കൊച്ചി : കോവിഡ്മഹാമാരിയെ മറയാക്കി കേരളത്തിൽ അരങ്ങേറുന്നത് ഡയറക്റ്റ് മാർക്കറ്റിങ്ങിന്റെ പേരിൽ മണിചെയിൻ മാതൃകയിൽ തട്ടിപ്പ്.ലോക്ഡൗൺ കാലത്ത് സാമ്പത്തികമായും തൊഴിൽപരമായും സാധാരണക്കാർ ഉൾപ്പെടെ പ്രയാസങ്ങൾ നേരിടുമ്പോൾ വീട്ടിലിരുന്നു ജോലി ചെയ്യാം, ആയിരങ്ങളും പതിനായിരങ്ങളും സമ്പാദിക്കാം എന്ന വാഗ്ദാനവുമായാണ് നിരവധി ഡയറക്ട് മാർക്കറ്റിങ് കമ്പനികൾ രംഗ പ്രവേശനം ചെയ്തത്. എന്നാൽ, ഡയറക്ട് സെല്ലിങ് വിപണ രംഗത്ത് കള്ളനാണയങ്ങൾ ഏറിതോടെ, 2018 ൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറത്തിറക്കിയ മാർഗ്ഗരേഖകൾ കാറ്റിൽ പറത്തിയാണ് ചില കമ്പനികളുടെ പ്രവർത്തനം. ഇതിന് തടയിടാനും നിയമപരമായി നേരിടാനും ഫ്രാഞ്ചൈസി സ്ഥാപനങ്ങളുടെ കൂട്ടായ്മയിൽ ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.

മോഹനവാഗ്ദാനങ്ങൾ നൽകി വലയിൽ വീഴ്‌ത്തും

യാതൊരു മുതൽ മുടക്കും വേണ്ട എന്നു പറയുമ്പോഴും ഇരുന്നൂറു രൂപ മുതൽ ഇരുപത്തയ്യായിരം രൂപ വരെയാണ് കമ്പനികൾ അവരുടെ ബിസിനസ്സിൽ പങ്കാളിയാകാൻ അഭ്യുദയകാംക്ഷികളിൽ നിന്നും ഈടാക്കുന്നത്.നിത്യോപയോഗ സാധനങ്ങളും ആരോഗ്യ പോഷക വസ്തുക്കളും എന്ന് വേണ്ട എന്തും ഏതും ഡയറക്ട് മാർക്കെറ്റിങ്ങ് വഴി വീട്ടിലിരുന്നു വിൽക്കാം, ദിവസവും ആയിരങ്ങളും പതിനായിരങ്ങളും സമ്പാദിക്കാം എന്ന് പറഞ്ഞാണ് ഇവർ ജനത്തെ സമീപിക്കുന്നത്.

മൾട്ടിലെവൽ മാർക്കെറ്റിങ്ങ് വിപണനരംഗത്തു കള്ളനാണയങ്ങൾ പെരുകിയപ്പോൾ അതിനെ തടയുന്നതിനും ഒരു സ്വയംതൊഴിൽ എന്ന നിലയിൽ ഈ രംഗത്തേക്ക് കടന്നു വരുന്നവർക്ക് ആത്മാർത്ഥമായും അഭിമാനത്തോടും കൂടി പ്രവർത്തിക്കാവുന്ന ഒരു മേഖലയായി ഡയറക്ട് മാർക്കെറ്റിങ്ങ് വിപണന രംഗത്തെ മാറ്റുന്നതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശക്തവും വ്യക്തവുമായ ഒരു മാർഗ്ഗരേഖ 2018 ൽ പുറപ്പെടുവിക്കുകയുണ്ടായി. അതിന്റെ ഭാഗമായി നിയമ നടപടികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം.

എന്നാൽ ഈ മാർഗരേഖയിൽ പറഞ്ഞ കാര്യങ്ങൾക്കൊന്നും വില കൽപ്പിക്കാതെ നിരവധി കമ്പനികൾ കേരത്തിൽ പ്രവർത്തിക്കുന്നു . പുതിയവ ഉടലെടുക്കുന്നു. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടു കൊറോണക്കാലത്തു പ്രവർത്തനം തുടങ്ങിയ കമ്പനികൾ ജനത്തെ അറിഞ്ഞു കൊണ്ട് പറ്റിച്ചു മുന്നേറുന്നു.

വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാൽ നൂറ്റാണ്ടു പൂർത്തിയാക്കിയ വനിതാ സ്വാശ്രയ സംഘവും, പാലുൽപ്പാദകരായ കർഷകരെ ഉൾപ്പെടെ വിവിധ മേഖലയിൽ കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവരെ രക്ഷിക്കാനും മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കാനും വേണ്ടി പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന കമ്പനിയും മോഹന വാഗ്ദാനങ്ങൾ നൽകി നിത്യവൃത്തിക്ക് വകയില്ലാത്ത കൂലിപ്പണിക്കാരനെപ്പോലും വലയിലാക്കുന്നു.

വിലയിലെ തട്ടിപ്പ്

പൊതുവിപണിയിൽ 500 രൂപ മുതൽ 800 രൂപ വരെ വില നൽകിയാൽ വാങ്ങാൻ കഴിയുന്ന 500 ഗ്രാം ചായ പ്പൊടിയും, കാപ്പിപ്പൊടിയും, തേനും, പാത്രങ്ങളും 1500 രൂപമുതൽ 2000 രൂപവരെ വിലയീടാക്കി ആളുകളെ ചേർത്ത് കമ്പനിയും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന നേതാക്കന്മാരും ലക്ഷങ്ങൾ സമ്പാദിച്ചു കൂട്ടുന്നു. ഇത്തരത്തിൽ ഉത്പന്ന അധിഷ്ടിതമായി പ്രവർത്തിക്കുന്ന കമ്പനികൾ അധികവും ഉപഭോക്താക്കൾക്ക് പതിവായി സാധനങ്ങൾ ലഭ്യമാക്കാൻ താത്പര്യം കാണിക്കാതെ ഡയറക്ട് മാർക്കറ്റിങ് മേഖലയിൽ നിഷിദ്ധമായ ബൈനറി സംവിധാനത്തിന് (പിരമിഡ് ) പ്രാധാന്യം നൽകി പാക്കേജുകൾ അവതരിപ്പിച്ച് ഉപഭോക്താക്കളുടെ മേൽ സാധനങ്ങൾ അടിച്ചേൽപ്പിക്കുന്നു.

ബിസിനസ്സിൽ പങ്കുചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് സൗജന്യമായി അംഗത്വം നൽകണമെന്നും അവരവർക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി വരുമാനം നേടാൻ അവസരം നൽകണമെന്നും ഏതെങ്കിലും പ്രത്യേക സാധനങ്ങൾ വാങ്ങിക്കാൻ ഉപഭോക്താക്കളെ നിർബന്ധിക്കാൻ പാടില്ല എന്ന മാർഗ്ഗ നിർദ്ദേശവും പാലിക്കപ്പെടുന്നില്ല.

മറ്റു ചിലരാകട്ടെ കേവലം 200 രൂപയും 220 രൂപയും നൽകി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതിലൂടെ, മറ്റുള്ളവരെ ജീവകാരുണ്യ പ്രവർത്തിയിൽ പങ്കാളിയാക്കുന്നതിലൂടെ ലക്ഷങ്ങളും കോടികളും സമ്പാദിക്കാമെന്നു പറഞ്ഞു വാങ്ങിയ തുകയ്ക്കു ഒരു സാധനവും കൊടുക്കാതെ ജനത്തെ പറ്റിച്ചു പണമുണ്ടാക്കുന്ന തട്ടിക്കൂട്ട് സംഘടനകളും കേരളത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

മണിച്ചെയിൻ തട്ടിപ്പുകാരും കമ്പനികളുടെ തലപ്പത്ത്

ഡയറക്ട് മാർക്കറ്റിങ് വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളുടെ സ്ഥാപകരും ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവരും കഴിഞ്ഞ 5 വർഷത്തിനിടയിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസിൽ പ്രതികളായി ശിക്ഷിക്കപ്പെട്ടവരോ, തടവിൽ കഴിഞ്ഞവരോ ആയിരിക്കരുത് എന്ന നിർദ്ദേശം അവഗണിച്ച് മണി ചെയിൻ, ഓഹരി വ്യാപാരം, നിക്ഷേപത്തട്ടിപ്പ് തുടങ്ങി വിവിധ രീതിയിൽ ജനത്തെ കബളിപ്പിച്ച് കേസിൽ പ്രതിയായവർ ചില കമ്പനികളുടെ തലപ്പത്ത് വാഴുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.

മൾട്ടി ലെവൽ മാർക്കറ്റിങ് വഴി വിപണനം ചെയ്യുന്ന ഉത്പന്നങ്ങളുടെ വില വിപണിയിൽ ക്രയവിക്രയം ചെയ്യപ്പെടുന്ന സമാനമായ സാധനങ്ങളുമായി വലിയ അന്തരം ഉണ്ടാകാൻ പാടില്ല എന്നതും പാലിക്കപ്പെടുന്നില്ല.

പല കമ്പനികളും ലീഡർമാരും അവരുടെ വരുമാനം കൂട്ടുന്നതിനായി തൊഴിൽ രഹിതരെയും വിദേശത്തു നിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വന്ന പ്രവാസികളെയും മോഹന വാഗ്ദാനങ്ങൾ നൽകിയും പ്രലോഭിപ്പിച്ചും ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കി ഫ്രാഞ്ചൈസികളും സ്റ്റോക്ക് പോയന്റുകളും കേരളത്തിലുടനീളം തുടങ്ങുന്നു. തുടക്കത്തിൽ നൽകിയ വാഗ്ദാനമൊന്നും പാലിക്കാതെ, വേണ്ട സഹായം നൽകാതെ വിൽപ്പനശാലകൾ തുടങ്ങിയവരെ വഴിയാധാരമാക്കുന്നു.

തട്ടിപ്പിന് തടയിടാൻ ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷൻ

കേരളത്തിൽ പ്രവർത്തിക്കുന്ന വ്യത്യസ്തമായ ഡയറക്ട് മാർക്കെറ്റിങ്ങ് കമ്പനികൾ വഴിയും ലീഡർമാർവഴിയും ഫ്രാഞ്ചൈസികൾ തുടങ്ങി വിവിധ രീതിയിൽ പ്രയാസങ്ങൾ നേരിടുന്ന സ്ഥാപന ഉടമകളെ ഒന്നിച്ചു ചേർക്കുക എന്ന ലക്ഷ്യത്തോടെ ഒരു സംഘടന രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.

നിയമവിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളെയും ലീഡർമാരെയും പൊതുജനമധ്യത്തിൽ തുറന്നു കാണിക്കുക, ഫ്രാഞ്ചൈസി / ഹോം ഷോപ്പി / സ്റ്റോക്ക് പോയിന്റ് ഉടമകൾക്ക് ഉണ്ടായിട്ടുള്ള സാമ്പത്തികനഷ്ടം പരിഹരിക്കുന്നതിന് ആവശ്യമായ നിയമനടപടികൾ ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുക. പൊതുജങ്ങൾക്കു ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുക. ഫ്രാഞ്ചൈസികൾ തുടർന്ന് നടത്താൻ പ്രയാസപ്പെടുന്നവർക്കു സാധ്യമായ രീതിയിൽ സാമ്പത്തികമായി സഹായം നൽകുക. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചു ഡയറക്ട് മാർക്കറ്റിങ് മേഖലയിൽ നീതിപൂർവമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. പ്രേംജി. എം. പി (വയനാട്)- പ്രസിഡന്റ്, മധു. ആർ പണിക്കർ (കോട്ടയം) -സെക്രട്ടറി, അനിൽ കുമാർ.കെ.പി ( എറണാകുളം) - ഖജാൻജി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ഫ്രാഞ്ചൈസികളിൽ വിൽക്കാനാകാതെ കെട്ടിക്കിടക്കുന്നതും കാലാവധി കഴിഞ്ഞതുമായ സാധനങ്ങൾ തിരിച്ചെടുക്കാൻ ഡയറക്ട് മാർക്കെറ്റിങ്ങ് വിപണനവുമായി ബന്ധപ്പെട്ട കമ്പനികൾ തയ്യാറാകുന്നില്ല. നാമമാത്രമായ കമ്മീഷൻ മാത്രം ലഭിക്കുന്ന ഫ്രാഞ്ചൈസി ഉടമകൾ ഇത്തരത്തിൽ വിൽക്കാനാകാതെ അവശേഷിക്കുന്ന സാധനങ്ങളുടെ നഷ്ടംകൂടി വഹിക്കാൻ നിർബന്ധിക്കപ്പെടുന്നു. പല സ്ഥലത്തും ഫ്രാഞ്ചൈസി തുടങ്ങാൻ നിർബന്ധിച്ച ലീഡർമാർ തിരിഞ്ഞുനോക്കാത്ത അവസ്ഥ. ഡയറക്ട് മാർകെറ്റിങ്ങ് വിപണനവുമായി ബന്ധപ്പെട്ടു സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ ലീഡർമാർ നേരിട്ട് പാക്കേജുകൾ മണിചെയിൻ മാതൃകയിൽ വിപണനം നടത്തുന്നതിനെ കമ്പനികളും പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികളുടെയും ലീഡർമാരുടെയും പേരിൽ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറെടു ക്കുകയാണ് ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷൻ