ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖറിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കണ്ടുകെട്ടി. ഇതിൽ 7.12 മാത്രം താരത്തിന്റെ പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി.യുടെ നടപടി. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിന് വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നൽകിയ 15 ലക്ഷം രൂപയുമാണ് ഇ.ഡി. കണ്ടുകെട്ടിയത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ നൽകിയ സമ്മാനങ്ങളാണ് ജാക്വിലിനിൽ നിന്നും പിടിച്ചെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്. ബോളിവുഡ് നടിമാരായ ജാക്വിലിൻ ഫെർണാണ്ടസ്, നോറ ഫത്തേഹി അടക്കമുള്ളവർക്ക് ചന്ദ്രശേഖർ വിലകൂടിയ സമ്മാനങ്ങൾ നൽകിയതായി നേരത്തേ വാർത്തകൾ പുറത്തു വന്നിരുന്നു.

സാമ്പത്തിക തിരിമറിയിലൂടെ ലഭിച്ച പണത്തിൽ നിന്ന് 5.71 കോടി രൂപയുടെ സമ്മാനങ്ങളാണ് ചന്ദ്രശേഖർ ജാക്വിലിന് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ ജാക്വിലിന്റെ കുടുംബാംഗങ്ങൾക്കും സുകേഷ് ചന്ദ്രശേഖർ പണം നൽകിയതായും ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായതിന് പിന്നാലെയാണ് സുകേഷ് ചന്ദ്രശേഖറും ജാക്വിലിൻ ഫെർണാണ്ടസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം കണ്ടെത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽനിന്ന് ഏകദേശം 5.71 കോടി രൂപയുടെ സമ്മാനങ്ങൾ പ്രതി നടിക്ക് നൽകിയിരുന്നതായും ഇ.ഡി. കണ്ടെത്തിയിരുന്നു. 173,000 ഓളം യുഎസ് ഡോളറും ഏകദേശം 27,000 ഓസ്‌ട്രേലിയൻ ഡോളറുമാണ് ജാക്വിലിന്റെ ബന്ധുക്കളുടെ പേരിൽ സുകേഷ് കൈമാറിയത്.

സുകേഷിൽനിന്ന് ഒന്നരലക്ഷം ഡോളറും വിവിധ സമ്മാനങ്ങളും ലഭിച്ചതായി ചോദ്യംചെയ്യലിൽ നടിയും സമ്മതിച്ചു. ഒമ്പത് ലക്ഷം രൂപ വിലയുള്ള പേർഷ്യൻ പൂച്ചയും 52 ലക്ഷത്തിന്റെ കുതിരയും ആഭരണങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഒരു മിനി കൂപ്പർ കാർ സുകേഷ് സമ്മാനിച്ചിരുന്നെങ്കിലും ഇത് പിന്നീട് തിരികെ നൽകിയെന്നായിരുന്നു നടിയുടെ മറുപടി.

അതേസമയം, ജാക്വിലിൻ ഫെർണാണ്ടസിന് മാത്രമല്ല, ഇവരുടെ ബന്ധുക്കൾക്കും സുകേഷ് ചന്ദ്രശേഖർ വലിയ തുകകൾ കൈമാറിയിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. എന്നാൽ തങ്ങൾ രണ്ടുപേരും പ്രണയത്തിലാണെന്നും ജാക്വിലിന് നൽകിയ സമ്മാനങ്ങൾ ഒരു കാമുകിക്ക് നൽകിയ ഉപഹാരങ്ങൾ മാത്രമാണെന്നും ജയിലിൽനിന്നയച്ച കത്തിലൂടെ സുകേഷ് പ്രതികരിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ ജാക്വിലിന് പങ്കില്ലെന്നും നടിക്കും അവരുടെ ബന്ധുക്കൾക്കും സമ്മാനങ്ങൾ നൽകിയത് സാധാരണ കാര്യം മാത്രമാണെന്നുമാണ് ഇയാളുടെ അവകാശവാദം..

ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവീന്ദർ സിങ്ങിന്റെ കുടുംബത്തിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖർ അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസിൽ പിടിയിലായിരുന്നു.

ജയിലിലായിരുന്ന ശിവീന്ദർ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖർ 200 കോടിയോളം രൂപ തട്ടിയെന്നാണ് കണ്ടെത്തൽ. നിയമകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാൾ അദിതി സിങ്ങിൽനിന്ന് പണം കൈക്കലാക്കിയത്. ഡൽഹിയിൽ ജയിലിൽ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പൻ തട്ടിപ്പുകൾ നടത്തിയത്. ഇതിനിടെയാണ് നടി ജാക്വിലിൻ ഫെർണാണ്ടസ് അടക്കമുള്ളവരുമായി സുകേഷിന് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നത്. തുടർന്ന് നടിയെയും ഇ.ഡി. ചോദ്യംചെയ്തിരുന്നു.

നിലവിൽ ജാക്വിലിന്റെ പേരിൽ ആരോപണങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ ഇഡി ഇതുവരെ നടിക്ക് ക്ലീൻചിറ്റ് നൽകിയിട്ടില്ല. ജാക്വിലിന് രാജ്യം വിടാനും വിലക്കുണ്ട്. നിലവിൽ ഡൽഹിയിൽ ജയിലിലാണ് സുകേഷ് ചന്ദ്രശേഖർ. മാസങ്ങൾക്ക് മുമ്പാണ് ഇയാൾ അറസ്റ്റിലായത്. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് ഇയാൾക്കെതിരെയുള്ളത്.

ജയിലിൽ കഴിയുന്ന ഫാർമസ്യൂട്ടിക്കൽ ബിസിനസ് നടത്തുന്ന വ്യക്തിയുടെ ഭാര്യയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. പ്രധാനമന്ത്രിയുടെ ഓഫീസ്, നിയമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സുകേഷ് ഫോൺ ചെയ്തത്. ഭർത്താവിന്റെ മോചനത്തിനായി ചന്ദ്രശേഖർ 215 കോടി കബളിപ്പിച്ച് തട്ടിയെടുത്താണ് സ്ത്രീ പരാതി നൽകിയത്.

(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതിനാൽ നാളെ(01 05 2022) അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല - എഡിറ്റർ)