- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം ഓഫറുകൾ കുടുക്കുകളാകാതെ സൂക്ഷിക്കുക; വായ്പകൾക്കു ബ്ലാങ്ക് ചെക്കുകളും പ്രോമിസറിനോട്ടുകളും പറയുന്ന കടലാസിൽ ഒപ്പിട്ടു നൽകലും....മിക്കതും നിയമവിരുദ്ധം; പരാതിപ്പെട്ടാൽ ജാമ്യം പോലും കിട്ടില്ല
കൊച്ചി:ഓണം ഓഫർ മഹാമേള, ഈ ഓഫർ ഇന്നു മാത്രം....ഏറ്റവും കുറഞ്ഞ വിലയിലും പലിശരഹിത വായ്പയിലും ഗൃഹോപകരണങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം....ഡൗൺപേയ്‌മെന്റ് ഒന്നും ഇല്ലാതെ ടൂ വീലർ, മാസം തോറും നിസാരമായ തുക അടവ്, ഇൻഷുറൻസ്, ടാക്‌സ് ഫ്രീ, ഏതു കമ്പനിയുടേയും 32 എൽ. ഇ ഡി. ടിവി വാങ്ങുമ്പോൾ ഏഴായിരം രൂപ വിലയുള്ള ഹോം തിയേറ്റർ ഫ്രീ, എക്‌സ്‌ചേഞ്ച് ഓഫർ .....ഇങ്ങനെ ഓണക
കൊച്ചി:ഓണം ഓഫർ മഹാമേള, ഈ ഓഫർ ഇന്നു മാത്രം....ഏറ്റവും കുറഞ്ഞ വിലയിലും പലിശരഹിത വായ്പയിലും ഗൃഹോപകരണങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം....ഡൗൺപേയ്‌മെന്റ് ഒന്നും ഇല്ലാതെ ടൂ വീലർ, മാസം തോറും നിസാരമായ തുക അടവ്, ഇൻഷുറൻസ്, ടാക്‌സ് ഫ്രീ, ഏതു കമ്പനിയുടേയും 32 എൽ. ഇ ഡി. ടിവി വാങ്ങുമ്പോൾ ഏഴായിരം രൂപ വിലയുള്ള ഹോം തിയേറ്റർ ഫ്രീ, എക്‌സ്‌ചേഞ്ച് ഓഫർ .....ഇങ്ങനെ ഓണക്കാലം മലയാളിയുടെ മഹാഷോപ്പിങ് ഉത്സവകാലമാണ്.
ചിങ്ങം മുതൽ ഓണം തീർന്നാലും ഷോപ്പിങ് ഉത്സവം തീരില്ല. എന്നാൽ മാസത്തവണയിൽ വാഹനങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വാങ്ങുന്നവർ വൻ പലിശക്കെണിയിലേക്കാണു വീഴുന്നത്. വൻകിടസ്ഥാപനങ്ങൾ പലതും നിയമത്തെ വെല്ലുവിളിച്ച് പരസ്യമായാണ് ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും വാങ്ങി ഇത്തരത്തിൽ ലോൺ അനുവദിക്കുന്നത്. ചിലർ മാസഗഡുക്കളായി പലിശരഹിത വായ്പയിൽ ഗൃഹോപകരണങ്ങളും മറ്റും നൽകുന്നതായി കാണിച്ച് പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിൽ പോലും ചെക്ക് ലീഫ് കൊണ്ടു വരാൻ ആവശ്യപ്പെടുന്നുണ്ട്. കാർ ലോണിനായി ഒരു വൻകിട സ്വകാര്യ ബാങ്ക് ആവശ്യപ്പെടുന്നത് തുക എഴുതാത്ത 6 ചെക്കുകളാണ്. ഇരു ചക്രവാഹനത്തിന് ചിലർക്ക് മൂന്നു ചെക്ക് വേണം. മുമ്പ് ഓരോ മാസവും മാസത്തവണകൾ മുൻകൂറായി മാറ്റിയെടുക്കാനുള്ള സൗകര്യത്തിനായി തുകയെഴുതിയ ചെക്കുകൾ കുറെ വാങ്ങിവയ്ക്കുന്ന പതിവ് നിർത്തി ബ്ലാങ്ക് ചെക്ക് വാങ്ങുന്ന രീതിയിലേക്ക് മാറി.
ടിവിയും മറ്റും കിട്ടാൻ രണ്ടു ബ്ലാങ്ക് ചെക്കുകൾ നൽകണം. പിന്നെ പറയുന്ന കടലാസിൽ ഒപ്പിട്ടു നൽകലും. തുകയും തീയ്യതിയും എഴുതാതെ ബ്ലാങ്ക് ചെക്കുകൾ ആവശ്യപ്പെടുന്നവർക്കെതിരെ പോലും ഓപ്പറേഷൻ കുബേരയിൽ ഉൾപ്പെടുത്തി കേസ്സെടുക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഒന്നും എഴുതാത്ത മുദ്രക്കടലാസ്, റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച വെള്ളക്കടലാസ് എന്നിവ ഒപ്പിട്ടു വാങ്ങിവയ്ക്കുന്നതും ശിക്ഷാർഹമാണ്. പരാതിപ്പെട്ടാൽ ജാമ്യം പോലും ലഭിക്കാതെ കേസെടുത്ത് ജയിലിൽ അടയ്ക്കാവുന്ന കുറ്റമാണ്. ഇതാവശ്യപ്പെടുന്ന ഫോൺ സംഭാഷണം പോലും തെളിവായെടുത്ത് കേസ്സെടുക്കാം.
പാവപ്പെട്ടവനെ കടക്കെണിയിൽനിന്നു രക്ഷിക്കാനായി സർക്കാർ പുതുതായി കൊണ്ടുവന്ന നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് പലയിടത്തും ഇത്തരത്തിൽ വിൽപ്പന മേളകൾ നടക്കുന്നത്. മുറ്റത്തു കാറോ ബൈക്കോ വന്നുനിൽക്കാൻ വേണ്ടി എന്തു കടലാസിലും ഒപ്പിട്ടുനൽകാൻ തയ്യാറായ മലയാളിക്ക് ഇതിൽ ഒരു പരാതിയുമില്ല. എന്നാൽ ചില കമ്പനിക്കാർ പാർട്ടിയുടെ കാൻസൽ ചെയ്ത ഒരു ചെക്ക് മാത്രം വാങ്ങി ഇടപാട് നടത്താറുണ്ട്. പാർട്ടിയുടെ അക്കൗണ്ട് നമ്പർ, ബ്രാഞ്ച് എന്നിവ മനസ്സിലാക്കുന്നതിനും മറ്റുമാണ് ചെക്ക് വാങ്ങുന്നതെന്നാണ് വാദം. എന്നാൽ ഇത്തരത്തിൽ ചെക്കു വാങ്ങിവയ്ക്കാതെ എന്തുറപ്പിൽ തിരിച്ചു കിട്ടുമെന്നു കരുതി കച്ചവടം നടത്തുമെന്ന് ചോദിക്കുന്ന കച്ചവടക്കാരുണ്ട്.
മുൻകൂട്ടി തുകയും തീയ്യതിയും പാർട്ടി തന്നെ നൽകുന്ന ചെക്കുകൾ വാങ്ങുന്നത് കുറ്റകരമല്ല. ഇത്തരത്തിലുള്ള ചെക്കുകളാണ് വാങ്ങുന്നതെന്നാണ് ഇവരുടെ വാദം. എന്നാൽ ഒരു ചെക്കും വാങ്ങാതെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഐഡന്റിറ്റി കാർഡ് എന്നിവയും മറ്റും പരിശോധിച്ച് ലോൺ അനുവദിക്കുന്ന സ്ഥാപനങ്ങൾ വളരെ അപൂർവ്വമാണ്. നിസ്സാര സംഖ്യ കൊടുത്താൽ കാറോ, ബൈക്കോ, വീട്ടുപകരണങ്ങളോ ലഭിക്കുമെങ്കിലും പിന്നെ വർഷങ്ങളോളം കടക്കാരനായി തീരേണ്ട അവസ്ഥയുണ്ട്.
അംഗീകൃത ബാങ്കിൽ നിന്നോ മറ്റോ കടം ലഭിക്കാതെ സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളേയും മറ്റും സമീപിക്കുന്നവരാണ് ശരിക്കും ബ്ലേഡ് വലയിൽ വീഴുന്നത്. വലിയ തുക സ്വകാര്യവ്യക്തികളിൽനിന്ന് പലിശക്ക് വാങ്ങിയ പോലെയാണ് പിന്നീടുള്ള അനുഭവങ്ങൾ ഉണ്ടാകുക. ലോൺ ഗഡു ഒരു ദിവസം തെറ്റിയാൽ പോലും വലിയ തുക പിഴ നൽകേണ്ടി വരും. പലിശയും കൂട്ടു പലിശയും എല്ലാം ചേർത്ത് വാങ്ങിയ മുതലിനെക്കാൾ വലിയൊരു തുക അടക്കേണ്ടിയും വരും.