ഫ്രീ നിപ്പിൾ മൂവ്മെന്റിന്റെ ഭാഗമായി ഇന്നലെ ന്യൂസിലാൻഡിലെ ഓക്ക്ലാൻഡ് ബീച്ചിൽ നിരവധി യുവതികൾ തുണിഉരിഞ്ഞെത്തി. മാറിടം പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു അവർ ഈ വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ഈ സൗന്ദര്യ സമൃദ്ധി ആസ്വദിച്ച് സെൽഫിയെടുക്കാൻ കഴുകൻ കണ്ണുകളുമായി പുരുഷാരം ഒഴുകിയെത്തുകയും ചെയ്തിരുന്നു. 40 ഓളം വരുന്ന സ്ത്രീകളും പുരുഷന്മാരുമായ പ്രതിഷേധക്കാർ അണിനിരന്ന പരിപാടിയുടെ ഓർഗനൈസർ ഗ്രേസ് ബ്ലുൻഡെൽ എന്ന 22കാരിയായിരുന്നു. എന്നാൽ തങ്ങളുടെ പരിപാടിക്ക് അനാവശ്യമായ ലൈംഗിക ആകർഷണമുണ്ടായെന്നാണ് ഇവർ ആരോപിക്കുന്നത്. ഇവിടെയെത്തിയ ടൂറിസ്റ്റുകൾ മേൽവസ്ത്രമില്ലാത്ത സ്ത്രീകളുടെ ലൈംഗികത കലർന്ന ഫോട്ടോകൾ പകർത്താൻ വെമ്പൽ കൊണ്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

സ്ത്രീകൾക്ക് തങ്ങൾക്കിഷ്ടമുള്ള വിധത്തിൽ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്നാണ് ബ്ലുൻഡെൽ പറയുന്നത്. അതായത് സ്ത്രീകൾക്ക് സ്വയം സുഖകരമെന്ന് തോന്നുന്നത് ധരിക്കാനുള്ള അവസ്ഥയുണ്ടാകണമെന്നനും അതിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങൾ നടത്തുന്നതെന്നും അവർ വിശദീകരിക്കുന്നു. ഇതിനെ ലൈംഗിക കണ്ണുകളോടെ നോക്കിക്കാണരുതെന്നും അവർ ആവശ്യപ്പെടന്നു. പുരുഷന്മാരുടെ പരിഹാസം സഹിക്ക വയ്യാതെയാണ് തനിക്കീ പ്രസ്ഥാനത്തിൽ ചേരാൻ പ്രചോദനമായതെന്നാണ് ഈ യുവതി വെളിപ്പെടുത്തുന്നത്. ഈ ഒരു പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്നും സ്ത്രീയാണെന്നതുകൊണ്ട് മാത്രം താൻ ധരിക്കുന്ന വസ്ത്രങ്ങൾ അന്യർ വിലയിരുത്തുന്നത് അവസാനിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ബ്ലുൻഡെൽ പറയുന്നു.

ആൽബനിയിലെ മാസെ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി ആൻഡ് സോഷ്യോളജി വിദ്യാർത്ഥിനിയായ ഈ യുവതിയുടെ ഇതേ ചിന്താഗതിയിലുള്ളവരാണ് ഇന്നലത്തെ പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകളും പുരുഷന്മാരും.ഇന്നലെ ബിക്കിനി ബോട്ടം മാത്രം ധരിച്ച് നിന്നപ്പോൾ തനിക്ക് നല്ല ധൈര്യവും ആത്മവിശ്വാസവും തോന്നിയെന്നാണ് ബ്ലുൻഡെൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഏതൊരു കാര്യത്തിനും ജനശ്രദ്ധയുണ്ടാകുന്നത് അതിനെ കുറിച്ച് അവബോധമുണ്ടാക്കുന്നതിന് സഹായിക്കുമെന്നും എന്നാൽ എല്ലാ ശ്രദ്ധയും പോസിറ്റീവ് ആയിക്കൊള്ളണമെന്നില്ലെന്നും ഇവർ പറയുന്നു. ഇന്നലത്തെ സദുദ്ദേശ്യം നിറഞ്ഞ പരിപാടിയെ ചിലർ ലൈംഗിക കണ്ണുകളോടെ കണ്ടതിനെ വിമർശിക്കുകയായിരുന്നു ഇവർ.

ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെങ്കിൽ വളരെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്ന് അറിയാമെന്നും എന്നാൽ അവസാനം ലക്ഷ്യത്തിലെത്തുമെന്നുമാണ് ഇതിൽ പങ്കെടുത്തവർ പ്രതീക്ഷിക്കുന്നത്. ഇന്റർനാഷണൽ ഫ്രീ ദി നിപ്പിൾ കാംപയിനിൽ ആകർഷിക്കപ്പെട്ടാണ് ന്യൂസിലാൻഡിലെ പരിപാടി നടത്തിയിരിക്കുന്നത്. മാറ് പ്രദർശിപ്പിക്കാൻ വേണ്ടി 1930കളിൽ പുരുഷന്മാർ നടത്തിയ പോരാട്ടത്തിൽ നിന്നും ഇവർ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. പുരുഷന്മാരുടെ സമരം അവസാനം വിജയം നേടിയെന്നും അതുപോലെ തങ്ങളും നേടുമെന്നുമാണ് ബ്ലുൻഡെൽ പ്രതീക്ഷിക്കുന്നത്.