- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളരെയേറെ കഷ്ടതകൾ അനുഭവിക്കുന്ന, എങ്ങും പരാതി പറയാനില്ലാത്ത സ്ത്രീയുടെ പരാതിയായി ഇത് കേൾക്കാമായിരുന്നു; അവസാനത്തെ അഭയം എന്ന നിലയിലാണ് ഈ കേസിലേക്ക് വന്നത്: അന്വേഷണ ഉദ്യോഗസ്ഥൻ കെ സുഭാഷ്
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ അങ്ങേയറ്റത്തെ നിരാശയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ. സുഭാഷ്. കേസിനെ കോടതി പരിഗണിച്ച രീതിയിലാണ് സുഭാഷ് പറഞ്ഞിരിക്കുന്നത്. ഒരു സാധാരണ സ്ത്രീയുടെ സാഹചര്യത്തിൽ നിന്ന് ഈ കേസിനെ കാണരുതായിരുന്നെന്നും വളരെയേറെ കഷ്ടതകൾ അനുഭവിക്കുന്ന വ്യക്തിത്വം ഒട്ടും ഇല്ലാത്ത സാഹചര്യത്തിൽ ജീവിക്കുന്ന ഒരു സ്ത്രീയുടെ സാഹചര്യത്തിൽ നിന്ന് തന്നെ കേസിനെ പരിഗണിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അവർക്ക് പരാതി പറയാൻ വേറൊരു മാർഗവും ഇല്ലായിരുന്നു. പരമാവധി ഇത് അവർ പറയാതിരിക്കാൻ നോക്കി. പിന്നേയും അവസാനത്തെ അഭയം എന്ന നിലയിലാണ് ഈ കേസിലേക്ക് വന്നത്. അത് ആ രീതിയിൽ തന്നെ പ്രോസിക്യൂഷൻ കൈകാര്യം ചെയ്തിരുന്നു. ഒരു സാക്ഷി പോലും പ്രോസിക്യൂഷന് എതിരായിട്ട് പറഞ്ഞിട്ടില്ല. ഒരിക്കലും ഈ വിധി പ്രതീക്ഷിച്ചില്ല. കോടതിയുടെ മുൻപിൽ ഓരോ സാക്ഷിയും കൃത്യമായി കാര്യങ്ങൾ പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ താമസിച്ചു എന്ന ഒരു വിഷയമുണ്ട്. എന്നാലും എല്ലാ തെളിവുകളും ഉണ്ട്. എന്നിട്ടും വിധി എതിരായി. തീർച്ചയായും മേൽക്കോടതിയിൽ പോകാൻ തന്നെയാണ് തീരുമാനം, അദ്ദേഹം പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ഹരിശങ്കറും പ്രതികരിച്ചത്. ഒരു രീതിയിലും അംഗീകരിക്കാൻ പറ്റുന്ന വിധിയല്ല ഇതെന്നും കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്തരത്തിലൊരു വിധി വന്നെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേസിലെ ഇരയായ വ്യക്തിയെ 9 ദിവസം വിസ്തരിച്ചിരുന്നു. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നു. ഇത്തരം കേസുകളിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് സുപ്രീം കോടതിയുടെ മാർഗനിർദ്ദേശം ഉണ്ട്. ഒരു ബലാത്സംഗക്കേസിൽ ഇരയുടെ മൊഴി മാത്രം കേട്ട് ശിക്ഷിക്കാമെന്ന മാർഗനിർദ്ദേശം ഉണ്ടായിരിക്കെ ഇത്രയും തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടായിട്ടും പ്രതിയെ വെറുതെവിട്ട നടപടി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കും.
വിധി പരിശോധിച്ച ശേഷം തീർച്ചയായും അപ്പീൽ പോകേണ്ട കേസാണ് ഇത്. ഒരു കാരണവശാലും ഈ കേസ് ഇവിടെ അവസാനിക്കുന്നതല്ല. ഒരു തരത്തിലും ഈ കേസ് അന്വേഷണ സംഘം ഇവിടെ വിട്ടുകളയില്ല. വളരെ നല്ല രീതിയിൽ തെളിവുകളുള്ള കേസാണ് ഇത്. 2014 ൽ നടന്ന സംഭവം 2018 ൽ റിപ്പോർട്ട് ചെയ്തു എന്ന കാലതാമസം മാത്രമാണ് വന്നത്. പക്ഷേ കൃത്യമായ സാഹചര്യമുണ്ടെങ്കിൽ അത് കേസിനെ ബാധിക്കില്ല. പേടി, ആശങ്ക ഇതെല്ലാം മൊഴി നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഘടകമാണ്. ഇതിലെല്ലാം കൃത്യമായ തെളിവുകളുണ്ട്. മെഡിക്കൽ തെളിവുകൾ വരെ ഉള്ള സാഹര്യത്തിൽ ഇത്തരമൊരു വിധി അംഗീകരിക്കാനാവില്ല.
പ്രതിയെ കുറ്റക്കാരനായി കോടതി വിധിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. ഒരു പ്രലോഭനങ്ങൾക്കും വഴങ്ങാതെ സത്യസന്ധമായി കോടതിയിൽ വന്ന് മൊഴി പറഞ്ഞ ആളുകൾക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. അവരെ സംബന്ധിച്ച് ഇനി വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും ഹരിശങ്കർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ