- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഫോഴ്സ്മെന്റുകാരെന്ന വ്യാജേനയെത്തി ജൂവലറി ജീവനക്കാരനിൽ നിന്ന് സ്വർണം കവർന്ന സംഭവം: പ്രതികളെക്കുറിച്ചു സൂചന ലഭിച്ചു; ജൂവലറിയുമായി ബന്ധമുള്ള വ്യക്തികൾക്കും പങ്കെന്നു സംശയം
കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ചമഞ്ഞ് കോഴിക്കോട് ഫ്രാൻസിസ് ആലുക്കാസ് ജൂവലറി ജീവനക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണം കവർന്ന സംഭവത്തിൽ പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായി വിവരം. ജൂവലറിയുമായി ബന്ധമുള്ള ചില വ്യക്തികളുൾപ്പടെ ഇപ്പോൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നഗരത്തെ നടുക്കിയ മോഷണത്തിൽ പ്രതികളെ കുറിച
കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ചമഞ്ഞ് കോഴിക്കോട് ഫ്രാൻസിസ് ആലുക്കാസ് ജൂവലറി ജീവനക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണം കവർന്ന സംഭവത്തിൽ പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായി വിവരം. ജൂവലറിയുമായി ബന്ധമുള്ള ചില വ്യക്തികളുൾപ്പടെ ഇപ്പോൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
നഗരത്തെ നടുക്കിയ മോഷണത്തിൽ പ്രതികളെ കുറിച്ച് തുമ്പില്ലാതെ ഇരുട്ടിൽ തപ്പിയ അന്വേഷണ സംഘത്തിന് രണ്ടര മാസത്തിന് ശേഷമാണ് പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരിക്കുന്നത്. മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് വഴിത്തിരിവിലെത്താൻ സാധിച്ചിരിക്കുന്നത്.
എന്നാൽ അന്വേഷണം അന്തിമ ഘട്ടത്തിലെത്താൻ ദിവസങ്ങളെടുക്കുമെന്നാണ് അറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ജുവലറി അധികൃതരെയും ജീവനക്കാരെയും പല തവണ ചോദ്യം ചെയ്തിരുന്നു. ഏറെ ദുരൂഹതകളും സിനിമാ കഥകളെ വെല്ലുന്നതുമായിരുന്നു പകൽ സമയത്ത് നഗരത്തിൽ അരങ്ങേറിയ മോഷണം.
ഒക്‌ടോബർ 26 ന് ജൂവലറി ജീവനക്കാരനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിലെത്തിയെ മൂവർ സംഘം തട്ടിക്കൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന ഒന്നേകൽ കിലോ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് ഇയാളെ വഴിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയുമായിരുന്നു. എന്നാൽ സംഭവം നടന്ന ദിവസം തന്നെ മർദനത്തിനിരയായ ജൂവലറി ജീവനക്കാരൻ ബാലുശ്ശേരി വാകയാട് സ്വദേശി ടിജിൻ കുട്ടികൃഷ്ണൻ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയിന്മേൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെയും സൗത്ത് അസിസ്റ്റന്റ് കമ്മീഷണറുടെയും നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്.
നഗരത്തിലെ ആദ്യ സംഭവം എന്ന നിലയിലും മോഷണത്തിന്റെ സ്വഭാവവും പരിശോധിച്ചപ്പോൾ അന്വേഷണ സംഘം ജൂവലറിക്കാരിലും ബന്ധപ്പെട്ട ചിലരെയും സംശയിച്ചിരുന്നു. ഇതേ തുടർന്ന് മർദനത്തിന് ഇരയായ ടിജിൻ അടക്കമുള്ള ജൂവലറി ജീവനക്കാർ, മാനേജർമാർ, മറ്റു അധികൃതർ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കൂടാതെ സംശയം തോന്നിയ മോഷ്ടാക്കളെയും നഗരത്തിലുണ്ടായിരുന്ന ചിലരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രതികൾക്കായി മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നൊന്നും കാര്യമായ പുരോഗതി അന്വേഷണത്തിന് ഉണ്ടായിരുന്നില്ല.
സംഭവം നടന്ന ദിവസം ടിജിൻ സഞ്ചരിച്ച സ്ഥലങ്ങളിലെ മൊബൈൽ ടവർ ലൊക്കേഷനിലുള്ള മുഴുവൻ പേരുടെയും പേരു വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിയതോടെയാണ് പ്രതികളെ കുറിച്ച് ഇപ്പോൾ സൂചന ലഭിച്ചിരിക്കുന്നത്.
മോഷ്ടാക്കൾ നഗരം കൃത്യമായി അറിയുന്നവരും ദിവസങ്ങൾ നീണ്ട ആസൂത്രണം നടത്തിയിരുന്നതായും അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നു. ഇത് ശരിവെയ്ക്കുന്ന രീതിയിലാണ് പ്രതികളിലേക്കെത്തുന്ന അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കോഴിക്കോട് നഗരത്തിൽ സമാന സംഭവങ്ങൾ മുമ്പ് നടന്നിരുന്നില്ല.
ഡേവിസൺ തിയേറ്ററിനു പിറകിലെ ഹാൾമാർക്ക് കേന്ദ്രമായ പി.വി എം സെന്ററിൽ നിന്നും സ്വർണാഭരണങ്ങൾ ഹാൾമാർക്ക് മുദ്ര പതിപ്പിച്ച് ജൂവലറിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ടിജിനിൽ നിന്നും ഇന്നോവ കാറിലെത്തിയ സംഘം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ആഭരണപ്പൊതി തട്ടിയെടുത്തത്. ആക്റ്റീവ സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളായിരുന്നു പാളയം അൻഹാർ ഹോട്ടലിനു സമീപത്തുവച്ച് സംഘം കൈയിലാക്കിയത്.
26നു വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ജനം തടിച്ചു കൂടാൻ തുടങ്ങുന്നതിന് മുമ്പ് സംഘത്തിലുണ്ടായിരുന്ന ഒരാൾ സ്‌കൂട്ടറിലെ താക്കോൽ എടുത്ത് സീറ്റ് തുറന്ന് സ്വർണം എടുക്കുകയും കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഹെൽമെറ്റ് സഹിതം ടിജിനെ കാറിൽ കയറ്റുകയറ്റുകയുമായിരുന്നെന്നാണ് ടിജിൻ പൊലീസിൽ നൽകിയ മൊഴി. തുടർന്ന് ടിജിനുമായി നാകരത്തിലെ ഊടുവഴികളിലൂടെയും മുഴുവൻ പോക്കറ്റ് റോഡുകളിലൂടെയും സംഘം സഞ്ചരിക്കുകയും ഒരുമണിക്കോറോളം പലയിടങ്ങളിലായി ചുറ്റിയ ശേഷം മെഡിക്കൽ കോളേജിനടുത്ത ദേവഗിരി സാവിയോ എൽ.പി സ്‌കൂളിനു മുന്നിൽ ടിജിനെ ഉപേക്ഷിക്കുകയുമായിരുന്നു. ഫ്രാൻസിസ് ആലുക്കാസിലെ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്ത ടിജിൻ കഴിഞ്ഞ നാലു വർഷമായി അക്കൗണ്ട്‌സ് വിഭാഗത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
സംഭവം നടന്ന പാളയം ടവർ ലൊക്കേഷനിലെയും സംഘം കടന്നു പോയ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയിരക്കണക്കിന് നമ്പറുകളും മറ്റു വിവരങ്ങളും ശേഖരിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടക്കുന്നതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എ ജെ ബാബു മറുനാടൻ മലയാളിയോടു പറഞ്ഞു. ഇപ്പോൾ പരിശോധിച്ച നൂറകണക്കിനു നമ്പറുകളിൽ ചിലരെ പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന ചില നമ്പറുകളുടെ ഉടമകളെ കണ്ടെത്താനുള്ള അതീവ ശ്രമത്തിലാണ് അന്വേഷണ സംഘം.
ഈ വിവരം ലഭിക്കുന്നതോടെ പ്രതികളെ കുറിച്ചുള്ള വ്യക്തത കൈവരുമെന്നും ജൂവലറിയുമായി ബന്ധമുള്ളവർക്ക് പങ്കുണ്ടോയെന്നും വ്യക്തമാകുമെന്നും അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇരുപത് പൊലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് വിവിധ മേഖലഖളിൽ ചെറു സംഘങ്ങളായി അന്വേഷണം നടത്തുന്നത്.