കൊല്ലം : ബിനീഷ് കോടിയേരിയുടെ പേരുപയോഗിച്ചുള്ള തട്ടിപ്പുകളിലെ പൊലീസ് അന്വേഷണം എങ്ങുമെത്തുന്നില്ല. വാട്‌സ് ആപ്പ് കോളുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നതെന്നതാണ് ഇതിന് കാരണം. ഓൺ ലൈൻ തട്ടിപ്പു കേസിൽ മുൻപ് കുടുങ്ങിയിട്ടുള്ളത് നൈജീരിയൻ വംശജരും മറ്റുമാണെങ്കിൽ സെലിബ്രിറ്റികളുടെ പേരിൽ നടത്തുന്ന തട്ടിപ്പിനു പിന്നിൽ കേരള- തമിഴ്‌നാട് സംഘങ്ങളാണെന്നാണ് സൂചന. ബിനീഷിന്റെ പേരു പറഞ്ഞു സിനിമാക്കാർക്കിടയിൽ തട്ടിപ്പ് നടത്തിയതിനു രണ്ടു കേസുകൾ കൊച്ചിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാങ്കോക്കിൽ മിമിക്രി പ്രോഗ്രാം അവതരിപ്പിക്കാൻ ക്ഷണിച്ചു കൊണ്ടായിരുന്നു തട്ടിപ്പ്. ഇതിന് പിന്നാലെ പുതിയ കേസുകളുമെത്തുന്നു.

ബാങ്കോക്കിലെ കബഡി താരങ്ങൾക്കു പരിശീലകരെ വേണമെന്നു പ്രലോഭിപ്പിച്ച് ഇന്ത്യൻ കബഡി ടീം കോച്ച് ജെ.ഉദയകുമാറിനെയും സംസ്ഥാന കബഡി അസോസിയേഷൻ ചെയർമാൻ ഷാജി പങ്കജിനെയും ലാവോസിൽ നിന്നു വാട്‌സാപ് കോൾ വഴി വിളിച്ചു പണം തട്ടാൻ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ചലച്ചിത്രതാരവുമായ ബിനീഷ് കോടിയേരിയാണെന്നു പരിചയപ്പെടുത്തിയാണ് ഉദയകുമാറിനെയും ഷാജിയെയും പറ്റിച്ചത്. പ്രതിഫലത്തുക മുൻകൂർ ആയി അക്കൗണ്ടിൽ ഇടാമെന്നും പക്ഷേ ട്രാവൽ ഇൻഷുറൻസിനുള്ള തുക പറയുന്ന അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും പറഞ്ഞപ്പോൾ സംശയം തോന്നി ഉദയകുമാർ പിന്നീട് പ്രതികരിച്ചില്ല.

പിന്നീട് കോടിയേരി ബാലകൃഷ്ണനാണെന്നു പറഞ്ഞു വിളിക്കുകയും ചെയ്തു ! പണം നിക്ഷേപിക്കാൻ പറഞ്ഞ അക്കൗണ്ട് തമിഴ്‌നാട് നാഗപട്ടണം സ്വദേശിനിയായ സ്ത്രീയുടെ പേരിലുള്ളതായിരുന്നു. തട്ടിപ്പു സംഘം കബഡി അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറിയെ സമീപിച്ചെങ്കിലും പൊളിഞ്ഞു. പിന്നീട് ഉദയകുമാറിന്റെ ഇ മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തു 'ഞാൻ ആശുപത്രിയിലാണ്, അത്യാവശ്യമായി കുറച്ചു പണം അയച്ചുതരണം' എന്ന സന്ദേശം സുഹൃത്തുക്കൾക്ക് അയച്ചു പണം തട്ടാനും ശ്രമിച്ചു.

ബാങ്കോക്കിൽ മിമിക്രി പ്രോഗ്രാം അവതരിപ്പിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള തട്ടിപ്പിലെ വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു. പ്രതിഫലത്തുകയായി അഞ്ചു ലക്ഷം ബാങ്കിൽ നിക്ഷേപിച്ചെന്നു കാണിക്കാൻ വ്യാജ രസീത് വാട്‌സാപിലൂടെ അയച്ചു കൊടുത്ത ശേഷം ട്രാവൽ ഇൻഷുറൻസിന്റെ പേരിൽ പണം തട്ടിയെടുക്കുകയായിരുന്നു. വിളിക്കുന്നതു ബിനീഷ് കോടിയേരിയാണെന്നു വിശ്വസിപ്പിക്കാൻ വാട്‌സാപിന്റെ പ്രൊഫൈൽ ചിത്രമായി ബിനീഷിന്റെ ചിത്രമാണു കൊടുത്തിരുന്നത്. തായ്‌ലൻഡിനു സമീപമുള്ള ലാവോസിലെ റസ്റ്ററന്റിലെ ജോലിയുടെ പേരിൽ, ബിനീഷ് കോടിയേരിയാണെന്നു പരിചയപ്പെടുത്തി വിളിച്ച കണ്ണൂർ സ്വദേശിയും സംഘവും ഇവിടത്തുകാരായ അഞ്ചു യുവാക്കളിൽ നിന്നായി ലക്ഷങ്ങളാണ് കവർന്നത്.

അതിനിടെ മുന്നറിയിപ്പുമായി ബിനീഷ് കോടിയേരിയുമെത്തി. കേരളത്തിൽ സിപിഎമ്മിന്റെ ഏത് ഓഫിസിൽ ചെന്നാലും തന്റെ ഫോൺ നമ്പർ കിട്ടാനോ പാർട്ടി വഴി തന്നെ ബന്ധപ്പെടാനോ ഒരു പ്രയാസവുമില്ലെന്നു ബിനീഷ് കോടിയേരി അറിയിച്ചു. അല്ലെങ്കിൽ കൊച്ചിയിൽ 'അമ്മ' യുടെ ഓഫിസിൽ ചോദിച്ചാൽ നമ്പർ കിട്ടും. ഫേസ്‌ബുക്കിലൂടെയും ബന്ധപ്പെടാം. ''എന്റെ പേരു പറഞ്ഞു പലയിടത്തും തട്ടിപ്പ് നടക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബിനീഷ് കോടിയേരിയാണെന്നു പറ?ഞ്ഞ് ആരെങ്കിലും സമീപിച്ചാൽ എന്നെ ബന്ധപ്പെട്ട ശേഷമേ തീരുമാനമെടുക്കാവൂ.''– ബിനീഷ് പറഞ്ഞു.

വിദേശത്തു നിന്നു വാട്‌സാപ് കോൾ വഴി വിളിച്ചു തട്ടിപ്പു നടത്തുന്നവരെ കണ്ടെത്താൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ല. ഇത്തരം പല തട്ടിപ്പുകേസുകളിലും വാട്‌സാപിന്റെ ലീഗൽ വിഭാഗവുമായി സൈബർ സെൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടില്ല.