കൊച്ചി: എസ്.എസ്.എൽസി പരീക്ഷയിൽ തോറ്റുപോയ കുട്ടികൾക്ക് കൊടൈക്കനാലിൽ രണ്ട് ദിവസം കുടുംബവുമൊത്ത് സൗജന്യ താമസവും ഭക്ഷണവും ഒരുക്കി മലയാളി വ്യവസായി. കോഴിക്കോട് വടകര സ്വദേശിയും കൊടൈക്കാനിൽ സ്ഥിരതാമസക്കാരനുമായ ഹാമോക്ക് ഹോംസ്റ്റേ ഉടമ സുധിയാണ് തോറ്റകുട്ടികൾക്ക് കൊടൈക്കനാലിൽ കുടുംബത്തോടൊപ്പം സൗജന്യ താമസവും ഭക്ഷണവും ഒരുക്കുന്നത്. ഇത് സംബന്ധിച്ച് സുധി തന്റെ ഫെയ്സ് ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. 'തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കയ്യടിക്കുന്നത്' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ഷെയർ ചെയ്തത്. റിസൾട്ടിന്റെ പ്രൂഫും കൊണ്ടു വന്നെങ്കിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ.

ഇന്ന് രാവിലെയാണ് പോസ്റ്റ് ഫേസ്‌ബുക്കിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും വലിയ രീതിയിൽ പ്രചരിച്ചത്. ആദ്യമായി ഇത്തരം ഒരു ഓഫർ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് പലരും. പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന സുധിയുടെ നമ്പരിലേക്ക് ഇന്ന് വൈകുന്നേരം വരെ നൂറുകണക്കിന് കോളുകളാണ് വന്നിരിക്കുന്നത്. എല്ലാവർക്കും ഇത് സത്യമാണോ കള്ളമാണോ എന്നറിയാനായിരുന്നു താൽപര്യം.

അതേ സമയം തോൽവിയേറ്റുവാങ്ങിയവർക്ക് വേണ്ടി സുഹൃത്തുക്കൾ വിളിച്ചിരുന്നതായി സുധി മറുനാടനോട് പറഞ്ഞു. അവരും ഒപ്പം വന്നോട്ടെ എന്നും ചോദ്യമുണ്ടായി. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം വരണ്ട എന്ന് മറുപടി കൊടുത്തു. കാരണം ചെറിയ കുട്ടികളായതിനാൽ മാതാപിതാക്കൾക്കൊപ്പം വരുന്നതാണ് നല്ലത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ വലിയ തലവേദനയാകും. പിന്നെ ഒരു കുട്ടി വിളിച്ച് ഇപ്പോൾ തന്നെ ബാഗ് പായ്ക്ക് ചെയ്ത് വരട്ടെ ചേട്ടാ, നാട്ടിൽ നിൽക്കാൻ കഴിയുന്നില്ല എന്നും പറഞ്ഞു. അവനോടും പറഞ്ഞത് മാതാപിതാക്കൾക്കൊപ്പം വന്നാൽ മതി എന്നാണ്.

കഴിഞ്ഞ ദിവസം എസ്.എസ്.എൽ.സി പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ സുധി പഠിച്ച കോഴിക്കോട് ജവഹർ നവോദയ സ്‌ക്കൂൾ ഗ്രൂപ്പിൽ ഒരു ചർച്ച നടന്നു. തോറ്റ കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും? അവർ എങ്ങനെ മറ്റുള്ളവരെ അഭിമുഖീകരിക്കും. ചർച്ച കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മനസ്സിൽ തോന്നിയ ആശയമായിരുന്നു ഇത്. ഉടൻ തന്നെ ഒന്നും നോക്കാതെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

എവിടെ നോക്കിയാലും എപ്ലസ് വാങ്ങിയവരുടെ പോട്ടോകളും അഭിനന്ദനങ്ങളുമാണ് കാണുന്നത്. ഇത് കാണുന്ന തോറ്റ കുട്ടികൾക്ക് എന്ത് മാത്രം വേദനയുണ്ടാകും. ആ വേദന മാറ്റാനാണ് ഇത്തരത്തിലൊരു സൗകര്യം അവർക്കായി ഒരുക്കിയതെന്ന് സുധി പറയുന്നു. രണ്ട് ദിവസം ഇവിടെ ലഭിക്കുന്ന ഏറ്റവും നല്ല സൗകര്യമുള്ള മുറികളിൽ കുടുംബ സമേതം രണ്ട് ദിവസം ചിലവഴിക്കാം. ആദ്യം ഭക്ഷണത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ കുറച്ചു പേർ ഭക്ഷണം കൂടി ഉൾപ്പെടുത്താൻ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ കുടുംബം എത്രപേരാണെങ്കിലും അവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു;- സുധി പറയുന്നു.

കഴിഞ്ഞ 15 വർഷമായി കൊടൈക്കനാലിൽ സ്ഥിരതാമസമാണ് സുധിയും കുടുംബവും. ഹാമോക്ക് എന്ന പേരിൽ കൊടൈക്കനാലിൽ വിവിധ ഇടങ്ങളിൽ ഹോംസ്റ്റേ നടത്തുകയാണ്. ലോക്ക് ഡൗൺ വിനോദ സഞ്ചാര മേഖലയെ കീഴ്മേൽ മറിച്ചെങ്കിലും 10,000 രൂപയോളം ചിലവു വരുന്ന താമസ സൗകര്യം സൗജന്യമായി കൊടുക്കുകയാണ്. തോറ്റു പോയ എത്ര കുട്ടികളാണെങ്കിലും അവർക്കെല്ലാം ഈ ഓഫർ ലഭ്യമാണ്. തോറ്റു പോയവരാണ് പിന്നീട് ജയിച്ചിട്ടുള്ളത്. അതിനാൽ അവർക്ക് ആത്മവിശ്വാസം നൽകുക എന്നുമാത്രമാണ് ഈ ആശയത്തിന് പിന്നിലെന്ന് സുധി പറഞ്ഞു. ഈ മാസം അവസാനം വരെയാണ് ഓഫർ കാലാവധി