ന്യൂഡൽഹി: എന്തൊക്കെ ആയിരുന്നു, വെടി.. പുക... ഒടുക്കം എല്ലാം പവനായി ശവമായി എന്നതു പോലെയായി.. പബ്ദിക്ക് പിന്നാലെ ഓൺലൈൻ ഗെയിമിംഗിൽ ഹിറ്റായ ഫ്രീ ഫയർ കൂടി ഇന്ത്യൻ സർക്കാർ നിരോധിച്ചതോടെ ഗെയിമർമാർ പൊട്ടിക്കരയുകയാണ്. ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്ത് എത്തിയപ്പോഴാണ് റോയൽ ബാറ്റിൽ ഗെയിമായ ഗെറീന ഫ്രീ ഫയറും നിരോധിച്ചത്.

2020 സെപ്റ്റംബറിൽ ഇന്ത്യയിൽ വൻ പ്രശസ്തി നേടിയിരുന്ന പബ്ജി നിരോധിച്ചതോടെയാണ് ഫ്രീ ഫയർ ഇന്ത്യൻ ഗെയിമർമാർക്കിടയിൽ തരംഗമായി മാറിയത്. പബ്ജിയുടെ പുതിയ പതിപ്പായ ബാറ്റിൽഗ്രൗണ്ട് ഇന്ത്യ വീണ്ടും ഇറങ്ങിയിട്ടും ഫ്രീഫയർ നേടിയ ജനപ്രീതി കുറയ്ക്കാൻ കഴിഞ്ഞില്ല എന്നതാണ് നേര്. എന്നാൽ വീടുകളിൽ അടക്കം വെടിമുഴങ്ങിയത് ഫ്രീ ഫയറിന്റെ വരവോടെ ആയിരുന്നു.

എന്താണ് ഫ്രീ ഫയർ?

ഒരു ഡെത്ത് മാച്ചിൽ അന്പതോളം പ്ലെയേർസിന് ഏറ്റുമുട്ടാൻ സാധിക്കുന്ന റോയൽ സ്റ്റെൽ ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഗെയിം ആണ് ഗെറീന ഫ്രീ ഫയർ. ഒരു പ്ലെയർ ഒരു ആയുധവും ഇല്ലാതെ ഒരു പ്ലെയിനിൽ നിന്നും ബാറ്റിൽ ഗ്രൗണ്ടിൽ എത്തിപ്പെടുന്നു. അവിടെ നിന്ന് അതിജീവിക്കണം. അതിനായി മറ്റ് പ്ലെയേർസിനെ വധിക്കണം. ആയുധങ്ങൾ നേടണം. എന്നിങ്ങനെ ഗെയിം പുരോഗമിക്കുന്നു.

സാധാരണ നിലയിൽ അവസാനം ഒരു പ്ലെയർ മാത്രമായാൽ ഗെയിം അവസാനിക്കും. ദിവസവും നൽകുന്ന റെഡീം കോഡുകൾ, പ്രീമിയം റിവാർഡുകൾ തുടങ്ങിയവയാണ് ഈ ഗെയിമിനെ ജനപ്രിയം ആക്കിയത് എന്ന് പറയാം. ഇന്ത്യയിൽ മാത്രം അല്ല അമേരിക്കയിലും ടോപ്പ് റോയൽ ബാറ്റിൽ ഗെയിം ആണ് ഫ്രീ ഫയർ. അമേരിക്കയിൽ 2021 ആദ്യ പാദത്തിൽ പബ്ജി കളിക്കുന്നവരുടെ എണ്ണത്തെ ഫ്രീഫയർ കളിക്കുന്നവരുടെ എണ്ണം കടത്തിവെട്ടിയെന്നാണ് സെൻസർ ടവർ ഡാറ്റ പറയുന്നത്. 100 കോടി ഡൗൺലോഡുകളാണ് കഴിഞ്ഞ ജനുവരി 2022 ൽ ഗൂഗിൾപ്ലേ സ്റ്റോറിൽ ഈ ആപ്പിന് ഉണ്ടായത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചിക്കുകയാണ്. അതിനാൽ തന്നെ ഫ്രീഫയറിന്റെ എല്ലാ പതിപ്പുകളും വിവിധ ആപ്പ് സ്റ്റോറുകളിൽ ലഭിക്കില്ല. ഇപ്പോൾ മൊബൈലിൽ ഡൗൺലോഡ് ചെയ്തവർക്ക് തുടർന്നും ചില ദിവസങ്ങൾ കളിക്കാൻ സാധിച്ചേക്കാം. അധികം വൈകാതെ 2020 ൽ ആപ്പുകളുടെ നിരോധന സമയത്ത് സംഭവിച്ചത് പോലെ സർവർ സപ്പോർട്ട് നിലയ്ക്കുകയും ഇവയുടെ പ്രവർത്തനം നിശ്ചലമാകുകയും ചെയ്യും.

നിലവിലെ ഫ്രീഫയർ ആപ്പ് നിർമ്മാതാക്കളായ ഗരീന ഇന്റർനാഷണൽ ഔദ്യോഗിക വെബ് സൈറ്റ് പ്രകാരം, ഇവരുടെ ആസ്ഥാനവും പ്രവർത്തനവും സിംഗപ്പൂർ കേന്ദ്രീകരിച്ചാണ്. ഇവർ എങ്ങനെ 'ചൈനീസ് ആപ്പ്' ഗണത്തിൽ ഉൾപ്പെട്ടുവെന്ന് വ്യക്തമല്ല. ആപ്പ് അധികൃതരും അത് സംബന്ധിച്ച് മൗനം പാലിക്കുകയാണ്.

വീട്ടിലെ വെടി നിന്ന ആശ്വാസത്തിൽ രക്ഷിതാക്കൾ

ഫ്രീ ഫയർ നിരോധിച്ചതോടെ ആശ്വാസം തേടിന്നത് മാതാപിതാക്കളാണ്. ഈ ഗെയിം വഴി കുട്ടികൾ ഓൺലൈൻ ഗെയിമിന് അടിമകളായപ്പോൾ നിരവധി രക്ഷിതാക്കളുടെ സാമൂഹികമാധ്യമ അക്കൗണ്ടും പണവും നഷ്ടപ്പെട്ടു. ചില കുട്ടികൾ വിഷാദരോഗികളായി. കൂടുതൽ ലൈക്കും കളിസാമഗ്രികളും കിട്ടാൻ കുട്ടികൾ ഗെയിം വിൽക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിച്ചത്. ഗെയിം കൈമാറുമ്പോൾ അറിയാതെ രക്ഷിതാക്കളുടെ സാമൂഹികമാധ്യമ അക്കൗണ്ടും വാങ്ങുന്ന ആൾക്ക് കിട്ടും. കളിച്ച് പരാജയപ്പെട്ടവർ 'ലെവൽ' കൂട്ടാൻ രക്ഷിതാക്കൾ അറിയാതെ എ.ടി.എം. കാർഡ് ഉപയോഗിച്ചപ്പോൾ പണവും ചോർന്നു.

ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർക്കൊപ്പമാണ് നമ്മുടെ കുട്ടികളും കളിക്കുന്നതെന്ന് പലരും അറിഞ്ഞില്ല. വെടിവെച്ച് പോയിന്റ് കിട്ടാതിരിക്കുമ്പോൾ കുട്ടികൾ വിഷമത്തിലാകും. ഭൂരിഭാഗം കുട്ടികളും ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് ഫ്രീ ഫയർ ഗെയിമിൽ കയറിയത്. പ്ലേസ്റ്റോറിൽനിന്ന് ആപ്പ് നീക്കംചെയ്തിട്ടുണ്ടെങ്കിലും ഗെരേന ഫ്രീഫയർ മാക്സ് എന്ന പേരിൽ ഒരു ഗെയിം ഇപ്പോഴും കാണുന്നുണ്ട്.

പബ്ജിയുടെ ഇന്ത്യൻ വെർഷൻ നിരോധിച്ചെങ്കിലും ഗെയിം ഇപ്പോഴും മുടങ്ങാതെ കളിക്കുന്നവരുണ്ട്. കുട്ടികളടക്കം പഴയ അക്കൗണ്ടും പേരും ലെവലും തുടരുന്നു. രക്ഷിതാക്കളെ പറ്റിച്ചുള്ള കുട്ടികളുടെ കളി വി.പി.എൻ.( വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. മൊബൈൽ വഴി വി.പി.എൻ. ആപ്പുകൾ ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലെ ഐ.പി. അഡ്രസിൽ ഇവിടെയിരുന്നാണ് കളി. നിലവിൽ നിരോധിച്ച ഗെയിം ഇന്ത്യയിൽ തുറക്കാനാകില്ലെങ്കിലും വി.പി.എൻ. വഴി ഇതാകുമെന്ന് സൈബർ ഡിഫൻസ് വിഭാഗത്തിൽ ജോലിചെയ്യുന്ന സുജിത് ഷാജു പറഞ്ഞു. കളിക്കാതിരിക്കണമെങ്കിൽ ഈ വഴിയും അടയ്ക്കണം.

അക്രമങ്ങളില്ലാത്ത നിരവധി ഓൺലൈൻ ഗെയിമുകളുണ്ടെന്ന് ഇൻഫോ പാർക്കിലെ ഗെയിമിങ് കമ്പനിയിൽ പ്രവർത്തിക്കുന്ന സീതാ മേരി തോമസ് പറഞ്ഞു. നമ്പർ ഗെയിമുകൾ, ലൂഡോ, ടെമ്പിൾ റൺ, കട്ട് ദി റോപ്പ്, വേർ ഈസ് മൈ വാട്ടർ തുടങ്ങിയവ അക്രമങ്ങളില്ലാത്ത കളികളാണ്. പെൺകുട്ടികൾക്ക് മേക്കപ്പ് തുടങ്ങിയ വിഭാഗങ്ങളുണ്ട്.