തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാണിച്ച് നൽകിയ നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ കൈപ്പറ്റി. ഈ വരുന്ന ബുധനാഴ്‌ച്ച ചോദ്യം ചെയ്യലിന് കേരളത്തിൽ എത്തണമെന്ന കാണിച്ചുള്ള നോട്ടീസ് കൈമാറിയത് ജലന്ധർ പൊലീസാണ്. അതേസമയം ഫ്രാങ്കോ നോട്ടീസ് കൈപ്പറ്റി അന്വേഷണ സംഘത്തിന് മുമ്പിൽ എത്തുമോ എന്നതാണ് അറിയേണ്ടത്. നേരത്തെ ആവശ്യമെങ്കിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിൽ നിന്നും ബലാത്സംഗം നേരിട്ട കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും പുറത്ത് വിട്ട നടപടിക്കെതിരെ കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സന്യാസി സഭയായ മിഷണറീസ് ഓഫ് ജീസസിനെതിരെയാണ് കേസ്. നേരത്തെ ഈ സംഭവത്തിൽ ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലിൻ പരാതി നൽകിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി ഇവർ നൽകിയിരുന്നു. പരാതി നൽകിയ കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പരാതിക്കാരൻ പറഞ്ഞിരുന്നു.

കന്യാസ്ത്രീയെ തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാൽ ഉത്തരവാദിയാകില്ലെന്ന മുന്നറിയിപ്പോടെയാണ് കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങൾക്ക് കൈമാറിയത്. കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളിൽ വൈരുദ്ധ്യമുണ്ടെന്നും പ്രതിഷേധിക്കുന്ന കന്യാസ്ത്രീകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചുകൊണ്ടുള്ള വാർത്താകുറിപ്പിനൊപ്പമാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

2015 മെയ് 23 ന് ഫ്രാങ്കോ പങ്കെടുത്ത ഒരു ചടങ്ങിൽ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തിരുന്നുവെന്നാണ് ചിത്രം നൽകികൊണ്ട് മിഷനറീസ് ഓഫ് ജീസസ് പറയുന്നത്. ഇരുവരും ഒരുമിച്ച് ഒരു വീട് വെഞ്ചരിപ്പ് ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് ഇത്. ഇരുവരും വീട് വെഞ്ചരിപ്പിന് ഒരുമിച്ചിരിക്കുന്നത് ആരോപണം തെറ്റാണെന്നതിന്റെ തെളിവാണ്. ലൈംഗിമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ, പീഡിപ്പിച്ച ആൾക്കൊപ്പം സ്വന്തം താത്പര്യപ്രകാരം പങ്കെടുക്കില്ലെന്നുമാണ് മിഷനറീസിന്റെ വാദം.

2014 മുതൽ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നൽകിയിരിക്കുന്നത്. എന്നാൽ തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രീ വളരെ ആവേശത്തോടെയാണ് 2015 ൽ നടന്ന ഈ ചടങ്ങിൽ പങ്കെടുത്തത്. കന്യാസ്ത്രീ അധികാരികളോട് അനുവാദം വാങ്ങി ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. അതിനാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും അവർ ആരോപിച്ചു.

ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പങ്ക് അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്റെ പ്രാഥമിക കണ്ടെത്തൽ പ്രസിദ്ധീകരിക്കാനായി നൽകിയ വാർത്താ കുറിപ്പിലാണ് ചിത്രവും നൽകിയത്. കന്യാസ്ത്രീകൾക്കെതിരായാണ് അന്വേഷണ കമ്മീഷന്റെ കണ്ടത്തലുകൾ. ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ ഗൂഢാലോചന നടത്തിയെന്നും സഭയുമായി ബന്ധമില്ലാത്ത നാലു പേരുടെ സഹായം അവർക്ക് ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

യുക്തിവാദികളാണ് കന്യാസ്ത്രീകൾക്ക് പിന്നിലെന്ന ആരോപണവും കുറിപ്പിൽ ഉന്നയിക്കുന്നുണ്ട്. ലൈംഗിക പീഡന പരാതികൾ നൽകുന്നവരെ തിരിച്ചറിയുന്ന തരത്തിൽ ഒരു വിവരവും പുറത്തു വിടരുതെന്നാണ് രാജ്യത്തെ കർശനമായ നിയമം. ഒരു കാരണവശാലും ഇരയുടെ പേരോ ചിത്രമോ ഒന്നും നൽകാനാവില്ല. ഈ നിയമത്തെ കാറ്റിൽപ്പറത്തിയാണ് മിഷറീസ് ഓഫ് ജീസസിന്റെ പബ്ലിക് റിലേഷൻ ഓഫീസർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങൾക്ക് നൽകിയത്.

അതിനിടെ നീതി കിട്ടാൻ കുടുംബത്തോടൊപ്പം നിരാഹാരം കിടക്കാനും മരിക്കാനും തയാറാണെന്ന് ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ മൂത്ത സഹോദരി. വെള്ളിയാഴ്ച കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയതായിരുന്നു അവർ. സഹോദരിക്ക് നീതി ലഭിക്കണം, അപ്പച്ചൻ ജീവനോടെയുണ്ടായിരുന്നെങ്കിൽ സമരപ്പന്തലിൽ നിരാഹാരം കിടക്കുമായിരുന്നു. ഫ്രാങ്കോയെ പിതാവെന്ന് വിളിക്കാൻ ആവില്ല. അത്രക്ക് ക്രൂരമായാണ് അവൻ എന്റെ അനുജത്തിയോട് പെരുമാറിയത്.

മനുഷ്യന്റെ രൂപമുള്ള പിശാചാണ് അയാൾ. 27 വർഷം അപ്പച്ചൻ പട്ടാളത്തിൽ ജോലിചെയ്തു. അമ്മ മരിച്ചശേഷം അഞ്ച് സഹോദരങ്ങളെ വളർത്തിയ ആളാണ് താൻ. കുഞ്ഞനുജത്തി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ വലിയ വിഷമവും വേദനയും തോന്നി. ഫ്രാങ്കോയെ നിയമത്തിന്റെ മുന്നിലല്ല കൊണ്ടുവരേണ്ടത്. മനഃസാക്ഷിയുടെ കോടതിയിൽ ജനങ്ങൾ ഇപ്പോൾ ശിക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

കൊച്ചിയിലെ സമരപന്തലിലേക്ക് ഇന്നും നിരവധി പേർ ഒഴുകിയെത്തി. നീതിക്ക് വേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അപമാനിച്ച് പ്രസ്താവനയിറക്കിയ കെ.സി.ബി.സി മാപ്പുപറയണമെന്ന് സേവ് അവർ സിസ്‌റ്റേഴ്‌സ് ആക്ഷൻ കൗൺസിൽ ഭാരവാഹി ഫാ. അഗസ്റ്റിൻ വട്ടോളി സമരപന്തൽ സന്ദർശിച്ച ശേഷം വ്യക്തമാക്കി. മാർപാപ്പയുടെ നിലപാടുകൾക്കെതിരാണ് കെ.സി.ബി.സിയുടെ പ്രസ്താവന. സി.ബി.സിഐ അധ്യക്ഷനായ ബോംബെ ആർച് ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ബിഷപ് ഫ്രാങ്കോ മുളക്കൽ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ വ്യക്തമായത് മാർപാപ്പയുടെ നിലപാടാണ്. അച്ചൻ പട്ടം സ്വീകരിക്കുന്നത് ബലാൽക്കാരം ചെയ്യാനോ ഭൂമിയിടപാട് നടത്താനോ അല്ല. ക്രിസ്തുവിൽ വിശ്വസിക്കുന്നതുകൊണ്ടാണ് വൈദികനായ താൻ സമരപ്പന്തലിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീജിത്തിനെ മർദിച്ച് കൊലപ്പെടുത്തിയ പൊലീസ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിലൂടെ തുല്യനീതി നിഷേധിക്കുകയാണെന്ന് മഹിള കോൺഗ്രസ് പ്രസിഡന്റ് ലതിക സുഭാഷും പറഞ്ഞു. സഭയ്ക്കും പൗരോഹിത്യത്തിനും കളങ്കം വരുത്തിവെച്ച ബിഷപ്പിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പീഡകരെ സംരക്ഷിക്കുന്ന സർക്കാറിനെതിരെ 18 ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും അവർ പറഞ്ഞു.

കന്യാസ്ത്രീകൾക്ക് സഭയിലും 'ഭരണകൂടത്തിലും പൊലീസിലും വിശ്വാസം നഷ്ടമായെന്ന് സാമൂഹിക പ്രവർത്തക വി.പി. സുഹ്‌റ. ലൗകീക സുഖങ്ങൾ ' ത്യജിച്ചവരാണ് കന്യാസ്ത്രീകൾ. അവർക്ക് മാനം നഷ്ടമായിരിക്കുന്നു. അമ്മയെപ്പോലെ കരുതുന്ന മദറിന് പരാതി കൊടുത്തിട്ടും ഫ്രാങ്കോയുടെ സിംഹാസനത്തിന് ഇളക്കം തട്ടിയില്ലെന്നു സമരപ്പന്തലിൽ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി എത്തിയ അവർ പറഞ്ഞു. നിയമം ഏവർക്കും തുല്യമാകണമൊണ് സമരപന്തൽ സന്ദർശിച്ച നടൻ മധുപാൽ വ്യക്തമാക്കിയത്.