- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രെയിനിൽ നിന്ന് എത്തുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ കേരള സർക്കാർ; വ്യക്തമായ നിർദ്ദേശം ലഭിച്ചതായി വേണു രാജാമണി; ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള എയർ ഇന്ത്യ വിമാനം റൊമാനിയയിലെത്തി; 470 പേർ ഇന്ന് മടങ്ങിയെത്തും; തണുപ്പിൽ വിറങ്ങലിച്ച് വിദ്യാർത്ഥി സംഘം പോളണ്ട് അതിർത്തിയിൽ
ന്യൂഡൽഹി: യുദ്ധഭൂമിയായ യുക്രെയിനിൽ നിന്നും ഇന്ത്യയിലെത്തുന്ന മലയാളികളെ സൗജന്യമായിത്തന്നെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെയും ചീഫ് സെക്രട്ടറിയുടെയും പ്രത്യേക നിർദ്ദേശം ഇക്കാര്യത്തിൽ ലഭിച്ചതായി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി.യുക്രെയിനിൽ നിന്നുള്ള ഇന്ത്യക്കാരുമായി റുമേനിയയിൽ നിന്നും രണ്ട് വിമാനങ്ങളാണ് എത്തുക.
ഒന്ന് മുംബയിലും മറ്റൊന്ന് ഡൽഹിയിലും എത്തും. ഇതിലുള്ള മലയാളികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. ഡൽഹിയിൽ തന്നെ താമസ സൗകര്യം ഏർപ്പെടുത്താനും സൗജന്യമായി നാട്ടിലെത്തിക്കാനുമാണ് തീരുമാനം.ഇന്ന് നാലുമണിയോടെയാണ് യുക്രെയിനിൽ നിന്നുള്ള ആദ്യ സംഘം ഡൽഹിയിൽ എത്തുക. റുമേനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റ് വഴിയാണ് ഇന്ത്യയിലേക്ക് ഇവർ വരുന്നത്.
17 മലയാളികൾ അടങ്ങുന്ന 470 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയിലെത്തുകയെന്ന് വേണു രാജാമണി അറിയിച്ചു. നിലവിൽ ഇനിയെന്ത് എന്നത് പ്രവചനാതീതമാണെന്നും യുദ്ധം നിർത്തി യുക്രെയിനുമായി ചർച്ചയ്ക്ക് റഷ്യ തയ്യാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏകദേശം 16,000 ഇന്ത്യക്കാർ യുക്രെയ്‌നിൽ ഉണ്ടെന്നാണ് വിവരം. പലരും മറ്റു രാജ്യങ്ങളുടെ അതിർത്തികളിലേക്ക് പലായനം ചെയ്യുകയാണ്. അതേസമയം, ഇന്ത്യൻ അധികൃതർ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആരോപിച്ചു. ഒച്ചിഴയുന്ന വേഗത്തിലാണ് രക്ഷാദൗത്യം നടക്കുന്നതെന്നും അവർ പറഞ്ഞു.
അതേസമയം യുക്രെയ്‌നിലെ കീവിൽനിന്ന് അതിർത്തിയിലെത്തിയ വിദ്യാർത്ഥികളെ പോളണ്ടിൽ പ്രവേശിപ്പിക്കാൻ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യലവും ശക്തമായിട്ടുണ്ട്. മൈനസ് അഞ്ച് ഡിഗ്രി തണുപ്പിൽ ജാക്കറ്റ് മാത്രം ധരിച്ചാണ് അതിർത്തി കടക്കാൻ കാത്തുനിൽക്കുന്നതെന്നും സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും മലയാളികൾ അടക്കമുള്ളവർ പറയുന്നു.
'എംബസിയുടെ നിർദേശപ്രകാരമാണ് പോളണ്ട് അതിർത്തിയിലേക്കു നീങ്ങിയത്. വാഹനത്തിലും നടന്നുമായി ബോർഡറിനു രണ്ടര കിലോമീറ്റർ അകലെയാണ് ഇപ്പോഴുള്ളത്. തൊട്ടടുത്തുള്ള ഷെൽട്ടറിൽ കയറിയപ്പോൾ പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം എന്നു പറഞ്ഞ് ഇറക്കിവിട്ടു. സംഘത്തിലെ പെൺകുട്ടികളെല്ലാവരും സുരക്ഷിതരാണ്' ജിയാദ് പറഞ്ഞു.
ഒരു സുരക്ഷയുമില്ലാതെയാണ് സംഘത്തിലെ 25ലേറെ വിദ്യാർത്ഥികൾ കഴിയുന്നതെന്ന് കളമശേരി സ്വദേശിയായ അബിൻ പറയുന്നു. ബസിൽ ബോർഡറിലെത്തിയ സീനിയർ വിദ്യാർത്ഥികളും ബോർഡർ തുറക്കാത്തതിനെ തുടർന്ന് അവിടെ തുടരുകയാണ്. ഇതിനിടെ യുക്രെയ്‌നികളും വിദേശികളും തമ്മിൽ അടിപിടിയും നടക്കുന്നുണ്ട്. നിറത്തിന്റെ പേരിലുള്ള കടുത്ത വേർതിരിവുള്ളതിനാൽ ഇന്ത്യക്കാരെയും ആഫ്രിക്കക്കാരെയും ആക്രമിക്കുകയാണ്. അവർ അതിർത്തി കടന്നിട്ടു ബാക്കിയുള്ളവർ കടന്നാൽ മതിയെന്നാണ് ആവശ്യം.
അതിർത്തി കടക്കാനായി കടുത്ത തിക്കുംതിരക്കുമാണ് നേരിടുന്നത്. എങ്ങനെയെങ്കിലും അതിർത്തി കടന്നാൽ പോളണ്ടിൽനിന്നു 15 ദിവസത്തേക്കുള്ള വീസ ലഭിക്കും. അവിടെനിന്ന് ഏതെങ്കിലും വിധത്തിൽ ഇന്ത്യയിലേക്ക് എത്താമെന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥികൾ പറയുന്നു. അബിൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘം ബോർഡറിൽനിന്നു സഹായാഭ്യർഥനയുടെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ