കൊച്ചി: രൂപതയിലെ എല്ലാ വൈദീകരെയും കാണും. കേസുമായി ഒരു തരത്തിലുള്ള ഇടപെടലും ഇഷ്ടപ്പെടുന്നില്ല. വത്തിക്കാൻ ഇവിടുത്തെ വിഷയങ്ങളിൽ ഇതുവരെ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ല. ചുമതല വഹിക്കുക കേസ് തീരുന്നത് വരെ മാത്രമെന്നും മുംബൈ അതിരൂപത സഹായ മെത്രാൻ ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസ്. ബിഷപ്പ് ഫ്രാങ്കോ ജയിലിലായതോടെ ജലന്ധരൂപതയുടെ പുതിയ അഡ്‌മിനിസ്‌ട്രേറ്ററായി സ്ഥാനം ഏറ്റെടുക്കൽ ചടങ്ങിലാണ് ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസ് നിലപാട് വിശദീകരിച്ചത്.

ഡൽഹിയിൽ നിന്നുള്ള വത്തിക്കാൻ കാര്യാലയം ചുമതല കൈമാറ്റം സംമ്പന്ധിച്ച് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നു.ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരത്തെ മാർപാപ്പയ്ക്ക് കത്ത് നൽകിയിരുന്നു. ഈ കത്ത് പരിഗണിച്ചായിരുന്നു ഭരണമാറ്റം സംബന്ധിച്ച വത്തിക്കാന്റെ നടപടി. ഇതിന് ശേഷമാണ് ഫ്രാങ്കോയെ കന്യാസ്ത്രീ പീഡനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12-ന് ബിഷപ്പ് ഹൗസ്് വളപ്പിലെ തിരുഹൃദയദേവാലയത്തിലെ കുർബ്ബാനയിലാണ് സ്ഥാനം ഏൽക്കുന്നതായി ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസ് അറിയച്ചത്.

രൂപത ഭരണത്തിൽ കാര്യമായ കൈകടത്തലിനില്ലന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസിന്റെ പ്രസംഗം എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ബിഷപ്പ് ഫ്രാങ്കോ ചുമതലയേൽപ്പിച്ചവർ തൽസ്ഥാനത്ത് തുടരുമെന്നും കാര്യങ്ങളെല്ലാം ഇവരുമായി ബന്ധപ്പെട്ട് താൻ വിലയിരുത്തുമെന്നും ഇദ്ദേഹം വ്യക്തമാക്കിയതായിട്ടാണ് സൂചന. രൂപതയുടെ നല്ലരീതിയിലുള്ള പ്രവർത്തനത്തിന് എല്ലാവരും സഹകരിക്കണം എന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം തന്റെ വാക്കുകൾ ചുരുക്കിയത്. രൂപതയിലെ ഭൂരി പക്ഷം വൈദീകരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് പോകേണ്ടതുണ്ട്. മാത്രമല്ല കേസുമായി മുന്നോട്ടുപോകുന്നതിനും രൂപതയ്ക്ക് പുറത്ത് ദീർഘനാൾ തങ്ങേണ്ടി വന്നേക്കാം. ഇത് പരിഗണിച്ച് ചുമതലയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കണമെന്നായിരുന്നു ഫ്രാങ്കോ മാർപ്പായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് പോകുന്നതിന് മുമ്പായി, ജലന്ധർ രൂപതയുടെ ഭരണ ചുമതല ഫാദർ മാത്യു കോക്കണ്ടത്തിനാണ് ഫ്രാങ്കോ മുളയ്ക്കൽ കൈമാറിയിരുന്നത്.

കന്യാസ്ത്രീ പീഡനക്കേസ്സിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു.കേസിൽ തെളിവെടുപ്പ് തുടരുകയാണെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്നും പ്രൊസിക്യൂഷന്റെ അപേക്ഷ കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.