കേരളരാഷ്ട്രീയത്തെ നർമത്തിൽ ചാലിച്ച് ഏറ്റുമാനൂർ ജോസഫ് മാത്യു എഴുതിയ 'ഫ്രോഡ്‌സ് ഇൻ ദി പോണ്ട്' എന്ന ഇംഗ്ലീഷ് നോവൽ വില്പനയിൽ റെക്കോർഡ് ഇട്ടു മുന്നേറുകയാണ്. മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചു കഴിയുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ ഒളിവിലെ ജീവിതകാലത്തു ജനിച്ച മകൾ തേടിയെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും കേരളത്തിന്റെ തനിസ്വഭാവത്തിൽ നോവലിൽ ആവിഷ്‌കരിച്ചിരിക്കുന്നു. 'ഫ്രോഡ്' എന്ന് പറയാവുന്ന എന്തെല്ലാം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നടമാടുന്നുവോ അത് മുഴുവൻ 352 പേജ് ഉള്ള ഈ പുസ്തകത്തിൽ ഉണ്ട്.

കമ്മ്യൂണിസത്തിന്റെ അപചയങ്ങളെപ്പറ്റി പറയുന്ന ഈ രാഷ്ട്രീയ നർമ കഥയിലൂടെ കേരള രാഷ്ട്രീയത്തിലെ അഴിമതിയും പിൻവാതിൽ നിയമനങ്ങളും തുടങ്ങി അതിർത്തിയിലെ ഇന്ത്യ ചൈന തർക്കങ്ങൾ വരെ വിഷയമാകുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് രാഷ്ട്രീയ നീക്കങ്ങൾ. മാധ്യമ രംഗത്തെ അപചയവും ചില മാധ്യമ പ്രവർത്തകരുടെ തനിനിറവും വർത്തമാനകാല പത്രപ്രവർത്തകരുടെ സാമ്യമുള്ള ചില കഥാപാത്രങ്ങളിലൂടെ നാല് പതിറ്റാണ്ടു കേരളത്തിലും ഡൽഹിയിലും പത്രപ്രവർത്തകനായിരുന്ന നോവലിസ്റ്റ് വരച്ചു കാട്ടുന്നു. അർണാബ് ഗോസ്വാമിയെപ്പോലെ ഒരു ചാനൽ ചീഫ് ഇതിലുണ്ട്. പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ മാത്രമല്ല അതിർത്തിയിൽ സംഘർഷം ഉണ്ടാക്കാൻ ഡിഫെൻസ് മിനിസ്റ്ററെ പ്രേരിപ്പിക്കാൻ തക്കവിധം ഭരണകക്ഷിയിൽ സ്വാധീനമുള്ള ചാനൽ പുലി.

'ഫ്രോഡ്‌സ് ഇൻ ദി പോണ്ട്' നോവൽ തുടങ്ങുന്നത് കമ്മ്യൂണിസ്റ്റ് നേതാവ് വിക്രമന്റെ മൃതദേഹ സംസ്‌കാരത്തിന് വിവിധ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിന്നും നേതാക്കൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന രംഗത്തോടെയാണ്. വിക്രമൻ മാറിയാൽ മുഖ്യമന്ത്രിയാകാൻ കൊതിക്കുന്ന മാധവൻ രാഷ്ട്രതലവന്മാരെ സ്വീകരിക്കുന്ന തിരക്കിലാണ്. ഡെമോക്രിസ്ഥാൻ എന്ന ഒരു നാട്ടിലാണ് കഥ നടക്കുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഐസ്‌ക്രീം പെൺവാണിഭവും സരിത നായർ-സ്വപ്ന സുരേഷ് മോഡൽ ഇടപാടുകളും കള്ളനോട്ടു വിതരണവും കിഡ്‌നി മോഷണവും നടക്കുന്ന കേരളം പോലെ വേറെ ഒരു സംസ്ഥാനവും അന്തർദേശീയമായി ഇത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നില്ല. അതുകൊണ്ടു തിരുവനന്തപുരവും കാക്കനാടും പെരുമ്പാവൂരും വയനാടുമെല്ലാം ഉണ്ടെങ്കിലും പഞ്ചാബും പോണ്ടിച്ചേരിയും മുംബൈയും മൗറീഷ്യസും ഡൽഹിയുമെല്ലാം കൂടി കഥയെ ഡെമോക്രിസ്താന്റെ പുറത്തേയ്ക്കു കൊണ്ടുപോകുന്നു.

'ഫ്രോഡ്‌സ് ഇൻ ദി പോണ്ട്' എന്ന നോവലിന്റെ പ്രധാന സവിശേഷത വിഷയങ്ങളെ സമീപിക്കുന്നതിൽ എഴുത്തുകാരൻ കാണിക്കുന്ന ചങ്കൂറ്റമാണ്. ധൂർത്തും അഴിമതിയും സ്വജന പക്ഷപാതവും മുഖമുദ്രയായി കൊണ്ടുനടക്കുന്ന ഒരു സർക്കാരും അവിടെ എച്ചിൽ പെറുക്കി ജീവിക്കുന്ന കുറെ മാധ്യമ പ്രവർത്തകരും എഴുത്തുകാരുമാണ് നോവലിനെ സമ്പുഷ്ടമാക്കുന്ന പശ്ചാത്തല ജീവികൾ. 'കടക്കൂ പുറത്ത് ' എന്ന് പറഞ്ഞാലും ഒന്നും മിണ്ടാതെ പുറത്തു കടക്കുന്ന പാർട്ടി അടിമകളാണ് ഇതിലെ പത്രക്കാരിൽ ഒരു വിഭാഗം.

ഡൽഹിയിലെ പത്രക്കാർ പണമുണ്ടാക്കാനുള്ള തത്രപ്പാടിലാണ്. അവിടെ ഭരിക്കുന്ന പാർട്ടി തങ്ങളുടെ മാധ്യമ അടിമയ്ക്ക് വേണ്ടി പാക്കിസ്ഥാനുമായി ഒരു യുദ്ധം പ്രഖ്യാപിക്കാൻ വരെ തയ്യാറാകുന്ന തരത്തിൽ മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങുന്ന തിരക്കിലാണ്. അടുത്തയിടെ അർണാബ് ഗോസ്വാമിയുടെ ഫോൺ പരിശോധിച്ച മുംബൈ പൊലീസ്, പാക്കിസ്ഥാൻ അതിർത്തിയിൽ ഉണ്ടാകാൻ പോകുന്ന ചില ഏറ്റുമുട്ടലുകളെപ്പറ്റി നേരത്തെ തന്നെ ഗോസ്വാമിയെ പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഏതാനും വർഷം മുൻപ് രചിക്കപ്പെട്ട ഈ നോവലിൽ അതിർത്തിയിലെ ഏറ്റുമുട്ടൽ മുതൽ കേരളത്തിലെ പിൻവാതിൽ നിയമനവും രണ്ടും കല്പിച്ചിറങ്ങിയ ചില സ്ത്രീകളെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഭരണ കക്ഷി ഉപയോഗിക്കുന്നതും വരെ പരാമർശിക്കുന്നുണ്ട്.

കാറൽ മാർക്‌സിന്റെ 'കമ്മ്യൂണിസ്‌റ് മാനിഫെസ്റ്റോ' എപ്പോഴും കയ്യിൽ കൊണ്ടുനടക്കുന്ന തൊണ്ണൂറുകളിലെത്തിയ വിക്രമൻ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടുനടക്കുമ്പോൾ ഉണ്ടായ ഒരു ആകസ്മിക സംഭവം എല്ലാം ഉപേക്ഷിച്ചു നാടുവിടാൻ ഇടയാക്കി. താൻ അര നൂറ്റാണ്ടു മുൻപ് ഹൈറേഞ്ചിൽ ഒളിവിൽ കഴിഞ്ഞിരുന്നപ്പോൾ ജനിച്ച ഒരു പെൺകുട്ടി 'അച്ഛാ' എന്ന് വിളിച്ചു എത്തിയപ്പോൾ പാർട്ടി അദ്ദേഹത്തിനെതിരെ സദാചാരപൊലീസിന്റെ വാൾ എടുത്തു. പാർട്ടി കമ്മിറ്റിയിൽ അദ്ദേഹത്തെ പുകച്ചു പുറത്താക്കാൻ മാധവൻ കോപ്പു കൂട്ടി. മാധവന്റെ ഗ്രൂപ്പുകാരുടെ കുറ്റാരോപണ പ്രസംഗങ്ങൾക്കിടയിൽ വിക്രമൻ അപ്രത്യക്ഷനാവുകയായിരുന്നു. അതോടെ കഥയിൽ വലിയൊരു ട്വിസ്റ്റ്.

കേരളത്തിലെ ആനക്കമ്പവും ഗുരുവായൂരിലെ ആന ഓട്ട മത്സരവും പാപ്പാന്മാരുടെ മദ്യാസക്തിയും നോവലിന്റെ ഭാഗമാണ്. ജനാർദ്ദനൻ എന്ന ആന മനുഷ്യകഥാപാത്രങ്ങളെപ്പോലെ നോവലിൽ നിറഞ്ഞു നിൽക്കുന്നു. മനുഷ്യരുടെ ക്രൂരതയുടെ ഫലമായി സംഭവിക്കുന്ന ജനാർദ്ദനന്റെ അന്ത്യം ആരുടേയും കണ്ണ് നനയ്ക്കും. ആനകളെപ്പറ്റി നല്ലതു പറയുന്ന നോവലിസ്റ്റ് കേരളത്തിലെ നായപ്രേമികളുടെ കാര്യം പറയുമ്പോൾ മറ്റൊരു നിലപാടിലാണ്. വിദേശ ഫണ്ടിങ് ലഭിക്കുന്നത് മൂലമാണ് ചിലർ തെരുവ് നായകളുടെ പക്ഷം പിടിക്കുന്നത് എന്നാണു സൂചന.

കഥയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ചോട്ടു എന്ന അനാഥ ബാലന് പലതവണ തെരുവു നായ്ക്കളുടെ കടിയേൽക്കുന്നു. പക്ഷെ ധനികരായ നായപ്രേമികൾ ചോട്ടുവിനു ആഹാരം നൽകാനല്ല മറിച്ചു തങ്ങളുടെ നായകൾക്ക് വിലയേറിയ പട്ടി ബിസ്‌കറ്റ് വാങ്ങി നൽകാനാണ് ഇഷ്ടപ്പെടുന്നത്. പൊലീസ് ചോട്ടുവിനെയും നായ്ക്കളെയും ലാത്തിക്ക് അടിക്കുമ്പോൾ നായപ്രേമികൾ പ്രതിഷേധം സംഘടിപ്പിക്കുന്നു. അവർ ചോട്ടുവിനെ ഗൗനിക്കുന്നേയില്ല. വഴിയോരത്തു നീരുവന്ന കാലുമായി എണീൽക്കാനാവാതെ കിടക്കുന്ന ചോട്ടു ഒരു പൊമേറെനിയൻ പട്ടിയുടെ വായിൽ നിന്ന് ചാടിപ്പോയ ബിസ്‌ക്കറ്റ് കിട്ടുമോ എന്ന ലളിതമായ ആഗ്രഹത്തിൽ വേദന മറക്കുന്നു.

നായപ്രേമികളുടെ അതിരു വിട്ട ആക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ 'ഫ്രോഡ്‌സ് ഇൻ ദി പോണ്ട്' വിമർശനം ഉയർത്തുന്നുണ്ട്. മുംബെയിൽ തെരുവിലെ പുസ്തക വ്യാപാരി ശങ്കർദാദയുടെ സഹായിയായി ചോട്ടു നിൽക്കുമ്പോൾ പുസ്തകം വാങ്ങാൻ വരുന്ന ധനിക പെൺകുട്ടി കൊണ്ടുവരുന്ന കൂറ്റൻ വളർത്തു നായ ചോട്ടുവിനെ ആക്രമിക്കുന്നു. ശങ്കർ ദാദാ വിറകു കഷണം കൊണ്ട് നായയെ അടിച്ചിട്ടാണ് ചോട്ടുവിനെ രക്ഷിക്കുന്നത്. പെൺകുട്ടി ദാദയെയും ചോട്ടുവിനെയും ഭീക്ഷണിപ്പെടുത്തുകയും സുപീം കോടതിയിൽ വരെ തനിക്കു സ്വാധീനം ഉണ്ടെന്നും പട്ടിയെ തല്ലിയതിന് കോടതി കയറേണ്ടി വരുമെന്നുമൊക്കെ ഭീക്ഷണിപ്പെടുത്തുന്നു.

ഇതേ തുടർന്ന് ഭയന്ന് ഉറങ്ങാൻ പോലും കഴിയാതെ ചോട്ടു ദാദർ സ്റ്റേഷനിലെത്തി എങ്ങോട്ടെന്നില്ലാതെ ഒരു ട്രെയിനിൽ കയറി. എത്തുന്നത് വാരണാസിയിൽ. അവിടെ ഗംഗാ നദിയോരത്തു ശവശരീരങ്ങൾ കത്തിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ബാലവേലക്കാരിൽ ഒരാളായി. ഒരു ദിവസം ശവങ്ങൾ കത്തിക്കുന്ന കോൺട്രാക്ടർ അവനെ ചൂളയിൽ നിന്നെടുത്ത വിറകു കമ്പുകൊണ്ടു കുത്തിയതിനെത്തുടർന്നു അവിടെ നിന്ന് തിരിച്ചു മറ്റൊരു ട്രെയിനിൽ കയറി സ്ഥലം വിടുന്നു.

ഇത്രയും ഹൃദയസ്പർശിയായി തെരുവ് ബാല്യങ്ങളുടെ കഥ പറഞ്ഞിട്ടുള്ള മറ്റൊരു നോവൽ ഇന്ത്യയിലെ ഇംഗ്ലീഷ് സാഹിത്യത്തിൽ കാണാൻ ഇടയില്ല. എങ്ങനെ ഒരു കുട്ടി തെരുവിൽ എത്തപ്പെടുന്നു എന്നതുൾപ്പെടെ ഇന്ത്യൻ സാമൂഹ്യ സാഹചര്യങ്ങളുടെ നേർക്ക് പിടിച്ച ഒരു കണ്ണാടി കൂടിയാണ് 'ഫ്രോഡ്‌സ് ഇൻ ദി പോണ്ട്'. ഉപകഥാനായകനായ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ അയ്യപ്പന്റെ സഹായി എന്ന നിലയിലാണ് നോവലിൽ ചോട്ടുവിന്റെ സ്ഥാനം.

പാമ്പ് കളിക്കാരനായ ദേവീന്ദർ എന്ന രാജസ്ഥാൻകാരന്റെ കൂടെ കൊച്ചിയിലെ മഹാരാജാസിനടുത്തു തെരുവോരത്തു കഴിയുമ്പോൾ അയാൾ പാമ്പ് കടിയേറ്റു മരിക്കുന്നു. വാവ സുരേഷാണ് ചിതറിയോടിയ പാമ്പുകളെ പിടിച്ചു കൂട്ടിലാക്കുന്നത്. കൈക്കൂലി നൽകാൻ കാശില്ലാത്തതു മൂലം പാമ്പ് കളിക്കാരന്റെ മൃതദേഹം മോർച്വറി സൂക്ഷിപ്പുകാരൻ തുണിയിൽ പൊതിഞ്ഞു ചോട്ടുവിന്റെ തലയിൽ വച്ച് കൊടുക്കുന്നു. അത് സംസ്‌കരിക്കാൻ ശ്മശാനം തെരഞ്ഞു നടന്നു ക്ഷീണിച്ച ബാലൻ ഒരു വലിയ കെട്ടിടത്തിന്റെ വരാന്തയിൽ ഇറക്കി വയ്ക്കുമ്പോൾ കാവൽക്കാരൻ വലിയ ഒരു നായയുമായി പാഞ്ഞെത്തുന്നു. അടുത്തുള്ള വനിതാ കോളേജിലെ കന്യാസ്ത്രീകൾ ആണ് ദേവീന്ദറിന്റെ മൃതദേഹം പൊതുശ്മശാനത്തിൽ ദഹിപ്പിക്കാൻ ചോട്ടുവിനെ സഹായിക്കുന്നത്.

'ഫ്രോഡ്‌സ് ഇൻ ദി പോണ്ടിനെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് കേരള രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും സമകാലീന സംഭവങ്ങൾ സ്വാഭാവികമായി കൊരുത്തു വച്ചിരിക്കുന്നു എന്നതാണ്. അതിലൊന്ന് തൊഴിലില്ലായ്മയും പിൻവാതിൽ നിയമനവുമാണ്. ഡബിൾ ഡോക്ടറേറ്റുകാരനായ അയ്യപ്പന് പലവട്ടം പിൻവാതിൽ നിയമനം ലഭിക്കുന്നുണ്ട്. നേതാവ് വിക്രമൻ വഴി യൂണിവേഴ്‌സിറ്റിയിലെ ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ് ആയും കെ എസ് ആർ ടി സി യിലെ കണ്ടക്ടർ ആയും ഒക്കെ പാർട്ടിക്കാരനായ അയ്യപ്പന് ജോലി ലഭിക്കാൻ മിനുട്ടുകൾ മതി. എല്ലായിടത്തും യൂണിയൻ ഉണ്ടാക്കാനാണ് ജോലിക്കു കയറുന്നത്. നിലവിലുണ്ടായിരുന്ന ഒരു യൂണിയൻ പിളർത്തി അസോസിയേഷൻ ഓഫ് ട്രാൻസ്‌പോർട് വർക്കേഴ്‌സ് വിത്ത് ടെക്‌നിക്കൽ ഡോക്ടറേറ്റ്‌സ് എന്ന പുതിയ യൂണിയൻ ഉണ്ടാക്കി അയ്യപ്പൻ അതിന്റെ നേതാവാകുന്നു.

നെറ്റിയിൽ ചുവന്ന വലിയ പൊട്ടു തൊടുന്ന പാർട്ടിക്കാരി യൂണിവേഴ്‌സിറ്റി ഓഫീസിന്റെ മതിൽ ചാടി അപ്പുറത്തെ പാർട്ടി ആസ്ഥാനത്തേക്ക് പോകുന്ന രംഗം എ കെ ജി സെന്റററിനെ തന്നെയാണ് ഓർമ്മിപ്പിക്കുന്നത്. ഗൗരവമുള്ള വിഷയങ്ങൾ ആണെങ്കിലും ഹാസ്യത്തിന് കുറവില്ല. കാക്കനാട്- ഫോർട്ട് കൊച്ചി റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്ക് റോക്കറ്റ് ടെക്‌നോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്നും 'ഹൗ ടു ഡ്രൈവ് എ ബസ് വിത് വൺ ഹാൻഡ്', ' ഹൗ ടു ഓവർ ടേക്ക് എ ഫയർ എൻജിൻ ഓൺ റോഡ്' എന്നീ വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവാണെന്നുമുള്ള പരിഹാസം കൊച്ചിയിലെ ബസ് ഡ്രൈവർമാരുടെ ഡ്രൈവിങ് പരാക്രമങ്ങൾ സൂചിപ്പിക്കുന്നു.

കേരളത്തിന്റെ ഒരു പ്രത്യേകത ഗ്രാമങ്ങളിലൂടെയെല്ലാം ഉള്ള ബസ് സർവീസ് ആണ്. ജനജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ബസ് സർവീസ് നോവലിൽ പലയിടത്തും കടന്നു വരുന്നു. ഉൾനാടൻ ഗ്രാമങ്ങളിലെ കടകളിലേക്ക് സാധനങ്ങൾ വരുന്നതും പെണ്ണ് കാണാൻ പോകുന്നതും ഹൈറേഞ്ചിൽ നിന്ന് കഞ്ചാവ് കടത്തുന്നതും എല്ലാം ബസുകളിൽ. 'ദി ഗ്രേറ്റ് നസ്രാണി മാരിയേജ്' എന്ന അദ്ധ്യായത്തിൽ കെ കെ റോഡിലെ സ്വകാര്യ ബസുകളും കെ എസ് ആർ ടി സി എന്ന ആന വണ്ടിയും തമ്മിലുള്ള മത്സരം സരസമായി ചിത്രീകരിച്ചിരിക്കുന്നു. പഴയ കാലത്തു ഓടിയിരുന്ന ആലുവ- കോട്ടയം കരിഗ്യാസ് വണ്ടിയിലാണ് ഒളിവിൽ പോകുന്ന വിക്രമൻ സഞ്ചരിക്കുന്നത്. മുക്കാൽ നൂറ്റാണ്ടു മുൻപ് ഓടിയിരുന്ന സ്വരാജ് മോട്ടോഴ്‌സും പി ടി എം എസ്സും ഏറ്റുമാനൂർ മോട്ടോർ സർവീസുമെല്ലാം കഥയിലുണ്ട്.

കേരള രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകളെപ്പോലെ നോവലിൽ വിമർശിക്കപ്പെടുന്ന ഒരു വിഭാഗം അവാർഡ് കച്ചവടക്കാരാണ്. 'കാക്കേ കാക്കേ കൂടെവിടെ' പോലെയുള്ള കവിതകൾ എഴുതിയ ശേഷം പാർട്ടി നേതാക്കളെക്കൊണ്ട് വിളിച്ചു പറയിപ്പിച്ചു അവാർഡുകൾ സ്വന്തമാക്കുന്നു. പാർട്ടി കമ്മിറ്റികളെക്കൊണ്ട് പോലും അപ്രസക്തമായ സാഹിത്യ അവാർഡുകൾ പാർട്ടി കവികളുടെ പേരിൽ പ്രഖ്യാപിച്ചു പ്രശസ്തി നേടുന്ന അരക്കവികളെയും മുക്കാൽ കവികളെയും ആവോളം പരിഹസിക്കുന്നുണ്ട് 'ഫ്രോഡ്‌സ് ഇൻ ദി പോണ്ട്'. നിരൂപകരും ഉള്ളിൽ രാഷ്ട്രീയം നിറച്ചവരാണ്. അവർ ഇത്തരം പൊട്ടക്കവിതകളെ 'awesome, enigmatic, pragmatic and unfathomable, different and indifferent at the same time' എന്നൊക്കെ പുകഴ്‌ത്തുന്നു.

പാർട്ടി പറഞ്ഞാൽ ക്രൂരരായ കൊലപാതകികളെ ന്യായീകരിച്ചും ഇക്കൂട്ടർ കവിതകൾ എഴുതും. തൊഴിലാളി യൂണിയൻ എന്ന പേരിൽ നടക്കുന്ന ഗുണ്ടായിസവും നോക്കുകൂലിയും മറ്റുമാണ് നോവൽ എടുത്തു കുടയുന്ന മറ്റൊരു മേഖല. കാനഡയിൽ നിന്ന് വന്ന ഒരു എൻ ആർ ഐ സർദാർജി ഒരു ആട് ഫാം തുടങ്ങാൻ തിരുവനന്തപുരം ജില്ലയുടെ ഉൾനാടൻ മേഖലയിൽ കുറെ വസ്തു വാങ്ങുന്നു.

ഒരു ദിവസം അദ്ദേഹത്തിന്റെ ഫാമിലേക്കുള്ള വഴിയുടെ നടുവിൽ ആരോ ചുവന്ന കോടി കുത്തിയിരിക്കുന്നതു കണ്ടു സർദാർജി അത് പറിച്ചു ദൂരെ എറിഞ്ഞു. നേതാക്കളെ കണ്ടു മാമൂലൊക്കെ കൊടുത്തു ആശീർവാദം വാങ്ങിയില്ല എന്ന കുറ്റം ചാർത്തി പാർട്ടി അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങി. സർദാർജി പാർട്ടി ഓഫീസിൽ ചെന്നു. കൊടി നശിപ്പിച്ചത് മുതൽ വിചാരണ തുടങ്ങി.

'നിങ്ങളാണോ ചെങ്കൊടി പറിച്ചു ദൂരെയെറിഞ്ഞത്?'

'അതെ. അത് എന്റെ വഴിയുടെ നടുവിലാണ് നാട്ടിയിരുന്നത്.'

'ഈ നാട്ടിൽ പുതുതായി വന്നതുകൊണ്ടാണ്.അല്ലെങ്കിൽ ആരും അതിനു ധൈര്യപ്പെടുകയില്ല.'

'അതെന്താ അത് ദേശീയ പതാകയൊന്നുമല്ലല്ലോ'

'ദേശീയ പതാകയോ, അത് ആര് മൈൻഡ് ചെയ്യുന്നു! ഞങ്ങൾക്ക് വലുത് പാർട്ടി പതാകയാണ്.'

പ്രശ്‌നം തീർക്കാൻ നോക്കുകൂലിയായി കുറെ പണം ആവശ്യപ്പെട്ടു. പക്ഷെ സർദാർജി കൊടുത്തില്ല. അവിടെ നട്ട വാഴയൊക്കെ അവർ വെട്ടി നശിപ്പിച്ചു. സർദാർജി നേതാവ് വിക്രമനെ കണ്ടു പരാതിപ്പെട്ടു. വരവ് കാനഡയിൽ നിന്നാണെന്നു കേട്ടപ്പോൾ സർദാർജി സി ഐ എ ചാരനാണെന്നായി വിക്രമൻ. 'ദി ലാസ്‌റ് ജ്യൂ ഇൻ മട്ടാഞ്ചേരി 'എന്ന അധ്യായം വിക്രമന്റെ ട്രേഡ് യൂണിയൻ ഗുണ്ടായിസം മൂലം സുഗന്ധ വ്യഞ്ജന കയറ്റുമതി തകർന്നുപോയ ഒരു യൂവ ബിസിനസുകാരന്റെ കഥയാണ് പറയുന്നത്.

എൻ ഐ എ ഓഫീസിനു കൂടോത്രം ചെയ്യുന്ന വിക്രമന്റെ മകൻ സ്റ്റാലിൻ വീട്ടിൽ ബോംബ് ഉണ്ടാക്കി നക്‌സലിസ്റ്റുകൾക്കു ഒഡീഷ്സയിലേക്കു വിൽപ്പന നടത്തുന്നു. ഇത് വിപ്ലവം നടക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിനിടയ്ക്കാണ് കമ്മിഷണർ വിളിപ്പിക്കുന്നത്. ആദ്യം ലോക്കൽ കണിയാനെക്കൊണ്ട് കേസ് ഒഴിവാക്കാനുള്ള ശ്രമമാണ്. പ്രശ്‌നം വച്ച് നൽകിയ കോഴിമുട്ട കമ്മീഷണറുടെ ഗേറ്റിൽ എറിഞ്ഞിട്ടും രക്ഷയില്ല. അപ്പോൾ എൻ ഐ എ നോട്ടീസ് വന്നു. ജപിച്ച ആണി കൊച്ചിയിലെ എൻ ഐ എ ഓഫീസിന്റെ മുൻവശത്തുള്ള മരത്തിൽ അടിച്ചു കയറ്റി. നോ രക്ഷ. തിരുവനന്തപുരത്തെ ഒരു നക്ഷത്ര ഹോട്ടലിൽ ക്യാമ്പ് ചെയ്യുന്ന ന്യൂമറോളജി വിദഗ്ധനെ കാണാനാണ് അടുത്ത ശ്രമം. പക്ഷെ അയാളുടെ തട്ടിപ്പു കൂടെ വന്ന സഖാവ് അയ്യപ്പൻ കണ്ടുപിടിച്ചു. Stalin എന്ന പേരിന്റെ സ്‌പെല്ലിങ് 'STAAALINN' എന്നാക്കാനായിരുന്നു അയാളുടെ നിർദ്ദേശം. സ്‌പെല്ലിങ് തെറാപ്പി എന്നാണു അയാൾ ഇതിനു ഇട്ടിരുന്ന പേര് .

മന്ത്രവാദികൾക്കു വിക്രമൻ യൂണിയൻ ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രവാദി രാജൻ ചുട്ട കോഴിയെ പറപ്പിക്കുന്നതിന്റെ ടെക്‌നി ക്കും കഥയിലുണ്ട്. കേരളത്തിൽ ഭൂപരിഷ്‌കരണം നടപ്പാക്കി പാവപ്പെട്ടവരെ കമ്മ്യൂണിസ്റ്റുകൾ രക്ഷിച്ചു എന്ന് പറയുന്നവർ തരിശു കിടക്കുന്ന ആയിരക്കണക്കിന് ഏക്കർ പാടങ്ങളുടെയും പറമ്പുകളുടെയും അവസ്ഥയ്ക്ക് സമാധാനം പറയണം. മറ്റൊരു രംഗത്തുമില്ലാത്ത വിധം കർഷക തൊഴിലാളികളുടെ വേതനം വർധിപ്പിക്കുമ്പോൾ കാർഷിക വിളകൾക്ക് വില കിട്ടാതെ കർഷകൻ ആത്മഹത്യ ചെയ്യുന്നു. നോവലിൽ 'ദി ഗ്രേറ്റ് നസ്രാണി മാരിയേജ്' എന്ന അദ്ധ്യായം ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

പൊലീസിനെ പാർട്ടി അടിമകളാക്കാൻ യൂണിയൻ ഉണ്ടാക്കി ലോക്കൽ നേതാക്കൾ അവരെ ഭരിക്കുന്നത് കേരളത്തിലെ പ്രത്യേകതയാണ്. ഇതിനു വഴിപ്പെടുന്ന പൊലീസുകാർ പണം ഉണ്ടാക്കുന്നു. കയ്യിലും കഴുത്തിലും നിറയെ സ്വർണാഭരണങ്ങൾ അണിഞ്ഞു സംഘർഷ മേഖലയിൽ ജോലിക്കു വരുന്ന ആരോഗ്യമില്ലാത്ത വനിതാ പൊലീസ് തൊപ്പി വയ്ക്കാറില്ല. ഇത്തരം നിരീക്ഷണങ്ങൾ കേരളത്തിന്റെ മുഖമുദ്രയായ സമരകോലാഹലങ്ങളെ പറ്റി വിവരിക്കുമ്പോാഴാണ്. കൊലപാതക കേസുകളിലെ പ്രതികളെ സ്റ്റേഷനിൽ നിന്നും ഇറക്കി കൊണ്ടുപോകുന്ന പാർട്ടിക്കാരും കഥയിലുണ്ട്.

ആയുർവേദത്തെ ചിലർ വിറ്റു കാശാക്കാൻ ശ്രമിക്കുന്നതാണ് 'ഫ്രോഡ്‌സ് ഇൻ ദി പോണ്ട്' കൈ വയ്ക്കുന്ന മറ്റൊരു രംഗം. നോവൽ തുടങ്ങുമ്പോൾ തന്നെ കമ്മ്യൂണിസ്റ്റ് ആചാര്യൻ വിക്രമനെ ചവിട്ടി ഉഴിയുന്ന സഹദേവൻ വൈദ്യരുടെ രംഗമാണ്. അപ്പോഴാണ് വിക്രമൻ താൻ പണ്ട് ലണ്ടനിൽ പഠിക്കാൻ പോയതും നാട്ടിൽ വന്നു ഒളിവിൽ പോയതും മറ്റും വിവരിക്കുന്നത്. സഹദേവൻ വൈദ്യരുടെ മകൻ ലെനിൻ ആയുർവേദം പഠിക്കാൻ പോയി എങ്കിലും വിദ്യാർത്ഥി യൂണിയൻ നേതാവായി പഠനം നിർത്തേണ്ടി വന്നു. ഇതേതുടർന്ന് വൈദ്യശാലയുടെ കോമ്പൗണ്ടിൽ ആയുർവേദ ഉപദേശങ്ങൾ രോഗികൾക്ക് നൽകി കറങ്ങി നടക്കാൻ തുടങ്ങി. വിദേശ വിപണിയിൽ ആയുർവേദം വിറ്റു കാശാക്കാനുള്ള വഴിയാണ് ലെനിൻ തേടിക്കൊണ്ടിരുന്നത്. വൈദ്യർ പ്രശസ്തനായിരുന്നതുകൊണ്ടു മാർക്കറ്റിങ് ടീമുകൾ വന്നു ചാക്കിട്ടു നോക്കി. പക്ഷെ വൈദ്യർ വീണില്ല. എന്നാൽ ലെനിനെ അവർ വശത്താക്കി. വിദേശ വിപണിയിലേക്ക് ലൈംഗിക ഉത്തേജന ഔഷധങ്ങൾ അയച്ചു വയാഗ്രയെ തോൽപ്പിക്കാനായിരുന്നു മാർക്കെറ്റിങ്ങുകാർ നൽകിയ ഉപദേശം. ഇതനുസരിച്ചു ഹിന്ദി സിനിമ നടിയെ വച്ച് മൗറീഷ്യസിൽ പരസ്യ ചിത്രം ഷൂട്ട് ചെയ്തു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ ലെനിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച നടിയുടെ പിടിയിൽ നിന്ന് അയ്യപ്പൻ ചില തന്ത്രങ്ങൾ പറഞ്ഞു കൊടുത്തു രക്ഷിച്ചു.

വിക്രമൻ ഹൈറേഞ്ചിൽ ഒളിവിൽ കഴിയുമ്പോൾ വിപ്ലവകാരിയായ ചാക്കോയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ചാക്കോയുടെ ഭാര്യ റോസിയിൽ വിക്രമന് ഒരു കുഞ്ഞു പിറന്നു. പൊലീസിനാൽ ചാക്കോ കൊല്ലപ്പെട്ടു. വിക്രമൻ പൊലീസ് റെയ്ഡ് ഭയന്ന് ആരോടും പറയാതെ സ്ഥലം വിട്ടു. അയാൾ റോസിയെ മറന്നു. വർഷങ്ങൾ കഴിഞ്ഞു റോസി മരിച്ചപ്പോൾ ആ യുവതി വിക്രമനെ തേടിയെത്തി. തന്നെ മകളായി അംഗീകരിച്ചു ഒപ്പം കൂട്ടണമെന്ന് അവൾ ശഠിച്ചു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്ന വേളയിൽ ഉണ്ടായ ഈ വരവ് ഒരു തരത്തിലും അയാൾക്ക് അംഗീകരിക്കാൻ ആവുമായിരുന്നില്ല. പാർട്ടിയിൽ ഇത് ചർച്ചയായി. വിക്രമന്റെ എതിരാളി മാധവൻ ഇത് അവസരമാക്കി. തുടർന്ന് വിക്രമൻ എങ്ങോട്ടോ അപ്രത്യക്ഷനാവുകയായി.

പിന്നീട് തമിഴ് നാട്ടിലെ ചിദംബരം ക്ഷേത്രനടയിൽ താടിയും മുടിയും നീട്ടിയ ഒരു സന്യാസി പ്രത്യക്ഷപ്പെട്ടു. സ്വാമി ഖണ്ഡന ഭോഗാനന്ദ എന്ന പേരിൽ അറിയപ്പെട്ട വിജ്ഞാനിയായ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തേടി ഭക്തജനങ്ങൾ വന്നു തുടങ്ങി. ആത്മഹത്യയുടെ വക്കിലായിരുന്ന ഒരു സ്ത്രീ അദ്ദേഹത്തിന്റെ പ്രധാന ശിക്ഷ്യയായി എത്തി. ക്രമേണ അവർ മാ ആര്യ തപസ്വിനി എന്ന പേരിൽ പ്രശസ്തയായി. വിദേശങ്ങളിൽ ആശ്രമങ്ങൾ തുറന്നു. ഒരു വിമാന യാത്രയിൽ മിസ് യൂണിവേഴ്‌സ് മത്സരത്തിന് പോവുകയായിരുന്ന സുന്ദരിയുടെ കാതിൽ 'നീ വിജയിക്കും' എന്ന് മാ ആര്യ തപസ്വിനി മന്ത്രിച്ചു. അവൾ വിജയിച്ചു.

തന്റെ ആത്മീയ ഗുരു മാ ആര്യ തപസ്വിനിയാണെന്നു മിസ് യൂണിവേഴ്‌സ് ലോകത്തോട് വിളിച്ചു പറഞ്ഞതോടെ മാ അതിപ്രശസ്തയായി. ലോകം മുഴുവൻ ആശ്രമങ്ങളും കോടിക്കണക്കിനു രൂപയുടെ സ്വത്തും കുമിഞ്ഞുകൂടി. അവർ സ്വാമി ഖണ്ഡന ഭോഗാനന്ദയെ ധിക്കരിച്ചു തുടങ്ങി. അവർ വിട്ടു പോയതോടെ സ്വാമി തകർന്നു പോയി. പിന്നെ കന്യാകുമാരി വഴി തിരുവനന്തപുരത്തേക്കു പുറപ്പെട്ട ബസിൽ ആർക്കും തിരിച്ചറിയാനാവാത്ത വിധം തലയിൽ മഫ്‌ളർ പൊതിഞ്ഞ ഒരു രൂപം. കന്യാകുമാരിയിൽ അദ്ദേഹം അസ്തമന സൂര്യന്റെ നേർക്ക് കടലിലേക്ക് നടക്കുന്നു. അറബിക്കടലിൽ ലയിക്കുന്നു.

ഇന്ത്യയിൽ ധാരാളം നോവലുകൾ ഇറങ്ങുന്നുണ്ടെങ്കിലും രാഷ്ട്രീയ ഹാസ്യം ഒരു ശതമാനം പോലും ഇറങ്ങുന്നില്ല. അതിന്റെ കാരണം രാഷ്ട്രീയ നോവലുകൾ എഴുതണമെങ്കിൽ ആ രംഗവുമായി വലിയ തോതിലുള്ള പരിചയം വേണം. മലയാളത്തിൽ വി കെ എൻ ചില കൃതികൾ എഴുതി ശ്രദ്ധ നേടി എങ്കിലും അദ്ദേഹത്തിന്റെ പത്രപ്രവർത്തന പരിചയം പരിമിതമായിരുന്നു. ചില മദ്യപാന സദസ്സുകളുടെ സംഭാവനയായി അറുപതുകളിൽ ഡൽഹിയിൽ വിജയിച്ച കുറെ എഴുത്തുകാരിൽ ഒരാളായിരുന്നു വി കെ എൻ. എന്നാൽ ഡൽഹിയിലും പുറത്തുമായി നാല് പതിറ്റാണ്ടിന്റെ പത്രപ്രവർത്തന പരിചയം എന്ന വലിയ ഒരു അനുഭവ ഖനിയുടെ പിൻബലം ജോസഫ് മാത്യുവിനുണ്ട്. 'ഫ്രോഡ്‌സ് ഇൻ ദി പോണ്ട്' നോവലിന്റെ ശക്തിയും ഈ അനുഭവ പാരമ്പര്യത്തിന്റെ കരുത്താണ്. എഴുത്തുകാരനാകാൻ രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടാക്കുകയോ മദ്യപാന സദസ്സുകളിലൂടെ വളരുകയോ ചെയ്യാൻ ഏറ്റുമാനൂർ ജോസഫ് മാത്യു ശ്രമിച്ചിട്ടില്ല.

ഈ രാഷ്ട്രീയ നോവലിൽ പ്രതിപാദിക്കുന്ന വിഷയ ബാഹുല്യം അമ്പരപ്പിക്കുന്നതാണ്. അത് നോവലിന്റെ കെട്ടുറപ്പിനെ ബാധിച്ചുവെന്ന് പറയുന്നവരോട് നോവലിസ്റ്റിനു പറയാനുള്ളത്, 'ആരെങ്കിലും ഉണ്ടാക്കി വച്ച ഒരു ചട്ടക്കൂടിനകത്തു കയറി നിൽക്കാൻ പറഞ്ഞാൽ എനിക്ക് അതിനോട് യോജിപ്പില്ല'വിദേശികളായ കാറൽ മാർക്‌സും എഗൽസും ബ്രിട്ടനിൽ രണ്ടു നൂറ്റാണ്ടു മുൻപ് ഉണ്ടാക്കിയ ഒരു തത്വ ശാസ്ത്രം അക്കാലത്തിനും ആ നാടിനും വേണ്ടിയുള്ളതായിരുന്നു എന്ന സാമാന്യ ബോധം പോലും തികച്ചും വ്യത്യസ്തമായ ഒരു നാട്ടിൽ അത് പിന്തുടരുന്നവർക്കില്ല. അതുപോലെയാണ് നോവലുകൾക്കു ചില സായ്പന്മാർ ഉണ്ടാക്കിയ ചട്ടക്കൂടുകൾ. തുടക്കം വേണം, നട്ടെല്ല് വേണം, സമാപ്തി വേണം, പ്രോട്ടഗോണിസ്‌റ് വേണം എന്നൊക്കെ ആരോ ചില തിയറിയുണ്ടാക്കി.

കോളേജ് പാഠപുസ്തകത്തിൽ അത് പഠിച്ചിട്ടു നേരെ പബ്ലിഷിങ് കമ്പനിയിൽ കയറിയ കമ്മീഷനിങ് എഡിറ്റർമാരായ കുട്ടികൾ കഥ വായിക്കാൻ രസമുണ്ടോ എന്നല്ല നോക്കുന്നത്. അവർക്കു പ്രോട്ടഗോണിസ്റ്റും ഹീറോയുടെ ഇൻട്രൊഡക്ഷനും ഫസ്റ്റ് പേഴ്‌സൺ നരേറ്റീവും ഒക്കെ ശരിയാണോ എന്നറിഞ്ഞാൽ മതി. റീഡബിലിറ്റി പ്രശ്‌നമല്ല. ആരും വായിക്കാത്ത ചവറുകൾ സൃഷ്ടിച്ചിട്ടു കമ്പനിയുടെ സാമ്പത്തിക ബലത്തിൽ വിൽക്കാൻ ശ്രമിച്ചു പരാജയമടഞ്ഞ ധാരാളം പുസ്തകങ്ങൾ ഉണ്ട്- ജോസ്മ ഏറ്റുമാനൂർ പറയുന്നുആമസോണിൽ ബെസ്‌റ് സെല്ലെർ ലിസ്റ്റിൽ എട്ടാം സ്ഥാനം വരെ കയറി വന്നിട്ടുള്ള 'ഫ്രോഡ്‌സ് ഇൻ ദി പോണ്ട്' നൂറുകണക്കിന് കോപ്പികൾ വിറ്റു കഴിഞ്ഞു. ബംഗാളിയും മലയാളവും അടക്കമുള്ള ഭാഷകളിൽ താമസിയാതെ ഇറങ്ങും.

https://www.amazon.in/Frauds-Pond-Josma-Ettumanur/dp/1648699987/ref=sr_1_3?keywords=frauds+in+the+pound&qid=1613309889&sr=8-3