മസ്‌കത്ത്: കേരളത്തിൽ മാത്രമല്ല അറബ് രാജ്യത്തും തട്ടിപ്പ് സംഘങ്ങൾക്ക് പഞ്ഞമില്ല. ഇന്ത്യയിൽ പലപ്പോഴും കേട്ടിട്ടുള്ള തട്ടിപ്പാണ് ഫോണിൽ കൂടിയോ ഇമെയിലിൽ കൂടിയോ സമ്മാനങ്ങൾ ലഭിച്ചതായി വിവരമറിയിക്കുകയും, അതിനെ തുടർന്നുള്ള സാമ്പത്തിക തട്ടിപ്പും. ഇപ്പോഴിതാ ഓമാനിലും ഇത്തരം തട്ടിപ്പ് സംഘം വിലസുന്നതായി റിപ്പോർട്ട്. .

വൻ സമ്മാനങ്ങൾ ലഭിച്ചതായി അറിയിച്ചു കൊണ്ട് നടത്തുന്ന ഇത്തരം ഫോൺ വിളികളിൽ വിശ്വസിച്ച പലരും തട്ടിപ്പുകൾക്ക് ഇരയായ സാഹചര്യത്തിൽ റോയൽ ഓമാൻ പൊലീസ് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.  രാജ്യത്തെ ടെലി കമ്യൂണിക്കേഷൻ കമ്പനികളിൽ നിന്നെന്ന വ്യാജേന ഫോൺ വിളിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ കരുതലോടെ ഇരിക്കണമെന്നാണ് പൊലീസ് അറിയിച്ചത്.

ഫോൺ വിളിച്ച് തട്ടിപ്പു നടത്തുന്ന ഒട്ടേറെ സംഘങ്ങൾ രാജ്യത്തു പ്രവർത്തിക്കുന്നതിന്റെ സൂചനയാണ് ഇത് സംബന്ധിച്ചു പെരുകുന്ന
റിപ്പോർട്ടുകൾ. ഇത്തരം സമ്മാന വാഗ്ദാനങ്ങളും പ്രൈസുകളും ലഭിച്ചതായി അപരിചിതർ വിളിച്ചറിയിക്കുമ്പോൾ അത് സത്യമാണോ എന്ന് അേന്വഷിക്കേണ്ട ബാധ്യത ഉപഭോക്താക്കൾക്കുണ്ട്. ഏറ്റവും ചുരുങ്ങിയത് ഇത്തരം സന്ദർഭങ്ങളിൽ കോമൺ സെൻസ് ഉപയോഗിക്കാ നെങ്കിലും ഉപഭോക്താക്കൾ തയ്യാറാകണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ ക്രൈം പ്രിവൻഷൻ ഡയരക്ടർ ലഫ്. കേണൽ മുഹമ്മദ് മുബാറക് അൽ അറൈമി പറഞ്ഞു.

ഉപഭോക്താക്കൾ തങ്ങൾ ഉപയോഗിക്കുന്ന സിംകാർഡുകൾ മറ്റുള്ളവരുടെ കയ്യിലെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഒമാന്റെ ടെലി കമ്യൂണിക്കേഷൻ റഗുലേറ്ററി അഥോറിറ്റിയും നിർദ്ദേശം നൽകി. സിം കാർഡുകൾ ഒഴിവാക്കുന്നവരും നാട്ടിലേക്കും മറ്റും യാത്ര പോകുന്നവരും തങ്ങളുടെ സിംകാർഡുകൾ മറ്റുള്ളവരുടെ കയ്യിലെത്താനുള്ള സാധ്യത ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.