ഇസ്രയേൽ പതാക കത്തിച്ചുകൊണ്ട് ആയിരങ്ങൾ ലണ്ടനിലെ ഇസ്രയേൽ എംബസിക്ക് മുൻപിലെക്ക് മാർച്ച് ചെയ്തു; തടയാനെത്തിയ പൊലീസുകാർക്ക് പരിക്ക്; മുൻ ലേബർ നേതാവ് കോർബിന്റെ നേതൃത്വത്തിൽ ലണ്ടനിൽ ഇസ്രയേൽ വിരുദ്ധ പോരാട്ടത്തിന് ചൂടേറി
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടൻ: ഇസ്രയേൽ-ഗസ്സ സംഘർഷം മദ്ധ്യേഷ്യയും കടന്ന് ലോകമാകെ വ്യാപിക്കുകയാണ്. ഇന്നലെ ലണ്ടനിൽ നടന്ന ഫലസ്തീൻ അനുകൂലികളുടെ പ്രകടനം അക്രമാസക്തമായപ്പോൾ ഒമ്പത് പൊലീസുകാർക്ക് പരിക്കേറ്റു. ലണ്ടനിലെ ഇസ്രയേൽ എംബസിക്ക് മുന്നിലായിരുന്നു പ്രകടനം നടന്നത്. കിൻസിങ്ടണിലെ എംബസിക്ക് മുന്നിൽ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ബ്രിട്ടനിലേയും അയർലൻഡിലേയും മറ്റു നഗരങ്ങളിലും ഫലസ്തീനിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച നിരവധി പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ലണ്ടനിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വെളിപ്പെടുത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് വേറെ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുവേ സമാധാനപരമായി നടന്ന പ്രതിഷേധത്തിൽ ചിലർ ആണ് അക്രമങ്ങൾക്ക് തുടക്കമിട്ടതെന്നും പൊലീസ് പറഞ്ഞു. കെൻസിങ്ടൺ പലസിന്റെ ഗെയ്റ്റിൽ വലിഞ്ഞു കയറിയ പ്രതിഷേധക്കാർ പടക്കം പൊട്ടിച്ച് പ്രതിഷേധം രേഖപ്പെടുത്തി. എംബസിക്ക് മുന്നിലുള്ള ട്രാഫിക് ലൈറ്റിലും ചിലർ വലിഞ്ഞുകയറി.
അതേസമയം പാരീസിൽ, വലിയ ആൾക്കൂട്ടങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിയമം വകവയ്ക്കതെ ആയിരങ്ങൾ തെരുവിലിറങ്ങി ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിഷേധത്തെ ശക്തമായി എതിർത്ത പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. ബിർമ്മിങ്ഹാമിലും നൂറുകണക്കിന് ആളുകൾ ഇസ്രയേലിനെതിരെ പ്രതിഷേധമുയർത്തി തെരുവിലിറങ്ങി. അതേസമയം, ഫലസ്തീൻ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ ബ്രിട്ടൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മുൻ ലേബർ പാർട്ടി നേതാവ് ജെറെമി കോർബിനാണ് ഇക്കാര്യം പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടത്. ലേബർ എം പി സാറാ സുൽത്താന, സുപ്രസിദ്ധ റാപ്പ് ഗായകൻ ലോകീ എന്നിവരും ജെറെമി കോർബിനോടൊപ്പം ഇസ്രയേലി എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിക്കുകയും തുടർന്ന് ഒരുമിനിറ്റ് അവരുടെ സ്മരണയ്ക്ക് മുന്നിൽ നിശബ്ദരായി നിൽക്കുകയും ചെയ്തതിനു ശേഷമായിരുന്നു പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്.
കെൻസിങ്ടൺ പാലസിനു മുന്നിലും ഹൈസ്ട്രീറ്റിലുമൊക്കെയായി ഒന്നരലക്ഷത്തിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. തിങ്കളാഴ്‌ച്ച രാത്രി ഇസ്രയേൽ അതിർത്തിയിലേക്ക് ഹമാസ് റോക്കറ്റ് വർഷം നടത്തിയതിനെ തുടർന്ന് ഇസ്രയേൽ കനത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗസ്സയിൽ മാത്രം 126 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിൽ 31 കുട്ടികളും 20 സ്ത്രീകളും ഉൾപ്പെടുന്നു. ആറുവയസ്സുകാരനായ ഒരു കുട്ടിയും ഒരു സൈനികനും ഉൾപ്പടെ എട്ടുപേരാണ് ഇസ്രയേലിന്റെ ഭാഗത്ത് മരണമടഞ്ഞത്.
മറുനാടന് ഡെസ്ക്