കൊച്ചി: ബസിൽ പരിചയപ്പെട്ട വീട്ടമ്മയിൽനിന്നും പൊലീസ് ചമഞ്ഞ് 60, 000 രുപ തട്ടിയെടുത്തു. ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ കമ്മീഷണർക്ക് പരാതി നൽകി. അകത്തായത് പഴയ സ്പിരിറ്റ് കടത്തുകാരൻ.

പൊലീസുകാരൻ ചമഞ്ഞ് വീട്ടമ്മയിൽനിന്ന് പലപ്പോഴായി 60,000 രൂപ പറ്റിച്ചെടുത്ത സംഭവത്തിൽ ഇടുക്കി നെടുങ്കണ്ടം പാമ്പാടുംപാറയിൽ ചൊവ്വൂർ വീട്ടിൽ സന്തോഷി(41)നെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

കളമശ്ശേരി സ്വദേശിയായ വീട്ടമ്മ രണ്ടു മാസം മുമ്പ് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേയാണ് സ്വകാര്യ ബസ്സിൽ വച്ചു സന്തോഷിനെ പരിചയപ്പെടുന്നത്. തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ രാജൻ എന്ന പൊലീസുകാരനെന്നായിരുന്നു ധരിപ്പിച്ചത്. സംസാരത്തിനിടയിൽ തന്റെ മകൻ ഒരു ക്രിമിനൽ കേസ്സിൽ പ്രതിയാണെന്നു പറഞ്ഞപ്പോൾ അവനെ കേസിൽ നിന്നും ഒഴിവാക്കി തരാമെന്നേറ്റു. പരിചയത്തിനിടയിൽ മൊബൈൽ നമ്പർ വാങ്ങിയ വീട്ടമ്മയിൽനിന്നും പല പ്രാവശ്യമായി 60,000 രൂപ പറ്റിച്ചെടുത്തു.

തന്റെ കുട്ടിക്ക് അസുഖമായി ഇടപ്പിള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിളിച്ചാണ് അവസാനം രണ്ടാഴ്ചക്കു മുമ്പ് ഇരുപതിനായിരം രുപ തട്ടിച്ചെടുത്ത തെന്ന് വീട്ടമ്മ പറയുന്നു. തന്റെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയാണ് പണം നൽകിയത്. പിന്നീട് ഫോൺ വിളിച്ചാൽ എടുക്കാതായതോടെ വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ് എംപി ദിനേശന് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ ആലപ്പുഴ മാന്നാറിൽനിന്നാണ് സന്തോഷിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം, ഇടുക്കി ഭാഗങ്ങളിൽ സ്പിരിറ്റ് കടത്തിൽ സജീവമായിരുന്നയാളാണ് സന്തോഷെന്ന് പൊലീസ് പറഞ്ഞു. ഇതാണ് പൊലീസ് ചമഞ്ഞ് തട്ടിപ്പിന് പ്രചോദനമായതത്രേ. വയനാട് മാനന്തവാടിയിൽ വാഹന തട്ടിപ്പു കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.