- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഫാൽ യുദ്ധവിമാന ഇടപാട്: അഴിമതി ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് സർക്കാർ; ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലും വിവാദം വീണ്ടും ചൂടുപിടിക്കുന്നു; വിഷയം സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്; വീണ്ടും കോൺഗ്രസിന്റെ നുണപ്രചരണമെന്ന് ബിജെപി
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഫ്രഞ്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചെന്ന റിപ്പോർട്ടുകൾക്കിടെ ഒരിടവേളക്ക് ശേഷം ഇന്ത്യയിലും റഫാൽ വിവാദം ചൂടുപിടിക്കുന്നു. ഫ്രാൻസിൽനിന്ന് ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്ജിയെ നിയോഗിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത് എത്തിയത്.
അഴിമതി ആരോപണത്തിലെ സത്യം പുറത്തുവരാൻ ഏകവഴി സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കുകയാണെന്ന് കോൺഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നിട്ടിറങ്ങി അന്വേഷണത്തിന് ഉത്തരവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
56000 കോടി രൂപയ്ക്ക് ഫ്രാൻസിൽ നിന്ന് 37 യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങൾ ഉയർന്നത്. ഇടപാടിലെ അഴിമതിയും പക്ഷപാതവും ആരോപിച്ച് ജൂഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നൽകാൻ ഒരു ജഡ്ജിയെ നിയോഗിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
'റഫാലിലെ അഴിമതി ഇപ്പോൾ വ്യക്തമായി പുറത്തുവന്നിട്ടുണ്ട്. ഫ്രഞ്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതോടെ ഇക്കാര്യത്തിൽ കോൺഗ്രസിന്റേയും രാഹുൽ ഗാന്ധിയുടേയും നിലപാടുകൾ ശരിയാണെന്ന് തെളിഞ്ഞു' കോൺഗ്രസ് വാക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
ഇക്കാര്യത്തിൽ സ്വതന്ത്രമായ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം മാത്രമാണ് പോംവഴി. സുപ്രീംകോടതി അല്ലെന്നും സുർജേവാല കൂട്ടിച്ചേർത്തു. ഇടപാടിൽ അഴിമതി ഉണ്ടെന്ന് ഫ്രഞ്ച് സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ അഴിമതി നടന്ന രാജ്യത്ത് ജെപിസി അന്വേഷണം നടത്തേണ്ടതില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഈ വിഷയം കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമായി കാണേണ്ടതില്ല. മറിച്ച് രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടും പ്രതിരോധ ഇടപാടിലെ അഴിമതിയെ കുറിച്ചുമുള്ള വിഷയമാണിതെന്നും കോൺഗ്രസ് പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് ഉത്തരം പറയേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
59,000 കോടി രൂപയുടെ റഫാൽ ഇടപാടിലെ അഴിമതി ആരോപണങ്ങളിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചെന്ന റിപ്പോർട്ടിനു പിന്നാലെയാണു കോൺഗ്രസ് ജെപിസി അന്വേഷണം ആവശ്യപ്പെട്ടത്. ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസിന്റെ ഫിനാൻഷ്യൽ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
യുപിഎ സർക്കാരിന്റെ കാലത്ത് യുദ്ധവിമാനങ്ങൾക്ക് 526 കോടി രൂപ വീതം നൽകാനായിരുന്നു നീക്കം. എന്നാൽ 2016ൽ അത് 1,670 കോടിയായി ഉയർത്തി. സാങ്കേതിക വിദ്യ അടക്കം കൈമാറുന്നതിനു നേരത്തേ കരാർ ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.
2019 ലെ പൊതുതെരഞ്ഞെടുപ്പ് കാലയളവിൽ റാഫേൽ ഇടപാടിൽ അഴിമതി ആരോപണം ഉന്നയിച്ച് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ ബിജെപിക്ക് എതിരെ കടുത്ത വിമർശനങ്ങളാണ് കോൺഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നത്.
പാർട്ടി നേതൃത്വം ഔദ്യോഗികമായി അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.
'മൂന്ന് കാര്യങ്ങൾ ദീർഘനേരം മറച്ചുവെക്കാനാവില്ല: സൂര്യൻ, ചന്ദ്രൻ, സത്യം. - ബുദ്ധൻ,' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
Three things cannot be long hidden: the sun, the moon, and the truth.
- Priyanka Gandhi Vadra (@priyankagandhi) July 3, 2021
- Lord Buddha #RafaleScam
അതേ സമയം കോൺഗ്രസിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് ബിജെപി വക്താവ് സാംബിത് പത്ര രംഗത്തെത്തി. രാഹുൽ ഗാന്ധി പെരുമാറുന്ന രീതി, മത്സര കമ്പനികൾ അദ്ദേഹത്തെ ഒരു പണയക്കാരനായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ അദ്ദേഹം കള്ളം പറയുകയാണ്. ഒരുപക്ഷേ, അദ്ദേഹം ഒരു ഏജന്റായി പ്രവർത്തിക്കുന്നുവെന്ന് ബിജെപി വക്താവ് സാംബിത് കുറ്റപ്പെടുത്തി. കോൺഗ്രസ് നുണപ്രചാരണം തുടരുകയാണെന്ന് സാംബിത് ആരോപിച്ചു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ ഇടപാടിൽ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടും സുപ്രീംകോടതി വിധിയും ഉയർത്തിക്കാട്ടിയാണ് കോൺഗ്രസിന്റെ ആരോപണങ്ങളെ തള്ളിക്കളയാൻ സാംബിത് ആവശ്യപ്പെട്ടത്.
59,000 കോടി രൂപയ്ക്ക് 36 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിലാണ് അഴിമതി ആരോപണങ്ങൾ ഉയർന്നത്. ഇന്ത്യ, ഫ്രാൻസ് സർക്കാരുകൾ തമ്മിലായിരുന്നു കരാർ. ഉയർന്ന വിലയ്ക്കു വിമാനം വാങ്ങി, സാങ്കേതികവിദ്യ കൈമാറ്റം നടന്നില്ല എന്നീ ആരോപണങ്ങളാണ് ഇന്ത്യയിൽ ഉയർന്നത്.
ന്യൂസ് ഡെസ്ക്