കോട്ടയം: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. കാത്തലിക് ഫോറം ജനറൽ സെക്രട്ടറിയാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയ ബിനു ചാക്കോയെ ആണ് കോട്ടയം വെസ്റ്റ് പൊലിസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂർ അമല കോളജിൽ അഡ്‌മിഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത് വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് നടപടി. ഇതിനിടെ 2.5 ലക്ഷം രൂപ പരാതിക്കാർക്ക് തിരികെ നൽകിയെങ്കിലും ബാക്കി 18 ലക്ഷം രൂ പ തിരികെ നൽകിയിരുന്നില്ല. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് ഇയാളെ എറണാകുളത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴ കാർത്തികപ്പള്ളി ചിങ്ങോലിൽ സ്വദേശി നൗഷാദിന്റെ മകൾക്ക് എം.ബി.ബി.എസ് സീറ്റ് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. 2019 ജൂൺ നാലിന് കോട്ടയം ഐഡാ ഹോട്ടലിൽ വച്ചാണ് നൗഷാദ് ബിനുവിന് 10 ലക്ഷം രൂപ കൈമാറിയത്. പിന്നീട് ജൂലൈ ഏവിന് 2.5 ലക്ഷം രൂപയും ഓഗസ്റ്റ് അഞ്ചിന് 8 ലക്ഷം രൂപയും ഒക്ടോബർ 17 ന് 25,000 രൂപയും നവംബർ ഒന്നിന് 25,000 രൂപയും ഉൾപ്പെടെ 21 ലക്ഷം രൂപ നൗഷാദ് ബിനുവിന് നൽകി. ചോദിച്ച പണം മുഴുവൻ നൽകിയ ശേഷം മകൾക്ക് അഡ്‌മിഷൻ ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചപ്പോൾ 2.5 ലക്ഷം രൂപ ആദ്യം നൽകി. ബാക്കി 18.5 ലക്ഷം രൂപ ഉടൻ തരാമെന്ന് പറഞ്ഞെങ്കിലും തിരികെ ലഭിച്ചില്ല. ഇതോടെ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുയായിരുന്നു.

കത്തോലിക്ക സഭയുമായി അടുത്ത ബന്ധമുള്ളയാളായതിനാൽ സീറ്റ് വേഗം തരപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പിന്നീടാണ് ചതി മനസിലായത് എന്ന് നൗഷാദ് മറുനാടനോട് പറഞ്ഞു. സഭയുമായി ബന്ധപ്പെട്ടപ്പോഴാണ് ബിനുവിന് സ്ഥാനമാനങ്ങൾ ഒന്നും ഇല്ല എന്ന് അറിഞ്ഞത്. അങ്ങനെ പരാതി നൽകാനൊരുങ്ങിയപ്പോൾ പണം ഉടൻ നൽകാമെന്നും കുറച്ചു സാവകാശം വേണമെന്നും ബിനു പറഞ്ഞു. എന്നാൽ പറഞ്ഞ അവധികൾ കഴിഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും നൗഷാദ് പറഞ്ഞു.

അതേ സമയം കസ്റ്റഡിയിലായ ബിനു ചാക്കോയ്ക്ക് ഇന്ത്യൻ കാത്തോലിക് ഫോറവുമായി ബന്ധമുണ്ട് എന്ന രീതിയിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. ഇയാൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു വർഷം മുമ്പ് തന്നെ പുറത്താക്കിയിരുന്നതായും ഗ്ലോബൽ പ്രസിഡന്റ് മെൽബിൻ മാത്യു അറിയിച്ചു. നിലമ്പൂരിൽ പ്രവർത്തിക്കുന്ന കോളേജിൽ ജോലി വാഗ്ദാനം ചെയ്തു ബിനു ചാക്കോ 15 ലക്ഷം രൂപ വാങ്ങിയത് സംഘടനയുടെ ശ്രദ്ധയിൽ പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.