തിരുവനന്തപുരം: പണമില്ലാത്തതിനാൽ നാട്ടിൽ എത്താനാകാത്ത പ്രവാസികൾക്ക് നോർക്കയുടെ സഹായഹസ്തം. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും നാട്ടിൽ വരാൻ ആവശ്യമായ പണമില്ലാത്ത പ്രവാസികൾക്കാണ് നോർക്ക സൗജന്യ ടിക്കറ്റ് നൽകുന്നത്.

പ്രവാസികാര്യമന്ത്രി കെ സി ജോസഫ് ആണ് നോർക്കയുടെ സേവനത്തെക്കുറിച്ച് അറിയിച്ചത്. പത്തുവർഷമായിട്ടും നാട്ടിൽ വരാനാകാത്തവരെയാണ് ആദ്യഘട്ടത്തിൽ ഇത്തരത്തിൽ സഹായിക്കുക. പിന്നീട് കൂടുതൽ പേർക്ക് അവസരം നൽകാനാകുമെന്നും മന്ത്രി പറഞ്ഞു.

ഗൾഫ് മേഖലയിൽ ജയിലിൽ കഴിയേണ്ടിവന്നവർക്കായി സ്വപ്നസാഫല്യം എന്ന പദ്ധതി ഇപ്പോഴുണ്ട്. എന്നാൽ ജയിൽമോചിതരായാലും ഇവരിൽ ഏറെപ്പേർക്കും പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ഇങ്ങനെ ദുരിതം അനുഭവിക്കുന്നവർ നേരിട്ടോ ബന്ധുക്കൾ മുഖേനയോ നോർക്ക വെബ്‌സൈറ്റിൽ പേരു രജിസ്റ്റർ ചെയ്യണം. മുൻഗണനാക്രമത്തിൽ ഇവർക്കുള്ള സഹായം അധികൃതർ നൽകും. നോർക്കയുടെ വെബ്‌സൈറ്റിൽ ഇതിനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്നാണ് നോർക്ക അധികൃതർ അറിയിക്കുന്നത്.

സീസണിൽ വിമാനനിരക്ക് അമിതമായി ഉയരുന്നതിനാൽ ഒരിക്കൽ പോലും നാട്ടിലെത്താൻ കഴിയാത്ത നൂറുകണക്കിനു മലയാളികളാണ് ഗൾഫ് മേഖലയിൽ ഉള്ളത്. അവധി കിട്ടിയാലും ഇവർക്ക് നാട്ടിലെത്താൻ കഴിയാറില്ല. ഇത്തരത്തിൽ ജീവിതം മുഴുവൻ ഹോമിക്കേണ്ടി വരുന്ന പ്രവാസികൾക്ക് സഹായകരമാകും പുതിയ പദ്ധതിയെന്നാണു പ്രതീക്ഷ.