വാഷിങ്ടൺ: നാലാം ഗ്രേഡ് വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാഷണൽ പാർക്കുകളിൽ സൗജന്യ പ്രവേശനം അനുവദിച്ചുകൊണ്ട് പ്രഖ്യാപനമായി. പ്രസിഡന്റ് ബരാക് ഒബാമ തന്നെയാണ് നാഷണൽ പാർക്കിലും മറ്റു ഫെഡറൽ പ്രോപ്പർട്ടികളിലും ഒരു വർഷം മുഴുവൻ സൗജന്യ പ്രവേശനം അനുവദിച്ചുകൊണ്ട് പ്രഖ്യാപിച്ചത്.

സ്‌കൂളിനു പുറത്തും കുട്ടികൾ സജീവമാകുന്നതിനാണ് നാലാം ഗ്രേഡുകാർക്ക് പാർക്കിൽ സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. അടുത്ത വർഷം പാർക്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചായിരിക്കും സൗജന്യപ്രവേശനം നടപ്പാക്കുക. നാഷണൽ പാർക്കുകളിലേക്ക് ഒരു കുടുംബത്തിന് വാർഷിക പാസിന് 80 ഡോളറാണ് ചെലവുവരിക. അതേസമയം നാലാം ഗ്രേഡുകാർക്കും അവരുടെ കുടുംബത്തിനും നാഷണൽ പാർക്കുകൾ, ഫോറസ്റ്റ്, വൈൽഡ് ലൈഫ് റെഫ്യൂജ്‌സ്, മറ്റ് ഫെഡറൽ പബ്ലിക് ലാൻഡുകൾ തുടങ്ങിയവയിൽ പ്രവേശനത്തിനുള്ള സൗജന്യ പാസ് ലഭ്യമാകും.

ഇത്തരത്തിൽ സൗജന്യപാസ് നൽകുന്നത് യൂത്ത് എൻഗേജ്‌മെന്റ് പ്രോഗ്രാമിൽ കീഴിൽ പെടുത്തിയാണ്. നാഷണൽ പാർക്ക് സർവീസ് ബജറ്റിൽ 20 മില്യൺ ഡോളറിന്റെ ചെലവാണ് ഇതിന് നീക്കിവച്ചിരിക്കുന്നത്. നാഷണൽ പാർക്ക് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുട്ടികൾക്ക് ആവശ്യമെങ്കിൽ സൗജന്യ യാത്രാ സൗകര്യവും അദ്ധ്യാപകർക്ക് പഠനോപകരണങ്ങളും നൽകും.