- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതസ്പർദ്ദ പ്രോത്സാഹിപ്പിക്കുന്നെന്ന് സംശയം; ഫ്രാൻസിൽ 76 പള്ളികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; പരിശോധനകളിൽ പിഴവു കണ്ടെത്തിയാൽ അടച്ചിടുമെന്ന് ഫ്രഞ്ച് ആഭ്യാന്തര മന്ത്രി; വർഗീയത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് രേഖകളില്ലാത്ത 66 കുടിയേറ്റക്കാരെ മടക്കി അയച്ചു; സാമുവേൽ പാറ്റിയെ കഴുത്തറുത്തുകൊന്നതിന് പിന്നാലെ ഇസ്ലാമിക ഭീകരതയോട് സന്ധിയില്ലാതെ ഫ്രാൻസ്
പാരീസ്: സാമുവൽ പാറ്റി എന്ന ചരിത്രാധ്യാപകനെ അദ്ധ്യാപകനെ മതനിന്ദ ആരോപിച്ചു കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഫ്രാൻസ് കുടിയേറ്റക്കാരായ മുസ്ലീങ്ങളോട് കടുത്ത നിലപാടാണ് സ്വീകരിച്ചത്. മതനിന്ദ തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ രംഗത്തെത്തിയത്. ഇതിന് പിന്നാലെ മുസ്ലിം സ്ഥാപനങ്ങളിലും പള്ളികളിലും വ്യാപകമായി റെയ്ഡും നടത്തുകയുണ്ടായി. ഈ റെയ്ഡിനെതിരെ അറബ് ലോകത്ത് പ്രതിഷേധം ഉയരുകയും ചെയ്തു. എന്നാൽ, അതൊന്നും വകവെക്കാതെ ഇസ്ലാമിക ഭീകരതയോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ചിരിക്കയാണ് ഫ്രാൻസ്.
ഇസ്ലാമോഫോബിയ വളർത്തുകയാണ് ചെയ്യുന്നത് എന്നാരോപിച്ചു പ്രതിഷേധം കനക്കുമ്പോഴും മതസ്പർദ്ദ വളർത്തുന്നവരോട് വിട്ടുവീഴ്ച്ചയില്ലെന്ന് ഫ്രാൻസ് ഉറച്ചു പ്രഖ്യാപിക്കുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാർട്ടൂണിന്റെ പേരിൽ തുടരെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ ഫ്രാൻസിലെ ചില മുസ്ലിം പള്ളികൾ ഏജൻസികളുടെ കർശന നിരീക്ഷണ വലയത്തിലാണുള്ളത്. ഇതിന്റെ ഭാഗമായി ചില പള്ളികൾ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.
വിഭാഗീതയെ പ്രോത്സാഹിപ്പിക്കുന്നെന്ന് സംശയിക്കുന്ന 76 മുസ്ലിം പള്ളികളാണ് അടച്ചുപൂട്ടാൻ ഫ്രഞ്ച് സർക്കാർ ഒരുങ്ങുന്നത്. ഇക്കാര്യം വിദേശ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. വരും ദിവസങ്ങളിൽ ഇവിടെ പരിശോധനകൾ നടത്തുകയും എന്തെങ്കിലും പിഴവ് കണ്ടെത്തിയാൽ അടച്ചു പൂട്ടാൻ നിർദ്ദേശം നൽകുമെന്നാണ് ഫ്രാൻസ് ആഭ്യന്തര മന്ത്രി ജെറാൾഡ് ദർമാനിയൻ ആർ.ടി.എൽ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഫ്രാൻസിന്റെ റിപബ്ലിക്കൻ മൂല്യങ്ങൾക്കും സുരക്ഷയ്ക്കും ഈ 76 പള്ളികൾ ഭീഷണിയാണെന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി പറഞ്ഞു.
അതേസമയം കുടിയേറ്റക്കാരോടുള്ള ഫ്രാൻസിന്റെ സമീപനത്തിനും കാതലായ മാറ്റം ഉണ്ടായിട്ടുണ്ട്. വർഗീയത പ്രചരിപ്പിക്കുന്നവരെ തിരഞ്ഞു പിടിച്ചു കണ്ടെത്തി നാടു കടത്തുകയാണ് ഫ്രഞ്ച് സർക്കാർ. ഈ കുറ്റം ആരോപിച്ചു കൊണ്ട് രേഖകളില്ലാത്ത 66 കുടിയേറ്റക്കാരെ മടക്കി അയച്ചതായും മന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിലുള്ള 76 പള്ളികളിൽ 16 എണ്ണം പാരീസിലാണ്. ബാക്കിയുള്ള 60 പള്ളികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ്. 2300 മുസ്ലിം പള്ളികളാണ് ഫ്രാൻസിൽ പ്രവർത്തിക്കുന്നത്.
ഭീകരാക്രമണങ്ങളുടെ പേരിൽ ഫ്രാൻസിലെ മുഴുവൻ മുസ്ലിങ്ങളെയും സംശയ നിഴലിലാക്കുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ഫ്രാൻസിലെ മുസ്ലിം വിഭാഗത്തിനിടയിൽ നടത്താനിരിക്കുന്ന ചില പദ്ധതികളുടെ ഭാഗമായാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഒക്ടോബറിൽ ഇതുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ചിരുന്നു.
മുസ്ലിം വിഭാഗീയത ഒഴിവാക്കാനുള്ള പദ്ധതിയാണിതെന്നാണ് മാക്രോൺ അന്നു പറഞ്ഞത്. ചർച്ചുകളെ ഭരണസംവിധാനത്തിൽ നിന്നും മാറ്റി നിർത്തുന്ന 1905 ൽ നടപ്പാക്കിയ നിയമം വീണ്ടും ശക്തിപ്പെടുന്നെന്നായിരുന്നു സർക്കാർ വാദം. ഇതുപ്രകാരം ഫ്രാൻസിലെ മുസ്ലിം പള്ളികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകൾക്ക് നിയന്ത്രണം വരും. രാജ്യത്തെ പള്ളികളിലെ ഇമാമുകൾക്ക് പ്രവർത്തിക്കാൻ പ്രത്യേക ടെസ്റ്റ് പാസാവണം. വിദേശത്ത് നിന്നും ഫ്രാൻസിലേക്ക് ഇമാമുകളെ അയക്കുന്നതിനും വിലക്കുണ്ട്. അടുത്തു തന്നെ ഈ നയങ്ങൾ നടപ്പാക്കുമെന്നാണ് സർക്കാർ വാദം.
ഷാർലെ ഹെബ്ദോ കാർട്ടൂൺ ക്ലാസ് മുറിയിൽ കാണിച്ചതിന്റെ പേരിൽ ചരിത്രാധ്യാപകനായ സാമുവേൽ പാറ്റിയെ കഴുത്തറുത്തുകൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഈ പദ്ധതികൾ വേഗത്തിലാക്കുന്നത്. ഒക്ടോബർ 16 നാണ് സാമുവേൽ പാറ്റി കൊല്ലപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ക്ലാസ് എടുക്കവെയായിരുന്നു പ്രവാചകന്റെ കാർട്ടൂൺ ഇദ്ദേഹം ക്ലാസ് റൂമിൽ കാണിച്ചത്. മുസ്ലിം വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ ക്ലാസിൽ നിന്നു പുറത്തു പോവാമെന്ന് അദ്ധ്യാപകൻ പറഞ്ഞിരുന്നു. അദ്ധ്യാപകനെ കൊലപ്പെടുത്തിയ അബ്ദുള്ള അൻസൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. റഷ്യയിൽ ഫ്രാൻസിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി. കൊലപാതക ആസൂത്രണത്തിൽ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്.
സമാനമായി രണ്ട് ആക്രമണങ്ങളും പിന്നീട് രാജ്യത്ത് നടന്നു. നൈസ് നഗരത്തിലെ ചർച്ചിൽ കത്തിയുമായി എത്തിയ ഒരു ആക്രമി മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ടുണീഷ്യയിൽ നിന്നും ഫ്രാൻസിലെത്തിയ 21 കാരനായ യുവാവായിരുന്ന പ്രതി. തൊട്ടു പിന്നാലെ ഫ്രാൻസിലെ ലിയോയിൽ ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതന് നേരെ വെടിവെപ്പും നടന്നിരുന്നു.
യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിം ജനതയുള്ള രാജ്യമാണ് ഫ്രാൻസ്. ഫ്രാൻസിൽ ജനസംഖ്യയിൽ രണ്ടാമുള്ളതും മുസ്ലിം വിഭാഗമാണ്. 47 ലക്ഷത്തോളമാണ് ഫ്രാൻസിലെ മുസ്ലിം ജനസംഖ്യ. ഇപ്പോഴത്തെ നീക്കങ്ങൾ ഫ്രഞ്ച് സർക്കാരിന്റെ ഇസ്ലാമോഫോബിയ പ്രകടമാക്കുന്നുണ്ടെന്ന് വിമർശനമുണ്ട്. ഇതിനകം നിരവധി മുസ്ലിം രാജ്യങ്ങൾ ഫ്രാൻസിനെതിരെ രംഗത്തു വന്നിരുന്നു.
മറുനാടന് ഡെസ്ക്