തഭീകരതയ്ക്ക് നല്ലൊരു രാജ്യത്തെ എത്തരത്തിൽ മാറ്റിമറിച്ച് നരകസമാനമാക്കി മാറ്റാൻ സാധിക്കുമെന്ന് അഫ്ഗാനിസ്ഥാനുണ്ടായ ദുരനുഭവം വെളിപ്പെടുത്തുവെന്ന് റിപ്പോർട്ട്. അരനൂറ്റാണ്ട് മുമ്പ് തികച്ചും സമാധാനം കളിയാടിയിരുന്നതും ഏവരെയും സ്വാഗതം ചെയ്തിരുന്നതുമായ ഒരു രാജ്യമായിരുന്നു അഫ്ഗാനിസ്ഥാനെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഭീകരവാദികൾ ഒരു രാജ്യത്തെ കീഴടക്കിയാൽ എന്ത് സംഭവിക്കുമെന്നറിയാൻ അഫ്ഗാനിസ്ഥാനെ ഏറ്റവും വലിയ ഉദാഹരണമാക്കി എടുത്ത് കാട്ടാവുന്നതാണ്. 1969ൽ രാജ്യം ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഇടമായിരുന്നുവെന്നാണ് രേഖകളിലൂടെ വ്യക്തമാകുന്നത്. 1969ലും 1974ലും അഫ്ഗാനിസ്ഥാൻ സന്ദർശിച്ച വേളയിൽ പ്രമുഖ ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഫ്രാൻകോയിസ് പോമെറിയെടുത്ത ഫോട്ടോകളിൽ നിന്നും ഈ ദുരന്ത സത്യം നമുക്ക് മുന്നിൽ വെളിപ്പെടുന്നുണ്ട്. 1969ലെ അഫ്ഗാൻ സന്ദർശന വേളയിൽ പോമെറി ഇവിടുത്തെ അധികമാരും സന്ദർശിക്കാത്ത പ്രദേശമായ നുറിസ്താനിലായിരുന്നു എത്തിയിരുന്നത്.

1965ൽ അഫ്ഗാൻ സന്ദർശിച്ചിരുന്ന തന്റെ ചില സുഹൃത്തുക്കളാണ് നുറിസ്താനെ കുറിച്ച് തന്നോട് വെളിപ്പെടുത്തിയിരുന്നതെന്നും അതനുസരിച്ചാണ് താൻ അവിടെ പോയതെന്നും പോമെറി ഡെയിലി മെയിൽ പത്രത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക അനുവാദത്തോട് കൂടി മാത്രമേ ഈ പ്രദേശത്തേക്ക് അന്ന് പോകാൻ സാധിക്കുമായിരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു. ഇവിടുത്തെ ചില താഴ് വരകളിലേക്ക് കാൽനടയാത്ര മാത്രമാണ് മാർഗമെന്നും പോമെറി ഓർക്കുന്നു. തങ്ങൾ അലക്സാണ്ടർ ദി ഗ്രേറ്റിന്റെ പാരമ്പര്യം പേറുന്നവരാണെന്നാണ് ഇവിടുത്തുകാർ അവകാശപ്പെട്ടിരുന്നത്. ഇവരിൽ ചിലർക്ക് ചാര നിറത്തിലുള്ള മുടിയും നീലക്കണ്ണുകളുമുണ്ടായിരുന്നു. ഇവർ സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിലും മരക്കുടിലുകളിലുമായിരുന്നു കഴിഞ്ഞിരുന്നതെന്ന് പോമെറി വെളിപ്പെടുത്തിയിട്ടുണ്ട്.

അത്യധികമായ ആതിഥ്യമര്യാദയോട് കൂടി പർവതപ്രദേശമാണ് നുറിസ്താനെന്നും പോമെറി ഓർക്കുന്നു. അവിടുത്തെ വൈഗാൽ വില്ലേജിൽ തനിക്ക് ഊഷ്മളമായ സ്വീകരണമായിരുന്നു കിട്ടിയിരുന്നതെന്ന് ഫോട്ടോഗ്രാഫർ ഓർക്കുന്നു. അവിടെ അദ്ദേഹം മറ്റൊരു ഫ്രഞ്ചുകാരനെയും കണ്ടു മുട്ടിയിരുന്നു. അവിടുത്തെ ഗ്രാമത്തലവൻ നല്ല സ്വീകരണമാണ് നൽകിയിരുന്നത്. ഇവരുമായി ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടിയെന്നും അവസാനം തങ്ങളുടെ ആവശ്യങ്ങൾ നോട്ട്ബുക്കുകളിൽ വരച്ച് പ്രകടിപ്പിച്ചുവെന്നും പോമെറി വെളിപ്പെടുത്തുന്നു. തുടർന്ന് 1974ൽ വീണ്ടും അദ്ദേഹം അഫ്ഗാൻ സന്ദർശിച്ചിരുന്നു. അന്ന് ഭാര്യയും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ടൂറിസ്റ്റുകളെന്ന നിലയിലായിരുന്നു ഇപ്രാവശ്യം അവർ കറങ്ങിയത്. അപ്പോൾ കാൽനട ഒഴിവാക്കുകയും പകരം മിക്കവാറും ലാൻഡ് റോവറിൽ സഞ്ചരിക്കുകയായിരുന്നു പോമെറിയും കൂട്ടരും ചെയ്തിരുന്നത്.

അന്ന് ഒരു മാസക്കാലമായിരുന്നു അഫ്ഗാനിൽ കഴിഞ്ഞിരുന്നത്. അപ്പോൾ ബാമിയാനിൽ പോയി ബുദ്ധ പ്രതിമകൾ കണ്ട കാര്യവും പോമെറി ഓർക്കുന്നു.ഇവയിൽ ചിലത് പിന്നീട് താലിബാൻകാർ തകർത്തിരുന്നു. അന്ന് ആളുകൾ തങ്ങളെ ഫ്രഞ്ച് ഡോക്ടർമാരായി കണക്കാക്കിയിരുന്നുവെന്നും തങ്ങളുടെ ബാഗിലെ ഓയിന്റ് മെന്റുകൾ അവർ മുറിവുകൾക്ക് പുരട്ടാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഫോട്ടോഗ്രാഫർ ഓർക്കുന്നു. അവർ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അതീവ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പോമെറി പറയുന്നു.