കൊച്ചി: അറബിക്കടലിന്റെ റാണിക്ക് സൗജന്യ ഇന്റർനെറ്റ് വൈഫൈ സേവനമൊരുക്കാൻ തയ്യാറെടുക്കുകയാണ് കൊച്ചി നഗരസഭ. നഗരത്തിലെ തെരഞ്ഞെടുത്ത പത്തിടങ്ങളിൽ ിഎസ്എൻഎലുമായി ചേർന്ന് വൈഫൈ സംവിധാനം ഏർപ്പെടുത്താനാണ് നഗരസഭയുടെ പദ്ധതി.

വ്യാവസായിക തലസ്ഥാനമായ കൊച്ചിയുടെ മുഖം മിനുക്കുന്ന പദ്ധതിക്കാണ് കോർപ്പറേഷൻ തയ്യാറെടുക്കുന്നത്. ഫോർട്ട് കൊച്ചി, മറൈൻ ഡ്രൈവ്, വൈറ്റില ഹബ് തുടങ്ങി പ്രധാനപ്പെട്ട പത്തിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനം നൽകുക.

ഏപ്രിൽ ഒന്ന് മുതലാകും വൈഫൈ സൗകര്യം ലഭ്യമാക്കുന്നത്. സുരക്ഷാമാനദണ്ഡമനുസരിച്ച് മൊബൈൽ വഴി രജിസ്റ്റർ ചെയ്താൽ യൂസർ നെയിമും പാസ്‌വേഡും കിട്ടും. ആദ്യത്തെ ഒരു മാസം 15 മിനിറ്റ് സൗജന്യമായും തുടർന്ന് താരിഫ് അനുസരിച്ചുള്ള തുകയ്ക്കും ഇന്റർനെറ്റ് ഉപയോഗിക്കാം. നിലവിലുള്ള നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിലാകും ഇവിടെ വൈഫൈയിലൂടെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. പദ്ധതി വിജയമെന്ന് കണ്ടാൽ സൗജന്യ ഉപയോഗം കൂടുതൽ കാലത്തേക്ക് നീട്ടാനും ജില്ല മുഴുവൻ വൈഫൈ സംവിധാനം ഒരുക്കാനുമാണ് തീരുമാനം.