ദുബായ്: ചവറയിൽ വിജയൻ പിള്ള ഇടത് സ്ഥാനാർത്ഥിയായത് എങ്ങനെ? ആർക്കും ഒരു പിടിയുമില്ല. ഷിബു ബേബി ജോണിനെ തോൽപ്പിച്ച് വിജയൻ പിള്ള നിയമസഭയിലുമെത്തി. കോടിയേരി ബാലകൃഷ്ണനാണ് സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരിയുടെ മകൻ ബിനോയും വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തും സുഹൃത്തുക്കൾ. ഇവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്നു രാഹുൽ കൃഷ്ണ. കൊട്ടാരക്കരയിലെ എൻ എസ് എസ് നേതാവ് രാജേന്ദ്രൻ നായരുടെ മരുമകൻ. അങ്ങനെ ഈ മൂന്ന് പേരും ദുബായിൽ ഒരുമിച്ചു. ഇതിന്റെ ഫലമാണോ വിജയൻ പിള്ളയുടെ എംഎൽഎ സ്ഥാനം എന്ന ചർച്ചയും ഇനി സജീവമാകും.

ബിനോയ്ക്ക് രാഹുൽ കൃഷ്ണ വഴി കോടികൾ കിട്ടുന്നു. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സ്വാധീനം മനസ്സിലാക്കി കോടിയേരിയുടെ മകനോട് പണം തിരിച്ചു ചോദിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടെന്ന് രാഹുൽ കൃഷ്ണ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ഭയപ്പെടുത്തി പണം വാങ്ങുകയായിരുന്നു തന്ത്രം. ഇതിന് വളരെ കരുതലോടെ നീങ്ങി. വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചെന്ന കേസിൽ ചവറ എംഎ‍ൽഎ.യുടെ മകനെതിരെ കേസ് കൊടുത്തു. ഇത് ബിനോയ്ക്കുള്ള താക്കീതായിരുന്നു. വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിന് ദുബായിൽ ലഭിച്ചത് രണ്ടുവർഷം തടവ്. 2017 മെയ്‌ 25-നാണ് ദുബായ് കോടതി ശ്രീജിത്തിനെ ശിക്ഷിച്ചത്. ഇതുനുമുമ്പേതന്നെ ശ്രീജിത്ത് നാട്ടിലേക്ക് കടന്നിരുന്നു.ശ്രീജിത്തിന് ഇനി യു.എ.ഇ.യിൽ പ്രവേശിക്കാൻ കഴിയില്ല.

ദുബായിലെ യുണൈറ്റഡ് അറബ് ബാങ്കിന്റെ പേരിൽ ശ്രീജിത് നൽകിയ 60 ലക്ഷം ദിർഹത്തിന്റെ ചെക്ക് (പത്തുകോടിയിലേറെ രൂപ) മതിയായ പണമില്ലാതെ മടങ്ങിയെന്നുകാണിച്ച് രാഹുൽ കൃഷ്ണനാണ് പരാതിനൽകിയത്. ജാസ് ടൂറിസം കമ്പനിയിൽ പാർട്ണറായിരുന്ന രാഹുൽ മുഖേനയാണ് ശ്രീജിത്ത് പണം വാങ്ങിയതെന്നാണ് ആരോപണം. രാഹുലിന് കിട്ടിയ ശിക്ഷ ബിനോയിയുടെ കണ്ണു തുറപ്പിക്കുമെന്ന് രാഹുൽ കൃഷ്ണ കരുതി. പക്ഷേ ഫലം കണ്ടില്ല. ഇതോടെയാണ് പാർട്ടിക്ക് പരാതി കൊടുക്കാനുള്ള നീക്കം. രാഷ്ട്രീയമായി കോടിയേരിയെ സമ്മർദ്ദത്തിലാക്കി പണം നേടുകയായിരുന്നു തന്ത്രം.

കോടിയേരിയുടെ മകനെതിരേയുള്ള പരാതിക്കുപിന്നാലെയാണ് വിജയൻ പിള്ളയുടെ മകനെതിരേയുള്ള പരാതിയും ജാസ് ടൂറിസം കന്പനി പുറത്തുവിട്ടത്. ഇതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണ്. ചെക്ക് പണമില്ലാതെ മടങ്ങുന്നതു യുഎഇയിൽ ക്രിമിനൽ കുറ്റമാണ്. അതേസമയം, പണം തിരിച്ചുകിട്ടാൻ സിവിൽ കേസാണു നൽകേണ്ടത്. തുകയുടെ വലുപ്പം അനുസരിച്ചാണു ശിക്ഷ. അഞ്ചുലക്ഷം ദിർഹത്തിലേറെയാണെങ്കിൽ (85 ലക്ഷത്തിലേറെ രൂപ) തടവുശിക്ഷയും അതിൽ കുറവാണു തുകയെങ്കിൽ പിഴയും വിധിക്കും. പിഴയും തടവും ഒരുമിച്ചു വിധിക്കുന്നത് അപൂർവമാണ്. ക്രിമിനിൽ കേസ് തുടരുന്നതിനൊപ്പം തന്നെ പണം തിരിച്ചുകിട്ടാൻ സിവിൽ കേസ് നൽകാം. ലഭിക്കേണ്ട തുകയും കോടതിച്ചെലവും പലിശ സഹിതം ആവശ്യപ്പെടാം.

തുക തിരിച്ചുകിട്ടിയില്ലെങ്കിൽ യുഎഇയിലെ സ്വത്തു ജപ്തി ചെയ്യുകയോ വാഹനം കണ്ടുകെട്ടുകയോ അക്കൗണ്ട് മരവിപ്പിക്കുകയോ ചെയ്യും. രാജ്യം വിടുന്ന പ്രതി തിരിച്ചെത്തുമ്പോൾ യുഎഇയിൽ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ കേസുണ്ടെങ്കിൽ വിമാനത്താവളത്തിൽ തന്നെ അറസ്റ്റിലാകും. പൊലീസ് കേസിൽ തുടരന്വേഷണച്ചുമതല പബ്ലിക് പ്രോസിക്യൂട്ടർക്കാണ്. പൊലീസ് അറസ്റ്റ് ചെയ്യുന്ന പ്രതിയെ 48 മണിക്കൂറിനുള്ളിൽ പബ്ലിക് പ്രോസിക്യൂട്ടർക്കു മുന്നിൽ ഹാജരാക്കണം. പ്രതിയെ 21 ദിവസംവരെ റിമാൻഡ് ചെയ്യാനോ ജാമ്യം നൽകാനോ ഉള്ള അധികാരമുണ്ട്. കേസ് കോടതിയിൽ ഫയൽ ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതും പബ്ലിക് പ്രോസിക്യൂട്ടറാണ്.

എന്നാൽ ഒത്തുതീർപ്പിലൂടെ പണം നേടിയെടുക്കാനായിരുന്നു രാഹുൽ കൃഷ്ണ ശ്രമിച്ചത്. അത് പൊളിഞ്ഞതോടെയാണ് സാമ്പത്തിക ഇടപാടുകൾ ചർച്ചയായത്. ശ്രീജിത്തിനെതിരെ കേസ് കൊടുത്തതും ഇതിന്റെ ഭാഗമായിരുന്നു. പക്ഷേ അവിടേയും ബിനോയ് സമ്മർദ്ദത്തിലായില്ല. ഇതോടെയാണ് പരാതി ചർച്ചയാക്കിയുള്ള ഇടപെടൽ എത്തുന്നത്.