- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ സന്ദർശനത്തിന് എത്തുന്നു; മൂന്നു ദിവസം സന്ദർശനം നീളും;തീവ്രവാദി ആക്രമണങ്ങൾക്ക് ശമനമുള്ള രാജ്യത്ത് എത്തുന്ന മാർപാപ്പക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ഇറാഖ് സർക്കാർ
ബഗ്ദാദ്: ചരിത്രത്തിലാദ്യമായി ഒരു മാർപ്പാപ്പ ഇറാഖിലേക്ക് പോകുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് പര്യടനം വെള്ളിയാഴ്ച ആരംഭിക്കും. കോവിഡ് വീണ്ടും പിടിമുറുക്കിയ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾക്ക് ഒരിക്കലൂടെ ആരംഭമായ ഘട്ടത്തിലാണ് സന്ദർശനം. ഇറാഖിലേക്ക് പുറപ്പെടുംമുമ്പ് പോപിന്റെ സംഘത്തിലെ എല്ലാവർക്കും കുത്തിവെപ്പ് നൽകും. മൂന്നു ദിവസം സന്ദർശനം നീളും. അടുത്തിടെ തീവ്രവാദി ആക്രമണങ്ങൾക്ക് ശമനമുള്ള രാജ്യത്ത് എത്തുന്ന മാർപാപ്പക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
എട്ടു വർഷത്തിനിടെ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന 33ാം വിദേശ സന്ദർശനമാണിത്. ബഗ്ദാദിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വിരുന്നോടെയാകും പര്യടനത്തിന് തുടക്കം. പ്രസിഡന്റ് ബർഹാം സാലിഹ്, പ്രധാനമന്ത്രി മുസ്തഫ അൽഖാദിമി എന്നിവർ പങ്കെടുക്കും. തുടർന്ന് സീറോ കാതലിക് കത്തീഡ്രലിൽ ബിഷപ്പുമാർ, പാതിരിമാർ എന്നിവരെ കാണും.
നജഫിലെത്തി ശിയാ ആത്മീയ നേതാവ് ആയത്തുല്ല അലി സിസ്താനിയെ സന്ദർശിക്കും. ഇർബിൽ, മൂസിൽ, ഖർഖൂഷ് നഗരങ്ങളിൽ ക്രിസ്ത്യൻ നേതാക്കളെ കാണും. ഇവിടങ്ങളിൽ സമുദായ വിഷയങ്ങളും ദേവാലയ നിർമ്മാണവും ചർച്ച നടത്തും. മൂസിലിൽ ഐ.എസ് ഇരകളായി കൊല്ലപ്പെട്ട ക്രിസ്തീയ സഹോദരങ്ങൾക്ക് പ്രത്യേക പ്രാർത്ഥന നടത്തും. ഐ.എസ് തകർത്ത ശേഷം പുനർനിർമ്മിച്ച സെന്റ് മേരി അൽതാഹിറ കതീഡ്രലിലും സന്ദർശനം നടത്തും. ഇർബിലിൽ ഫുട്ബാൾ സ്റ്റേഡിയത്തിൽ വൻ ജനസാന്നിധ്യത്തിൽ നടക്കുന്ന ഖുർബാനയാണ് പ്രധാന ആകർഷണം.
ഐ.എസ് പിടിമുറുക്കിയ ഇറാഖിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ക്രിസ്തീയ ജനസംഖ്യയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. മാർപ്പാപ്പയെ സ്വീകരിക്കാനായി ഇറാഖി ജനത കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ' ലോകത്തിലെ ഈ ഭാഗം അതിന്റെ ബഹുസ്വരതയിലാണ് അഭിവൃദ്ധി പ്രാപിക്കുന്നത്. നമ്മുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും മണ്ണിന്റെയും ഭാഗമാണ് ക്രിസ്ത്യാനികൾ,' ഇറാഖ് പ്രസിഡന്റ് പറഞ്ഞു. പശ്ചിമേഷ്യയിൽ ക്രിസ്ത്യൻ വിഭാഗത്തിനെ പുറത്താക്കുന്ന ഭീകരവാദികളുടെ പ്രവൃത്തികൾ മുസ്ലിങ്ങൾക്കു തന്നെ എതിരായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
2003 അമേരിക്കൻ അധിനേശവും തുടർന്നുണ്ടായ ഭീകരാക്രമണത്തിലും രാജ്യത്തെ ക്രിസ്ത്യൻ വിഭാഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മാർപ്പാപ്പ സമ്മേളിക്കുന്ന നിവനെ പ്രവിശ്യ നേരത്തെ ഐഎസ് അധീനമേഖലയായിരുന്നു. മേഖലയിലെ ക്രിസ്ത്യൻ വിഭാഗക്കാരുടെ എണ്ണം ഗണ്യമായി ഈ വർഷങ്ങളിൽ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് മാർപാപ്പ ഇറാഖിലേക്ക് എത്തുന്നത്.
മറുനാടന് ഡെസ്ക്