- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കറുടെ പിഎ ചമഞ്ഞ് ജോലി തട്ടിപ്പ്; പ്രതിയെ തൃശൂരിലെ ഫ്ളാറ്റിൽനിന്ന് നാടകീയമായി പിടികൂടി; നിരവധി വ്യാജരേഖകൾ കണ്ടെടുത്തു; തട്ടിപ്പിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നു
തൃശൂർ: നിയമസഭാ സ്പീക്കർ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയയാൾ അറസ്റ്റിൽ. പാലക്കാട് സ്വദേശി പ്രവീൺ ബാലചന്ദ്രനെ തൃശൂർ മിണാലൂരിൽ ഫ്ളാറ്റിൽ നിന്നാണ് പിടികൂടിയത്.
സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിമയിക്കിപ്പെട്ടെന്ന് കാണിച്ച ഇമെയിൽ സന്ദേശമുൾപ്പെടെ നിരവധി വ്യാജരേഖകൾ കണ്ടെടുത്തു. വാട്ടർ അഥോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം ഉഴവൂർ സ്വദേശിനിയിൽ നിന്നാണ് പ്രവീൺ പണം തട്ടിയത്.
കഴിഞ്ഞ ദിവസം കോട്ടയം ഉഴവൂർ സ്വദേശിനിയായ യുവതി സ്പീക്കറെ വിളിച്ചതോടെയാണ് തട്ടിപ്പു വിവരം പുറത്തുവന്നത്. സ്പീക്കറുടെ പിഎ ആണെന്ന് അവകാശപ്പെട്ട് ജല അഥോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പതിനായിരം രൂപ തട്ടിയെന്നായിരുന്നു യുവതി പറഞ്ഞത്. തുടർന്ന് സ്പീക്കർ തന്നെ ഡിജിപിക്കു പരാതി നൽകുകയായിരുന്നു. ഗാന്ധിനഗർ പൊലീസ്
കോട്ടയത്തെ ഫ്ളാറ്റിലെത്തിയെങ്കിലും പ്രവീൺ ഇവിടെ നിന്ന് രക്ഷപ്പെട്ടു. അന്വേഷണം പുരോഗമിക്കവെ പ്രവീൺ തൃശൂരിലെ ഫ്ളാറ്റിലുണ്ടെന്ന് കോട്ടയം ഡിവൈഎസ്പിക്ക് രഹസ്യ വിവരം ലഭിച്ചു. മെഡിക്കൽ കോളജ് സി ഐ അനന്തലാലിന്റെ നേതൃത്വത്തിൽ കെട്ടിടം വളഞ്ഞ് രാത്രിതന്നെ പ്രവീണിനെ പിടികൂടി കോട്ടയം പൊലീസിന് കൈമാറി. പ്രവീണിന്റെ തട്ടിപ്പിനിരയായ കൂടുതൽ പേർ ഇതോടെ പരാതിയുമായെത്തി.
2019ൽ തിരുവനന്തപുരത്തും പ്രവീൺ സമാനമായ തട്ടിപ്പ് നടത്തി. 30ലേറെ പേരിൽനിന്ന് മൂന്ന് ലക്ഷത്തിലധികം രൂപയാണ് അന്ന് തട്ടിയത്. അറസ്റ്റിലായ പ്രവീൺ പുറത്തിറങ്ങിയ ശേഷം മറ്റ് ജില്ലകളിലേക്ക് ചുവടുമാറ്റി. കോട്ടയത്ത് താമസമാക്കിയ ഇയാൾ ഒരു മാസം മുൻപാണ് മിണാലൂരിലെ ഫ്ളാറ്റിൽ കുടുംബസമേതം താമസം ആരംഭിച്ചത്. തൃത്താലയിൽ എം.ബി രാജേഷിന്റെ ഓഫിസ് നിർമ്മാണത്തിന്റെ ചുമതലക്കാരനെന്നും യാത്രാ സൗകര്യത്തിനാണ് ഇവിടെ താമസിക്കുന്നതെന്നുമായിരുന്നു വാദം. തട്ടിപ്പിൽ കൂടുതൽ പേരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ