്നു.

പലവട്ടം മദ്യപിച്ച് പള്ളിയിലെത്തിയ ജോണിയെ ചടങ്ങുകളിൽ നിന്നും ഫാ.സേവ്യർ പലവട്ടം മാറ്റി നിർത്തിയിരുന്നു.താക്കീത് ചെയ്തിട്ടും ജോണി മദ്യപാനം തുടർന്നതാണ് സസ്‌പെൻഷന് വഴിതെളിച്ചതെന്നാണ് സൂചന.തനിക്കൊപ്പം മലകയറിയ ശേഷം താഴേക്ക് ഇറങ്ങും വഴിയാണ് ഫാ.സേവ്യറിന്റെ മരണത്തിലെത്തിയ സംഭവങ്ങൾ നടന്നതെന്ന് പ്രവാസിയും നാട്ടുകാരനുമായ മനു ഓടിക്കൂടിയവരോട് വ്യക്തമാക്കിയിരുന്നു.സംഭവത്തെക്കുറിച്ച് മനു വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ.

താഴെ നിന്നും മലകയറി എത്തിയ ജോണി, അച്ചൻ നിൽക്കണമെന്നും ഒരു കാര്യം പറയാനുണ്ടെന്നും അറിയിച്ചു.പള്ളിയിലെത്തി ഓഫീസിൽ വന്ന് സംസാരിക്കാൻ ഫാ.സേവ്യറിന്റെ നിർദ്ദേശിച്ചു.എന്നാൽ ജോണി പിന്മാറാൻ തയ്യാറായില്ല.തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ ഫാ.സേവ്യറിനെ പോകാൻ അനുവദിക്കു എന്ന നിലപാടിൽ ഇയാൾ ഉറച്ചുനിന്നു.ഇത് വകവയ്ക്കാതെ ഫാ.സേവ്യർ മുന്നോട്ട് ചുവടുവച്ചതോടെ ജോണി കൈയിൽക്കരുതിയിരുന്ന കത്തികൊണ്ട് തുടയ്ക്ക് മുകളിൽ ആഞ്ഞ് കുത്തി.നിലവിളിയോടെ ഫാ.സേവ്യർ നിലത്തിരുന്നതോടെ ഇയാൾ താഴേക്ക് ഓടി.ഈ വിവരങ്ങൾ മനു പൊലീസിലും ധരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

റൂറൽ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 50 തോളം വരുന്ന പൊലീസ് സംഘവും നാട്ടുകാരും ജോണിയെ കണ്ടെത്താൻ വനമേഖലയിൽ നടത്തിവന്നിരുന്ന തിരച്ചിൽ ഇരുൾ വീണതോടെ നിർത്തി.