ആലപ്പുഴ: ജോയന്റ് അക്കൗണ്ടിൽനിന്നു ഭാര്യ അറിയാതെ ഒന്നേകാൽക്കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്കുമാറ്റി തട്ടിപ്പു നടത്തിയ കേസിൽ അറസ്റ്റിലായ പാസ്റ്റർ സിജു കെ. ജോസും പ്രിയങ്കയും തമ്മിലുണ്ടായിരുന്നത് വർഷങ്ങളുടെ ബന്ധം. ഇരുവരും ഫേസ്‌ബുക്കിലെ പ്രാർത്ഥന ഗ്രൂപ്പ് വഴിയാണ് ആദ്യം പരിചയപ്പെടുന്നത്.

തുടർന്ന് വാട്‌സ്ആപ്പ് വഴി പരിചയം പുതുക്കി ഒടുവിൽ പ്രണയത്തിൽ കലാശിക്കുകയായിരുന്നു. പ്രിയങ്ക എച്ച് .ഡി.എഫ് സി ബാങ്കിലെ മുൻ ജീവനക്കാരിയായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു ആ ജോലിയിൽ നിന്നും മാറുന്നത്.

ഇതേ എച്ച് .ഡി.എഫ് .സി ബാങ്കിലെ അക്കൗണ്ടിലേക്കാണ് സിജു കെ. ജോസിന്റെയും ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടുകളിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്തിതിട്ടുള്ളതെന്നു കണ്ടെത്തി.

കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസ് (52), കാമുകിയായ കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനത്തിൽ പ്രിയങ്ക (30) എന്നിവരാണ് ഡൽഹി എയർപോർട്ടിൽവെച്ച് കഴിഞ്ഞ ദിവസം ആലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്.

അമേരിക്കയിൽ നഴ്‌സായ ഭാര്യയുമായി ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് അവരറിയാതെ 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക് സിജു മാറ്റിയത്. ഈ തുക ഉപയോഗിച്ച് പ്രിയങ്ക ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ പണം ഉപയോഗിച്ചാണ് വീട് പണി പൂർത്തിയാക്കുയന്നതും കാർ വാങ്ങുന്നതുമെല്ലാം.

സിജുവിന്റെ തൃശൂർ സ്വദേശിനിയായ ഭാര്യ യുഎസിൽ നഴ്‌സാണ്. രണ്ട് ആശുപത്രികളിൽ ജോലി ചെയ്യുന്ന അവരുടെ ഒരു ആശുപത്രിയിൽ നിന്നുള്ള വരുമാനമാണ് നാട്ടിലുള്ള അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പ് നടത്തിയത്. ഒന്നേകാൽ കോടി രൂപ പ്രിയങ്കയുടെ അക്കൗണ്ടിലേക്ക് മാറ്റിയതോടെ ഇനി 28 ലക്ഷം മാത്രമാണ് ശേഷിക്കുന്നത്. ഇതു പൊലീസിന്റെ നിർദ്ദേശപ്രകാരം മരവിപ്പിച്ചു.

പ്രിയങ്കയ്ക്ക് സിജുവിന്റെ കുടുംബവുമായി വർഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജു ഇടയ്ക്കിടെ ഇടയ്ക്കിടെ പ്രിയങ്കയുടെ വീട്ടിൽ വരുമായിരുന്നു എങ്കിലും ഇരുവരുടെയും പ്രായവ്യത്യാസം സംശയത്തിന് വഴിവച്ചില്ല. ഇരുവരും ചേർന്ന് രണ്ട് മാസത്തോളമൊക്കെ വിദേശയാത്ര നടത്തുമായിരുന്നു.

ഇരുവരുടെയും പേരിൽ ബാങ്ക് ഒഫ് അമേരിക്കയിലും കാപ്പിറ്റൽ വൺ ബാങ്കിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒരുകൊല്ലംകൊണ്ടാണ് പല തവണയായി 1,37,938 ഡോളർ (1,20,45,000 രൂപ) നാട്ടിലായിരുന്ന സിജു കാമുകിയുടെ കായംകുളത്തെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്. തുടർന്ന് ഇരുവരും ചേർന്ന് പണം ചെലവഴിച്ചു.

ഭാര്യയുടെ പരാതിയിൽ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഏതാനുംമാസും മുമ്പ് ഇരുവരും ഒളിവിൽ പോയി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഭാര്യയെ വഞ്ചിച്ച് അമേരിക്കയിൽ നിന്നും നാട്ടിലെത്തിയ സിജു പ്രിയങ്കയുമായി നേപ്പാളിൽ ഒളിവിലായിരുന്നു.

ഇവർ ഡൽഹി എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് വിവരം അറിയിക്കുകയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്‌ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. ഏറെനാളായി സിജുവും ഹിന്ദു സമുദായത്തിൽപെട്ട പ്രിയങ്കയും അടുപ്പത്തിലായിരുന്നു.

ലുക്ക് ഔട്ട് നോട്ടീസാണ് നിർണ്ണായകമായത്. ലുക്ക് ഔട്ട് നോട്ടീസുള്ളതിനാൽ ഡൽഹി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് കായംകുളം പൊലീസ് ഡൽഹിയിലെത്തിയാണ് രണ്ടുപ്രതികളെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു.