പത്തനംതിട്ട: ഏതു പൊലീസുകാരനും ഒരബദ്ധം പറ്റുമെന്ന പല്ലവി എപ്പോഴും കേൾക്കാറുള്ളതാണ്. വിവിധ പരസ്യങ്ങൾ കണ്ട് അതിൽ മയങ്ങി തട്ടിപ്പുകാരുടെ വലയിൽ വീഴുന്നവരുടെ ശ്രേണിയിലേക്കും ഇതാ പൊലീസുകാരുടെ കുടുംബാംഗങ്ങളും.

തട്ടിപ്പിന്റെ വിവിധ മുഖങ്ങൾ കണ്ടിട്ടുള്ള മലയാളികൾ വീണ്ടും വീണ്ടും തട്ടിപ്പിന് വിധേയരാകുന്നു എന്ന അവസ്ഥയാണു നമ്മുടെ നാട്ടിൽ. പൊലീസുകാർക്കു പോലും ഇക്കാര്യത്തിൽ രക്ഷയില്ലെന്നതാണു സത്യം.

ഏതു കാര്യത്തിനും വായ്പ കിട്ടുമെന്ന് പറഞ്ഞ് പത്രപ്പരസ്യം നൽകി നിരവധി പേരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായപ്പോഴാണ് മലയാളികൾക്കിടയിൽ മണ്ടത്തരത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് വ്യക്തമായത്. അമ്പലപ്പുഴ മുല്ലയ്ക്കൽ ലഹനത്ത് വാർഡിൽ രഹ്‌ന മൻസിലിൽ കോയയുടെ മകൻ ഹാരിസി(42)നെയാണ് വായ്പാ തട്ടിപ്പിന് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചു തവണയായി ഒരു ലക്ഷം രൂപ കബളിപ്പിക്കപ്പെട്ട കോട്ടയം എ.ആർ.ക്യാമ്പിലെ അസി. കമാൻഡന്റ് മല്ലപ്പള്ളി പുറമറ്റം പടുതോട് ശ്രീനിവാസിൽ അശോക് കുമാറിന്റെ ഭാര്യ ഷീജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സായിബാബയുടെ പേരു പറഞ്ഞു നടത്തിയ തട്ടിപ്പിന് ഉപയോഗിച്ചത് മറ്റൊരു വീട്ടമ്മയിൽ നിന്നും കബളിപ്പിച്ച് വാങ്ങിയ പാസ്ബുക്കും എ.ടി.എം കാർഡും. പത്രപരസ്യത്തിനൊപ്പം നൽകിയ അക്കൗണ്ട് നമ്പർ ഈ വീട്ടമ്മയുടേതായിരുന്നു. അക്കൗണ്ടിലേക്ക് തട്ടിപ്പിന് ഇരയായവർ നിക്ഷേപിക്കുന്ന പണം എ.ടി.എം കാർഡ് ഉപയോഗിച്ച് പിൻവലിക്കുകയായിരുന്നു ഇയാളുടെ രീതി. ഏഴരലക്ഷം രൂപയാണ് ഇങ്ങനെ പിൻവലിച്ചിട്ടുള്ളത്.

ഹാരിസിൽ നിന്ന് വ്യാജ ഡ്രൈവിങ് ലൈസൻസും വിവിധ പേരുകളിലുള്ള തിരിച്ചറിയൽ കാർഡും നിരവധി ആളുകളുടെ എ.ടി.എം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം വൈകിട്ട് നോർത്ത് പറവൂർ പുത്തൻവേലിക്കര കോയിമന മാളിയേക്കൽ ധന്യ വാടകയ്ക്കു നൽകിയ വീട്ടിൽ നിന്നുമാണ് ഹാരിസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഹാരിസിനെതിരേ പരാതി നൽകിയ ഷീജ വെണ്ണിക്കുളത്ത് ബ്യൂട്ടി പാർലർ നടത്തുകയാണ്. ഇവർ നൽകിയ പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് വിവിധ ജില്ലകളിൽ നടന്ന ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.

കഴിഞ്ഞ വർഷം ജനുവരി ആറിന് ഒരു പ്രമുഖ മലയാള പത്രത്തിൽവന്ന പരസ്യം കണ്ട് വിളിക്കുകയായിരുന്നു ഷീജ. വീട് നിർമ്മാണം, ബിസിനസ്, വ്യക്തിഗത ആനുകൂല്യങ്ങൾ, പണയ വസ്തുക്കൾ തിരിച്ചെടുക്കൽ എന്നിവയ്ക്ക് വായ്പ നൽകുന്നുവെന്നും തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരുടെ അപേക്ഷകൾ പോലും പരിഗണിക്കുമെന്നുമായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. ബ്യൂട്ടിപാർലർ പ്രവർത്തനത്തിനിടെയുണ്ടായ കടം വീട്ടുന്നതിന് പണം വായ്പയെടുക്കുന്നതിനായിട്ടാണ് ഷീജ വിളിച്ചത്.

സത്യസായി ബാബയുടെ സംഘാംഗമാണെന്നും സാധുക്കൾക്ക് സഹായം നൽകുന്നതിനായി സത്യസായി ബാബ ട്രസ്റ്റിൽ കോടിക്കണക്കിന് രൂപ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇതിൽ നിന്നാണ് വായ്പ നൽകുന്നതെന്നും ഹാരിസ് പറഞ്ഞു. 10 മുതൽ 20 വർഷം കൊണ്ട് വായ്പ തിരിച്ചടച്ചാൽ മതിയാകും. വെറും നാല് ശതമാനമാണ് പലിശ. അഞ്ച് ലക്ഷം രൂപാ ലോൺ ആവശ്യപ്പെട്ട ഷീജയോട് സെക്യൂരിറ്റിയായി ഒരു ലക്ഷം രൂപ ബാങ്കിൽ അടയ്ക്കാൻ ആവശ്യപ്പെട്ടു. വായ്പ അനുവദിച്ച് കഴിയുമ്പോൾ ഈ തുകയിൽ നിന്ന് 5000 രൂപ മാത്രം കമ്മിഷൻ എടുത്ത ശേഷം തിരിച്ച് നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് വെണ്ണിക്കുളത്തും കോഴഞ്ചേരിയിലുമുള്ള ബാങ്കുകളിലൂടെ പ്രതി നൽകിയ അക്കൗണ്ടിലേക്ക് അഞ്ചു തവണയായി ഒരു ലക്ഷം രൂപ ഷീജ അടച്ചു. വായ്പ ലഭിച്ചില്ലെന്നു മാത്രമല്ല ഫോണിൽ വിളിച്ചിട്ട് കിട്ടുകയും ചെയ്യാതെ വന്നതോടെയാണ് ഷീജ ആറന്മുള പൊലീസിൽ പരാതി നൽകിയത്.

ഏനാദിമംഗലം, മാരൂർ, തടാലിൽ പടിഞ്ഞാറ്റേതിൽ ഗീതാ രാജന്റെ അക്കൗണ്ടും എ.ടി.എം കാർഡും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിയായ ഗീതാ രാജനും പത്രപരസ്യം കണ്ടാണ് പ്രതിയുടെ വലയിൽ വീണത്. വീടു വയ്ക്കാനുള്ള വായ്പയ്ക്കു വേണ്ടിയാണ് ഇവർ ബന്ധപ്പെട്ടത്. കഴിഞ്ഞ വർഷം ജൂൺ 23 ന് കോഴഞ്ചേരിയിലുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കിൽ പാസ്ബുക്കും എ.ടി.എം കാർഡുമായി എത്താൻ പ്രതി ഇവരോട് ആവശ്യപ്പെട്ടു. അവിടെ എത്തിയ ഗീതയിൽ നിന്നും നാളെ കലഞ്ഞൂർ സെൻട്രൽ ബാങ്കിൽ എത്തുമ്പോൾ പണവും ഈ രേഖകളു തിരിച്ചു നൽകാം എന്നുപറഞ്ഞ് ബാങ്ക് രേഖകൾ കൈക്കലാക്കി. പിറ്റേ ദിവസം ബാങ്കിൽ കാത്തു നിന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസം ബന്ധപ്പെട്ടപ്പോൾ അപകടം പറ്റി ചികിത്സയിലാണ് ഉടൻ ലോണും രേഖകളും എത്തിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.

കണ്ണൂർ സ്വദേശിയായ ഡോ. ശിവ ഈ അക്കൗണ്ടിലേക്ക് രണ്ടു ലക്ഷം രൂപ ഇട്ടിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞതനുസരിച്ച് ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് നാലു ലക്ഷം രൂപയുടെ ഇടപാട് താൻ അറിയാതെ നടന്നുവെന്ന് ഗീതയ്ക്ക് മനസിലാകുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും കിട്ടിയ കൂലിയിൽ നിന്നും മകൾക്ക് കമ്മൽ വാങ്ങാൻ 8000 രൂപ ഗീത നിക്ഷേപിച്ചിരുന്നു. ഇതിൽ നിന്ന് 450 രൂപ ഒഴിച്ചുള്ള പണവും ഹാരിസ് പിൻവലിച്ചിട്ടുണ്ടായിരുന്നു. ഇടുക്കി സ്വദേശി സോബിൻ, ഏറ്റുമാനൂർ സ്വദേശികളായ അനീഷ്, രാജൻ കുര്യൻ തുടങ്ങി നിരവധി ആളുകൾ ഹാരിസിന്റെ വലയിൽ വീണ് വഞ്ചിതരായി. ബെഞ്ചമിൻ കുരുവിള, സലാം, പോൾസൺ തുടങ്ങിയ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. പരസ്യം കണ്ട് വിളിക്കുന്നവരിൽ നിന്നും ഫോട്ടോയും ഐ.ഡി. കാർഡും വാങ്ങി ഇതുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ടും ഫോൺ കണക് ഷനും എടുത്തിരുന്നത്. മാവേലിക്കര ഐ.ഡി.ബി.ഐ ശാഖയിൽ നിന്ന് മാത്രം എ.ടി.എം കാർഡ് ഉപയോഗിച്ച് 10.50 ലക്ഷം രൂപയാണ് പിൻവലിച്ചിട്ടുള്ളത്. വിവാഹത്തട്ടിപ്പിലും ഇയാൾ മുൻപനാണ്. രണ്ട് വിവാഹം കഴിച്ചിട്ടുള്ള ഹാരിസിന് നാല് മക്കളുമുണ്ട്.