ജലന്ധർ:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചികത്സ പാലക്കാട് വടക്കാഞ്ചേരി സ്വദേശി നിക്‌സന്റെ കിഡ്‌നി ഹോസ്പിറ്റൽ എന്ന ആശുപത്രിയിൽ. ക്ഷേമം അന്വേഷിച്ച് എത്തുന്നവരുടെ മുന്നിൽ അവശതകളും ആവലാതികളും പങ്കിടുന്നതായി അടുപ്പക്കാർ പറയുന്നു.ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും സുഖം പ്രാപിച്ചുവരുന്നെന്നും ആശുപത്രിയിലെത്തി കണ്ട വൈദീകരും കന്യാസ്ത്രീകളും വെളിപ്പെടുത്തി.

ഒരാഴ്ച മുമ്പ് പനിബാധിച്ച് ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് ഹൗസ്സിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് പുറത്ത് പ്രചരിച്ചിട്ടുള്ള വിവരം. പരിശോധനയിൽ ഡങ്കിയാണെന്ന് സ്ഥിരീകരിച്ചെന്നും തുടർന്ന് ഇതിനുള്ള ചികത്സ ആരംഭിച്ചെന്നുമാണ് അറിവായിട്ടുള്ളത്.

കിഡ്‌നി രോഗങ്ങൾക്ക് പ്രത്യേക ചികത്സാസംവിധാനമുള്ളതെന്ന് പ്രചരിപ്പിക്കപ്പെട്ടുള്ള ഈ ആശുപത്രിയിൽ പണം മടക്കുന്നവരുടെ താൽപര്യമനുസരിച്ചുള്ള സൗകര്യങ്ങൾ രോഗിക്ക് ലഭ്യമാക്കുമെന്നാണ് പരക്കെയുള്ള പ്രചാരണം.ഫ്രാങ്കോ മുളക്കലിന്റെ മുറിയിൽ രണ്ട് നേഴ്‌സുമാരുടെ നിരീക്ഷണമുണ്ടെന്നും മണിക്കൂറുകൾ ഇടവിട്ട് പരിശോധനകൾ പുരോഗമിക്കുന്നുണ്ടെന്നുമാണ് സന്ദർകർ പുറത്തുവിട്ടിട്ടുള്ള വിവരം.

ഇതിനിടെ നികസ്ണുമായി ഫ്രാങ്കോ മുളയ്ക്കലിനുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്.ഫ്രാങ്കോയുടെ മൊഴിയെടുക്കുന്ന ഘട്ടം മുതൽ നിക്‌സൺ ഇദ്ദേഹത്തോടൊപ്പം കൊച്ചിയിൽ ഉണ്ടായിരുന്നെന്നും അറസ്റ്റുനടന്നപ്പോഴും തുടർന്നുള്ള ദിവസങ്ങളിലും ഫ്രാങ്കോ മുളയ്ക്കലിന്റെ അനുചരന്മാർക്കൊപ്പം ഇയാൾ ഉണ്ടായിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.

ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പായി അധികാരത്തിലിരുന്നപ്പോൾ ഇയാൾക്ക് ബിഷപ്പ് ഹൗസ്സുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും ഈ സൗഹൃദം കണക്കിലെടുത്താണ് ഇദ്ദേഹം ചികിത്സ ഇയാളുടെ ആശുപത്രിയിൽ ആക്കിയതെന്നും ഒരു വിഭാഗം പറയുന്നു.കലാഭവന്റെ പരിപാടികൾ ജസലന്ധറിൽ സംഘടിപ്പിച്ചത് നിക്‌സൺ ആയിരുന്നെന്നും അന്നുമുതൽ പരിപാടിയുടെ നടത്തിപ്പുകാരനായ സോബി ജോർജ്ജുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നെന്നും ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് നടപടി കടുപ്പിച്ചപ്പോൾ ഈ അടുപ്പം മതലെടുത്ത് കേസൊതുക്കാൻ ഇയാളെ കൂട്ടുപിടിച്ചെന്നും മറ്റും ആരോപണ മുയർന്നിരുന്നു.സോബി ജോർജ്ജ് തന്റെ അടുപ്പക്കരനായ വൈദീകനൊപ്പം കേസൊതുക്കാൻ ചരടുവലിച്ചെന്നും മറ്റുമുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സോബി ജോർജ്ജിനെ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുത്ത് വിട്ടയച്ചിരുന്നു.