കൊച്ചി: പരിശുദ്ധമായ മലയാറ്റുർ കുരിശുമുടിയിൽ ഒരു വൈദികന്റെ രക്തം വീണ് ജീവൻ പൊലിഞ്ഞെന്ന വാർത്ത വിശ്വാസികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന മലയാറ്റൂരിൽ വെച്ച് വൈദികനാണ് കൊല്ലപ്പെട്ടത് സഭക്കും ആഘാതമായി. ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന വൈദികനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് സഭാ വൃത്തങ്ങൾ പറയുന്നത്. റെക്ടർ ഫാദർ സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊല്ലാൻ കപ്യാർ ജോണിയെ പ്രേരിപ്പിച്ചത് വ്യക്തിവൈരാഗ്യമാണെന്നാണ് പുറത്തുവരുന്ന വിവരം. കൊലപാതകത്തിന് ആസൂത്രണം നടന്നോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത കൈവരണമെങ്കിൽ വൈദികനെ കുത്തിയ കപ്യാർ ജോണി പിടിയിലാകേണ്ടതുണ്ട്.

മൂന്നുമാസം മുൻപ് സ്വഭാവ ദൂഷ്യം ആരോപിച്ച് കപ്യാർ ജോണി വട്ടപ്പറമ്പിനെ പള്ളിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച വൈരാഗ്യത്തിന് കാരണമായത്. സ്ഥിരം മദ്യപാനിയായ ഇയാൾ കപ്യാർ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടായിരുന്നു ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. സഭയുടെ അനുമതിയോടെ തന്നെയായിരുന്നു വൈദികൻ ഈ നടപടി കൈക്കൊണ്ടത്. എന്നാൽ, ഇതിന്റെ പേരിൽ കപ്യാർ ജോണിക്ക് വൈദികനോട് കടുത്ത വൈരാഗ്യമുണ്ടായി. ഈ വൈരാഗ്യം മനസിൽ സൂക്ഷിച്ചാണ് ജോണി ഇന്ന് ഉച്ചക്ക് മലയാറ്റൂർ മലയിൽ എത്തിത്.

കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്ക് 12 മണിയോടയാണ് കൊലപാതകം അരങ്ങേറിയത്. മലയാറ്റൂർ പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിന് ഫാദർ സേവ്യർ തേലക്കാട്ട് അഭിമുഖം നൽകിയിരുന്നു. മലയാറ്റൂർ പെരുന്നാളിന് മുന്നോടിയായി ജോലിയിൽ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. അവിടെ നിന്ന് മടങ്ങി വരുന്ന സമയത്തായിരുന്നു സംഭവം. പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. എതെങ്കിലും തരത്തിലുള്ള ആസൂത്രണം ഇതിനു പിന്നിലുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

കത്തി കയ്യിൽ കരുതായാണ് ഇയാൾ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കുത്തേറ്റ് വൈദികൻ നിലവിളിച്ചതോടെ കപ്യാർ ജോണി മലയാറ്റൂർ കാട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇടതു തുടയിൽ ആഴത്തിലേറ്റ് കുത്താണ് അച്ചന്റെ
മരണത്തിലേക്ക് നയിച്ചത്. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിയപ്പോഴേക്കും അച്ചൻ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ഇടതു തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴലിനെ തകർത്തിരുന്നു. ഇതോട രക്തം അമിതായി ഒഴുകി. നട്ടുച്ച സമയമായതിനാൽ രക്തം നിർത്താനം സാധിച്ചില്ല. ഇതോടെ രക്തം വാർന്ന ഫാദർ സേവ്യർ തേലക്കാട്ട് മരിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. സംഭവ സ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് എത്താൻ വൈകിയത് മരണകാരണമായി. മലയിൽ നിന്നും വൈദികനെ താഴെ എത്തിക്കുന്നതിനും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതും അര മണിക്കൂറോളം വൈകിയെന്നാണ് നാട്ടുകാർ പറയുന്നത്.

കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്‌ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേലക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുരിശുമല ഡയറക്ടറായിരിക്കെ എൽഎൽബി പൂർത്തിയാക്കിയ ഫാ. സേവ്യർ, കഴിഞ്ഞ വർഷം അഭിഭാഷകനായും എന്റോൾ ചെയ്തിരുന്നു.

ചേരാനെല്ലൂരിലാണ് വൈദികന്റെ വീടെങ്കിലും കുടുംബ വീട് കണ്ണൂരിലാണ്. അതുകൊണ്ട് തന്നെ അവിടെ കൊണ്ടുപോയി സംസ്‌ക്കരിക്കണോ അല്ലെങ്കിൽ ചേരാനെല്ലൂരിൽ തന്നെ സംസ്‌ക്കരിക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.