ൺലൈൻ തട്ടിപ്പുകൾ വ്യാപകമായ ഇക്കാലത്ത് ഉഫഭോക്താക്കളുടെ നഷ്ടം കുറയ്ക്കാനുള്ള മാർഗങ്ങൾ റിസർവ് ബാങ്ക് ആരായുന്നു. ബാങ്ക് മുഖേനയുള്ള ഇടപാടുകളിലൂടെ ഉണ്ടാകുന്ന നഷ്ടത്തിന് ബാങ്കുകൾക്കുകൂടി ഉത്തരവാദിത്തം വരുത്തുന്ന രീതിയിൽ നടപടികളെടുക്കാനാണ് റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത്. മറ്റു കമ്പനികളുടെ ഇൻഷുറൻസ് പോലുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന ബാങ്കുകൾക്കെതിരെയും നടപടി വരും.

ബാങ്കിങ് കോഡ്‌സ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ബോർഡ് ഓഫ് ഇന്ത്യയുടെ യോഗത്തിൽ സംസാരിക്കവെ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ എസ്.എസ്. മുന്ദ്രയാണ് ഈ നടപടികൾ വിശദീകരിച്ചത്. ആർബിഐയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനമാണ് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകേണ്ട സേവനങ്ങൾ നിർവചിക്കുന്നത്.

ഓൺലൈൻ ഇടപാടുകൾ വ്യാപകമായതോടെ ഇലക്ട്രോണിക് ഇടപാടുകളെക്കുറിച്ചുള്ള പരാതിയുമേറിയെന്ന് മുന്ദ്ര പറഞ്ഞു. ഓൺലൈൻ തട്ടിപ്പുകളും എടിഎമ്മുകളിൽനിന്ന് പണം തട്ടുന്നതും വ്യാപകമായി. ഇമെയിലുകളിലൂടെയും മറ്റും ബാങ്ക് വിവരങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമങ്ങളും ഏറി.

ഉപഭോക്താക്കൾ ഈ രീതിയിൽ വഞ്ചിക്കപ്പെടുമ്പോൾ ഉപഭാക്താക്കൾ അവരുടെ ബാങ്ക് വിവരങ്ങളും പാസ് വേർഡും സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ് ബാങ്കുകൾക്ക് കൈകഴുകി രക്ഷപ്പെടാനാവില്ലെന്ന് മുന്ദ്ര പറഞ്ഞു. നൂതനമായ ഇടപാടുരീതികൾ ആവിഷ്‌കരിക്കുമ്പോൾ അതിനനുസരിച്ച സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. സുരക്ഷ സംബന്ധിച്ച് ഉപഭോക്താവിനെ ബോധവൽക്കരിക്കേണ്ട ചുമതലയും ബാങ്കുകൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തിയില്ലെന്ന പേരിൽ ഉപഭോക്താക്കളിൽനിന്ന് ചില ബാങ്കുകൾ പിഴയീടാക്കുന്ന രീതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുന്ദ്ര പറഞ്ഞു. റിസർവ് ബാങ്കിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണിത്. ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിക്കുന്നുമുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.